Saturday, August 1, 2020

5 ഹൈക്കു കവിതകൾ


 

1. ഞാൻ

ഞാനൊരു 
ദ്വീപാണ്.,
ചിലപ്പോൾ കടൽ,
ചിലപ്പോഴൊക്കെ മരുഭൂമിയും !!

2.വിചാരങ്ങൾ

വിചാരങ്ങളെ പറ്റി
വിചാരിക്കുന്നതാണ്
ഇപ്പോളത്തെ
വിചാരങ്ങൾ !!

3.ഇക്കിളി

മാലാഖമാർ
ചുംബിക്കുമ്പോഴാണ്
മനുഷ്യന്
ഇക്കിളിയുണ്ടാകുന്നത് !!

4.ആലിംഗനം

മനസിനെ
ബാധിക്കുന്ന 
രോഗങ്ങൾക്ക് 
ഒരേയൊരു മരുന്നേയുള്ളൂ,
സ്നേഹത്തോടെയുള്ളൊരു 
ആലിംഗനം !!

5.ആത്മഹത്യ

ഏകാന്തത 
വിശന്നിരിക്കുന്ന കുട്ടിയാണ്,
ആത്മഹത്യ 
ഏറ്റവും 
രുചിയുള്ള ഭക്ഷണവും !!


Tuesday, June 9, 2020

അൻവറിന് ജന്മദിനാശംസകൾ

അൻവറേ,
ജിമ്മിൽ പോകാം ??
തടി കുറക്കണം.

ഞാനുണ്ട്.,
നാളെ ജോയിൻ ചെയ്യാം.


അൻവറേ,
ഒരു ഫിലിം സൊസൈറ്റി തുടങ്ങണം.

"ഞാനുണ്ട്" 👍
"പിള്ളേര് ആരൊക്കെയാ ഉള്ളേന്ന് നോക്കട്ടെ"


അൻവറേ, 
ഒരു സിനിമ ചെയ്യണം..

"ഞാനുണ്ട്" 👍
നായകനാക്കണ്ട, അജു വർഗീസിന്റെ പോലത്തെ റോള് തന്നാ മതി. 

അൻവറേ,
എന്തേലും കൃഷിപ്പരിപാടി തുടങ്ങാം..

"ഞാനുണ്ട്" 👍
"പിള്ളേര് ആരൊക്കെയാ ഉള്ളേന്ന് നോക്കട്ടെ..!!


അൻവറേ.,
മരിക്കാൻ തോന്നുന്നു.. :(

"ഞാനുണ്ട്..👍
വേറെ ആരാ ഉള്ളേന്ന്....🙄🙄
എന്താന്ന്.. ???😲😲😲
ഒന്നു പോയെടാവേ വള്ളീ....😖😖😖
തന്നെ പോയി ചത്താ മതി, എനിക്ക് വേറെ പണിയുണ്ട്....👺👺👺


എന്തിനും ഞാനുണ്ടെന്ന് പറയുന്ന ഒരു കൂട്ടുകാരനുണ്ടാവുന്നത് ഭാഗ്യമാണ്.
അൻവറ് അങ്ങനൊരു കൂട്ടുകാരനാണ്.

പറയാതെ തന്നെ പ്രശ്നങ്ങൾ മനസിലാക്കുന്ന,
തന്നാൽ കഴിയുന്ന എന്തും ചെയ്യാൻ യാതൊരു മടിയും കൂടാതെ കൂടെ നിൽക്കുന്ന,
ഞാൻ രക്ഷപെടുമെന്നു എന്നെക്കാളും വിശ്വസിക്കുന്ന,
എന്റെ കൂട്ടുകാരിലൊരാൾ..!!

അൻവറിനെ  പോലുള്ളൊരു കൂട്ടുകാരൻ എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം കുറേക്കൂടി മനോഹരമാകുമായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.

അൻവറിന്,
എന്റെ അജു വർഗീസിന്
ഒരായിരം ജന്മദിനാശംസകൾ..

Thursday, May 28, 2020

വസന്തം പൂക്കുന്നതും കാത്ത് !!

ഹോസ്പിറ്റലിൽ നിക്കെയാണ് സച്ചുവിന്റെ ഫോൺ ബെല്ലടിച്ചത്.

പരിചയമില്ലാത്ത നമ്പര് കണ്ടു ആരാണെന്നു ചിന്തിച്ചു കൊണ്ടാണ് ഫോൺ എടുത്തത്‌.

സച്ചൂ, താരയാണ്.
നീയെവിടെയാ ??

