ജിംഗിൾ ബെൽ ജിംഗിൾ ബെൽ
ജിംഗിൾ ഓൾ ദി വെ..
ജിംഗിൽ ബെൽ ജിംഗിൽ ബെൽ ജിംഗിൽ ഓൾ ദി വേ.
സ്കൂൾ വിട്ടു വന്നു ബാഗും കട്ടിലിലേക്ക് എറിഞ്ഞു പാട്ടുംപാടി നേരെ കിച്ചനിലേക്ക് ഓടിച്ചെന്ന ഐസയെ കണ്ട ഗൗതം
എന്താണ് ഐസാപ്പി കരോൾ സോങ് ഒക്കെ..
നല്ല സന്തോഷത്തിൽ ആണെന്ന് തോന്നുന്നല്ലോ.. എന്ന് വിശേഷം ചോദിച്ചു.
ബാബാ, അതെന്നാന്ന് വച്ചാ ഉണ്ടല്ലോ വെള്ളിയാഴ്ച ആണ് സ്കൂളിൽ ക്രിസ്മസ് സെലിബ്രെഷൻ..
എന്നെ ആണ് മാലാഖ ആയിട്ട് തിരഞ്ഞെടുത്തേക്കുന്നെ.. ഐസ സന്തോഷത്തോടെ പറഞ്ഞു.
ആഹാ, എന്റ ഐസാപ്പി നെ അല്ലാണ്ട് വേറെ ആരെയാ അല്ലേലും മിസ് മാലാഖ ആക്കുക..
ബാബാടെ ഐസാപ്പി ചുന്ദരി അല്ലെ..
ഞാൻ മാത്രല്ല ബാബാ എന്റെ കൂട്ടാരി ഇല്ലേ ദിയ അവളേം മാലാഖ ആയിട്ട് തിരഞ്ഞെടുത്തിട്ടുണ്ട്.
ഞങ്ങള് രണ്ടാളും മാലാഖ..
വേറേം കൊറേ പിള്ളേര് ഉണ്ട്..
നല്ല രസായിരിയ്ക്കും ബാബാ..
ആഹാ,എന്നത്തേക്കാ അപ്പൊ പരിപാടി ?
ഫ്രൈഡേ ന്നാ മിസ് പറഞ്ഞേ..
ഫ്രൈഡേക്ക് ഇനി എത്ര ദിവസം ഉണ്ട് ബാബാ..?
ഐസ ചോദിച്ചു.
ഇന്നേതാ ദിവസം ?
Monday ഐസ ചാടി പറഞ്ഞു..
അപ്പൊ നാളെയോ ? വീണ്ടും ഗൗതം ചോദിച്ചു.
നാളെ ടൂസ്ഡേ
അതു കഴിഞ്ഞാലോ?? ഗൗതം ചിരിയോടെ ചോദ്യം തുടർന്നു.
വെനസ് ഡേ
അതു കഴിഞ്ഞാലോ ?
തേസ് ഡേ
അതും കഴിഞ്ഞാ ??
ഫ്രൈഡേ. ഐസ അതിനും മറുപടി പറഞ്ഞു.
അപ്പൊ എത്ര ദിവസം ഉണ്ട് ഫ്രൈഡേ ആവാൻ ? ഗൗതം ഐസയോട് തിരിച്ചു ചോദിച്ചു.
ഐസ കൈവിരലുകൾ കൊണ്ടു എണ്ണി നോക്കിയ ശേഷം 4 ദിവസം എന്നു പറഞ്ഞു.
അതേ.. അപ്പൊ ഇനി 4 ദിവസം ഉണ്ട് ഫ്രൈഡേ ആവാൻ..
അപ്പൊ ഫ്രൈഡേ ആവുമ്പോൾക്കും ബാബാ എനിക്ക് വൈറ്റ് ഡ്രെസ് വാങ്ങി തരൂലെ..
മാലാഖക്ക് ഇടാൻ വൈറ്റ് ഡ്രെസ് വേണം ന്നാ മിസ് പറഞ്ഞേ..
ഞാനും ദിയെം വൈറ്റ് ഡ്രെസും വിങ്‌സും സ്റ്റാർ ഉള്ള സ്റ്റിക്ക് ഒക്കെ ആയിട്ട് നല്ല രസായിരിയ്ക്കും അല്ലെ ബാബാ..
പിന്നെ രസായിരിക്കൂല്ലേ..
നമ്മക്ക് നല്ല വൈറ്റ് ഉടുപ്പ് ഉണ്ടല്ലോ...
ഐസാപ്പിടെ ബർത്ത് ഡേ ക്ക് എടുത്തത്..
അത് പോരെ ??
പോരാ.. അതിൽ നിറയെ ഫ്ളവേഴ്‌സ് അല്ലെ..
പ്ലെയിൻ ഡ്രെസ് വേണം ന്നാ മിസ്സ് പറഞ്ഞേക്കുന്നെ...
ആണോ...
എന്നാ അമ്മി വരുമ്പോ പറയ്..
അമ്മിയല്ലേ ഐസാപ്പിടെ costume ഡിസൈനർ.
ബാബ എന്നേലും എടുത്താ അമ്മിക്ക് നൂറു കുറ്റം ആയിരിക്കും.
ബാബാടെ കുഞ്ഞ് എന്നേലും കഴിക്ക്..
വാ...
എന്നും പറഞ്ഞു ഗൗതം ഐസക്ക് ഭക്ഷണം എടുത്തു കൊടുത്തു.
രാത്രി കിടക്കാൻ നേരത്താണ് ഐസ താരയോട് വൈറ്റ് ഡ്രെസ് വാങ്ങണമെന്ന് പറയുന്നത്.
വൈറ്റോ ബ്ലൂവോ ഗ്രീനോ എന്തു കളർ ഡ്രെസ് വേണേലും വാങ്ങാം, ഇപ്പൊ അമ്മീടെ കൊച്ചു കിടന്നു ഉറങ്ങിക്കേ.. ഇല്ലേ നാളെ എണീക്കാൻ വൈകും, സ്കൂൾ ബസ് പോകും.. പിന്നെ ബാബാ മോനെ സ്കൂളിൽ ആക്കെണ്ടി വരും ഉറങ്ങുറങ്ങ് എന്നും പറഞ്ഞു താര ഐസയെ പുതപ്പിച്ചു റൂമിലെ ലൈറ്റും അണച്ചു കിടന്നു.
പിറ്റേന്ന്,
സ്കൂൾ വിട്ടു വന്നു ഭക്ഷണവും കഴിച്ചു വന്നു ഗൗതമിന്റെ മടിയിൽ കിടക്കുകയായിരുന്നു ഐസ.
ബാബാ..
എന്നാടാ..
അല്ലേലേ എനിക്ക് സ്കൂളിൽ ഇടാൻ പുതിയ ഡ്രെസ് വേണ്ടാട്ടോ..
അതെന്നാപോലും.. ഗൗതം നെറ്റിചുളിച്ചു.
നമ്മക്ക് ബർത്ത് ഡേ ടെ ഉടുപ്പ് ഇല്ലേ... അതു മതി..
ഇന്നലെ അങ്ങനെ ഒന്നും അല്ലാലോ പറഞ്ഞേ.. അതിൽ ഫ്‌ളവർ ഉണ്ട്, പ്ലെയിൻ വേണം ന്നൊക്കെ ആലോ.. ഇപ്പൊ എന്നാ പറ്റി. ഫ്‌ളവർ ഉണ്ടേലും കുഴപ്പമില്ല ന്ന് മിസ്സ് പറഞ്ഞോ ??
ഗൗതം ചോദിച്ചു.
അതല്ല ബാബാ..
പിന്നെ ?
എന്റെ ഫ്രണ്ട് ഇല്ലേ, ദിയ...
അവൾക്ക് പപ്പ ഇല്ല.. അവര് മുത്തശ്ശന്റെ വീട്ടിലാ നിക്കുന്നെ.. അപ്പൊ അവളോട് അമ്മ പറഞ്ഞു പുതിയ ഉടുപ്പ് വാങ്ങാൻ പൈസ ഇല്ല ഉടുപ്പ് വാങ്ങണ്ട ന്ന്..
അപ്പൊ പിന്നെ ഞാനും പുതിയ ഉടുപ്പ് ഇടണില്ല.
ഐസ പറഞ്ഞവസാനിപ്പിച്ചു.
അങ്ങനെ ആണോ ?
എന്നായാലും ഐസാപ്പി അമ്മിനോട് പറഞ്ഞേരെ, ഇല്ലേൽ അമ്മി ഇനി ഉടുപ്പ് വാങ്ങിക്കൊണ്ടു വന്നാലോ..
പറയാട്ടോ, അമ്മി ജോലി കഴിഞ്ഞു വരട്ടെ എന്നും പറഞ്ഞു ഐസ കളിക്കാൻ തൊടിയിലേക്കിറങ്ങി. ഗൗതം ഷെൽഫിൽ നിന്നുമൊരു ബുക്കെടുത്തു വായിക്കാൻ ഇരുന്നു.
രാത്രി,
കിടക്കാൻ നേരമാണ് ഐസ ഡ്രെസ് വേണ്ടന്ന കാര്യം താരയോട് പറയുന്നത്..
അതെന്തേ എന്ന താരയുടെ ചോദ്യത്തിന് ഐസ കാര്യകാരണസഹിതം വിശദീകരിച്ചു.
ഐസയെ ഉറക്കിയ ശേഷം താര അവളെ അരികിലേക്ക് നീക്കി കിടത്തി ഗൗതമിന്റെ നെഞ്ചിൽ ചേർന്നു കിടന്നു.