ഞാൻ ഹോസ്പിറ്റലിൽ ഉണ്ട്, ഗൗതമിന്റെ കൂടെ...

എന്തായി ? അവനു ബോധം വന്നോ ??

ഇല്ല മയക്കത്തിൽ ആണ്.

കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ ??

ഇല്ല....

അവനു സംസാരിക്കാൻ പറ്റുന്ന പരുവത്തിൽ ആവുമ്പോ എന്നെ വിളിക്കണം. എനിക്ക് അവനോടൊന്നു സംസാരിക്കണം.
അവന്റെ ഫോൺ അവിടെ ഉണ്ടല്ലോ അല്ലെ ??

ഫോൺ കൊണ്ടുവന്നിട്ടില്ല. ഞാൻ ആരെയെങ്കിലും വിട്ട് എടുപ്പിച്ചോളാ..

Ok...


അതും പറഞ്ഞു താര ഫോൺ വച്ചു.

പിറ്റേന്ന്

ആശുപത്രിയിൽ സച്ചു ഭക്ഷണം വാങ്ങാൻ പുറത്തുപോയ സമയത്താണ് ഫോൺ ബെല്ലടിച്ചത്.
ഇതാരാണ് ഇവിടെ കൊണ്ടുവന്നു വച്ചത് എന്നു വിചാരിച്ചു ചെന്നു ഫോൺ എടുത്തു. ഡിസ്പ്ലേയിൽ താര calling.


ഹലോ..

ചത്തില്ലല്ലേ...??
ദേഷ്യത്തോടെ താരയുടെ ചോദ്യം

ഇല്ല... അടുത്ത വട്ടം ഉറപ്പായും...
ഗൗതം ചമ്മലോടെ പറഞ്ഞു.


ഞാൻ നിന്നെ രണ്ടു പറയണമെന്ന് കരുതിയാ വിളിച്ചത്. പക്ഷെ  നിന്റെ ശബ്ദം കേട്ടപ്പോ പറയാനുള്ളതൊക്കെ മറന്ന് പോയപോലെ...

പണ്ടും അങ്ങനെയായിരുന്നല്ലോ..

പണ്ടത്തെ കഥ  കേൾക്കാൻ പറ്റിയ മൂഡിൽ അല്ല ഞാൻ..
നിനക്കെന്തിന്റെ കേടാടാ...
മനുഷ്യനെ തീ തീറ്റിക്കാൻ ആയിട്ട്...
ഞാനെത്ര സങ്കടപെട്ടൂന്ന് അറിയോ...
അതെങ്ങനാ, നിനക്ക് മറ്റുള്ളോരുടെ സങ്കടം കാണാൻ ഉള്ള കണ്ണില്ലല്ലോ..

താരാ.. ഞാൻ...


എന്തിനായിരുന്നു ഇങ്ങനെ ??
എന്താപ്പോ ഇങ്ങനൊക്കെ തോന്നാൻ മാത്രം ??


രാത്രി
പുറത്ത് മഴ പെയ്യുന്ന പോലെ തോന്നും,
പുറത്തിറങ്ങി നോക്കിയാൽ
ഒരേ ഇരുട്ട് !!
ഇത്രേം പ്രായമായിട്ടും ഒന്നും ആവാൻ പറ്റാത്തതിന്,
ആഗ്രഹിച്ച ജീവിതം കിട്ടാത്തതിന്,
ഒറ്റപ്പെടലിന്
ഒക്കെ ഒരു അവസാനം ആക്കിയേക്കാമെന്നു വച്ചു.
ഗൗതം സങ്കടത്തോടെ പറഞ്ഞു നിർത്തി.

ശെരിക്കും നിന്റെ പ്രശ്നമെന്താണ് ന്ന് അറിയോ,
നിനക്ക് ജീവിതത്തിൽ ഒരു ലക്ഷ്യബോധം ഇല്ല.
നീ പറയാറുള്ള നിന്റെ സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള സമയം ഇതാണ്.
പരിശ്രമിച്ചാൽ കിട്ടാത്ത കാര്യങ്ങൾ ഒന്നുമല്ലല്ലോ..,
അതൊക്കെ ചെയ്തുതീർത്തിട്ടു നീ ഒളിച്ചോടുവൊ മരിക്കുവോ എന്നാന്ന് വച്ചാ ചെയ്തോ..
ഇതിപ്പോ ഇന്നലെയെങ്ങാനും നീ മരിച്ചുപോയിരുന്നെങ്കി പത്രത്തിലൊക്കെ ഒറ്റക്കോളം വാർത്ത,
യുവാവ് ആത്മഹത്യ ചെയ്തു.
തീർന്നു.
അതേ സമയം നീ പറഞ്ഞിട്ടുള്ള നിന്റെ സ്വപ്നങ്ങൾ ഒക്കെ പൂർത്തിയാക്കിയിട്ടാണ് മരിക്കുന്നതെങ്കിലോ,
ഫ്രണ്ട് പേജിൽ വാർത്ത വരൂല്ലേടോ അതും ഫുൾപേജ് വാർത്ത
"ഗൗതം യുഗത്തിന് അന്ത്യം" ന്നൊക്കെ കലക്കൻ തലക്കെട്ടും ഒക്കെയായിട്ട്..
താര ചിരിയോടെ പറഞ്ഞു.