എടാ..
ഉം..
എടാ...
കേൾക്കുന്നുണ്ട്, താൻ പറയെടോ..
ഐസയ്ക്ക് ഉടുപ്പ് വാങ്ങുന്ന കൂടെ നമുക്ക് ദിയക്കും കൂടെ ഒരു ഉടുപ്പ് വാങ്ങിയാലോ..
അവള് പുതിയ വൈറ്റ് ഡ്രെസ് എടുക്കണംന്നൊക്കെ ഒരുപാട് ആഗ്രഹിച്ചതല്ലേ..
താര ഗൗതമിനോട് ചോദിച്ചു
ഞാനും അത് അപ്പൊ ആലോചിച്ചതാടോ, പക്ഷെ ആ കുട്ടിയുടെ വീട്ടുകാര് എന്തു കരുതും ന്നൊക്കെ ആലോചിച്ചപ്പോ പിന്നെ തന്നോട് പറയാഞ്ഞതാ..
അങ്ങനെ അല്ലെടാ,
നമുക്ക് നേരിട്ടു ചെയ്യണ്ട..
നമുക്ക് ഐസ ടെ ക്ലാസ് ടീച്ചറെ വിളിച്ചു സംസാരിക്കാം.. ടീച്ചർ ആയിട്ട് വാങ്ങിക്കൊടുക്കുമ്പോ വീട്ടുകാർക്കും പ്രശ്നോന്നും ഉണ്ടാവില്ലല്ലോ..
താര തന്റെ ഐഡിയ വിശദീകരിച്ചു.
ഉം.. എന്നാ താൻ നാളെ ഐസടെ ടീച്ചറെ വിളിച്ചു സംസാരിക്ക്.. എന്നിട്ട് എന്താണ് ന്ന് വച്ചാ ചെയ്യാം.
ഇപ്പൊ കിടന്നുറങ്ങ്..
അതും പറഞ്ഞു ഗൗതം കണ്ണടച്ചു. താരയും മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു.
പിറ്റേന്ന് ക്ലാസ് കഴിഞ്ഞു വന്ന ഐസ വലിയ സന്തോഷത്തിലായിരുന്നു.
ബാബാ, ദിയക്ക് ആണ് ഇത്തവണത്തെ ബെസ്റ്റ് സ്റ്റുഡന്റ് ന്റെ അവാർഡ് ന്ന് മിസ് പറഞ്ഞു.
സമ്മാനം ഒക്കെ ഉണ്ടന്ന്.. അതും വൈറ്റ് ഡ്രെസ്...
അവൾക്ക് ഫ്രൈഡേ ഇടാൻ പുതിയ വൈറ്റ് ഡ്രെസ് ആയി.. അപ്പൊ എനിക്കും വേണം ബാബാ..
എടാ കള്ളാ,
നീയല്ലേ പറഞ്ഞേ നിനക്കു ഉടുപ്പ് വേണ്ടാന്ന്..
അങ്ങനല്ല ബാബാ.. ഇതിപ്പോ ദിയക്ക് പുതിയ ഡ്രെസ് കിട്ടൂലെ.. അപ്പൊ എനിക്കും വേണം..
ഐസ കൊഞ്ചിക്കൊണ്ടു പറഞ്ഞു..
വൈറ്റ് ഡ്രെസ് ഒക്കെ ഇട്ടാ എന്റെ ഐസാപ്പി നെ കാണാൻ മാലാഖകുഞ്ഞിനെ പോലെ ഉണ്ടാകും..
ഗൗതം അതും പറഞ്ഞു ഐസയെ വാരിയെടുത്തു.
നീയെന്നാടാ കിടന്നു പിറുപിറുക്കുന്നെ..
അമ്മയുടെ ഉച്ചത്തിലുള്ള ചോദ്യം കേട്ട് ഗൗതം ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു.
ചുറ്റും പകച്ചു നോക്കി..
ഐസയില്ല.. താരയില്ല., വീട് പോലും അതല്ല...
നീയെന്താ വല്ല സ്വപ്നവും കണ്ടോ മാലാഖാ ന്നൊ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നല്ലോ..
അമ്മ ചോദിച്ചു..
എണീറ്റുപോയി വല്ലോം കഴിക്ക്..
രാത്രി മുഴുവൻ സിനിമയും കണ്ടിരിക്കും.
എന്നിട്ട് പകൽ ഉറക്കവും..
സ്വപ്നം കണ്ടില്ലെലെ അതിശയമുള്ളൂ എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.
കണ്ടത് മുഴുവനുമൊരു സ്വപ്‌നമാണെന്ന് വിശ്വസിക്കാനാവാതെ ഗൗതം പകച്ചിരുന്നു.
There are no happy endings.
Endings are the saddest part.
-Shel Silverstein
( Every Thing on It )