ഉം.. ഉം..
ഗൗതം മൂളിക്കേട്ടുകൊണ്ടിരുന്നു.

എനിക്ക് കുറെ ആൾക്കാരോട് പറയണം
അവന്റെ കോളേജിലെ ക്രഷ് ഞാനായിരുന്നൂന്ന്..

കോളേജ് കഴിഞ്ഞു 6 വർഷങ്ങൾക്ക് ശേഷം
അന്ന് ആ ടൗണില് വച്ചു അപ്രതീക്ഷിതമായി തമ്മിൽ കണ്ടപ്പോ ഞാൻ നിന്റെ കണ്ണിൽ കണ്ടൊരു എക്സൈറ്റ്മെന്റ് ഉണ്ട്,
പണ്ട് കോളേജിൽ വച്ച് ഡെസ്കിൽ കൈ കുത്തി നിന്ന് എന്നെ പ്രെപ്പോസ് ചെയ്ത ആ പഴയ പതിനെട്ടുകാരന്റെ കണ്ണിൽ കണ്ട അതേ എക്സൈറ്റ്മെന്റ് !
അതെനിക്കിനീം കാണണം,
അതിന് നീ ജീവനോടെ ഉണ്ടാവണം.

നീ ഭയങ്കര മോട്ടിവേഷൻ പ്രസംഗം ആണല്ലോ..
ഒന്നാഞ്ഞു പിടിച്ചാൽ എവിടേലും മോട്ടിവേഷൻ സ്പീക്കർ ആയി കേറാൻ പറ്റും.
നല്ല കാശാ..
ഇത്തിരി വെള്ളം കുടിച്ചിട്ട് ബാക്കി പറ..
ഗൗതം താരയെ കളിയാക്കിപ്പറഞ്ഞു.

ഒന്നു പോടാ ചെറുക്കാ...


നീയോർക്കുന്നുണ്ടോ താരാ നമ്മടെ മലയാളം ക്ലാസ്സ്.
സതീശൻ മാഷ് കൊച്ചുതൊമ്മൻ കവിത പഠിപ്പിക്കുമ്പോ നിന്റെ മുഖത്ത് നോക്കി..

വാസ്തവമുണ്ടോ ക്ലാസ്സിൽ-
ക്കൂട്ടുകാർ ചൊല്ലുന്നതി-
ലിത്തിരി- -യവൾക്കുണ്ടോ
കൊച്ചുതൊമ്മനിൽ പ്രേമം ?

എന്നു ചൊല്ലും.

നീ ഇല്ലായെന്നയർത്ഥത്തിൽ ചുമല് കൂച്ചും.
അതു കണ്ട് മാഷ് എന്നെ നോക്കും.
ഞാൻ സൈക്കിളീന്ന് വീണ ചിരി ചിരിക്കും.
അതുകണ്ട് മാഷും പിള്ളേരും പൊട്ടിച്ചിരിക്കും.

അതും പറഞ്ഞു ഗൗതം ആ വരികൾ ഒരിക്കൽ കൂടെ ചൊല്ലി.

വാസ്തവമുണ്ടോ ക്ലാസ്സിൽ-
ക്കൂട്ടുകാർ ചൊല്ലുന്നതി-
ലിത്തിരി- -യവൾക്കുണ്ടോ
കൊച്ചുതൊമ്മനിൽ പ്രേമം ?


ഇത്തിരിയല്ല ഒത്തിരിയുണ്ട്.
ഞാൻ നിന്നെ സ്നേഹം കൊണ്ടു തൊടുന്നുണ്ട്,
അങ്ങനെ നിന്നെ അറിയിക്കാൻ എനിക്ക്
കഴിയുന്നില്ലെങ്കിലും ഞാൻ സ്നേഹിക്കുന്നുണ്ട്.

താര ശബ്ദമിടറി പറഞ്ഞു നിർത്തി.

ഹാ അത് വിട്.
വേറെയെന്തൊക്കെയുണ്ട് വിശേഷങ്ങൾ ??
ഗൗതം വിഷയം മാറ്റാനായി ചോദിച്ചു.

കഴിഞ്ഞ ആഴ്ച പറഞ്ഞതിൽ കൂടുതൽ ഒന്നുമില്ല.
താര ഗൗരവത്തിലായി.

ആട്ടെ, നീയിപ്പോ എവിടാ ??

ഞാൻ വീട്ടിൽ..,
ആനന്ദ് ഓഫീസിൽ പോയി.
മക്കൾ സ്കൂളിലേക്കും.

ആനന്ദിനറിയുവോ നീയെന്നെ വിളിക്കുന്ന കാര്യം ??

അറിയാമായിരിക്കണം.
എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല.
ആദ്യമൊക്കെ നിന്നെ വിളിച്ചു കഴിയുമ്പോ എനിക്ക് ഭയങ്കര കുറ്റബോധമായിരുന്നു, ഞാനീ ചെയ്യുന്നത് തെറ്റല്ലേ, ഞാൻ ആനന്ദിനെ വഞ്ചിക്കുകയല്ലേ എന്നൊക്കെയോർത്ത്..

പിന്നെ ആലോചിച്ചപ്പോ
ഒരു ഭാര്യ എന്ന നിലയിൽ ഞാൻ എന്റെ കടമകളും ഉത്തരവാദിത്തങ്ങളും എല്ലാം ഭംഗിയായി ചെയ്യുന്നുണ്ട്.
ഇതെന്റെയൊരു സ്വകാര്യ സന്തോഷമാണ്‌.
ഇതിൽ തെറ്റായൊന്നും കാണാൻ ഇല്ലതാനും..
പിന്നെന്താ എന്നു ചിന്തിച്ചു.
അപ്പൊ ആ കുറ്റബോധം അങ്ങട് പോയിക്കിട്ടി.
താര ചിരിച്ചു കൊണ്ടുപറഞ്ഞു.

നീ ആനന്ദിന്റെ ഭാഗ്യമാണ് താരാ...

ഭാഗ്യവും ഭാഗ്യക്കേടുമൊക്കെ നമുക്ക് പിന്നീടൊരിക്കൽ സംസാരിക്കാം.. ഇപ്പൊ മോൻ റെസ്റ്റ് എടുക്ക്.
ഇനീം മരിക്കാൻ തോന്നുമ്പോ നീ എന്നെ വിളിച്ചോ..
ആ ചിന്ത ഞാൻ മാറ്റി തന്നോളാ..

അപ്പൊ എന്നും വിളിക്കേണ്ടി വരും.
ഗൗതം കുസൃതിചിരിയോടെ പറഞ്ഞു.

അങ്ങനെയാണേൽ നീ ആത്മഹത്യ ചെയ്യേണ്ടി വരില്ല.
ആനന്ദ് നിന്നെ കൊന്നോളും..
താരയും വിട്ടു കൊടുത്തില്ല.

അതുകേട്ട് ഗൗതം പൊട്ടിച്ചിരിച്ചു.

ആ ചിരി കേട്ടുകൊണ്ട് താരാ പതിയെ ഫോൺ കട്ട് ചെയ്തു.

Wednesday, May 20, 2020

ഏകാന്തതയുടെ ഭൂമികയിൽ

രാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉറക്കമുണരുന്നത്. നോക്കുമ്പോ അടുത്ത് ആനന്ദ് ഇല്ല. പ്രഭാതസവാരിക്ക് പോയതായിരിക്കണം.

ഫോണിൽ

ആനി calling

ഇവളെന്താ ഈ രാവിലെ തന്നെ എന്നു വിചാരിച്ചാണ് ഫോൺ എടുത്തത്.


എന്താടീ  അന്നാമ്മോ ഈ വെളുപ്പാംകാലത്ത് ??

താരാ...

എന്താടീ.., എനിക്ക് കേൾക്കാം.. ന്താ കാര്യം...

താരാ...

പറയെടീ...

ഗൗതം....

ഗൗതം.. അവനെന്ത് പറ്റി ??

ഗൗതം, അവനൊരു ബുദ്ധിമോശം കാണിച്ചു.

ന്ത്.. ??

സൂയിസൈഡ് അറ്റംപ്റ്റ്.

എങ്ങനെ ?? എപ്പോ ??

താര പകപ്പോടെ ചോദിച്ചു.

ഇന്ന് അവന്റെ ബർത്ത് ഡേ അല്ലായിരുന്നോ..
ഇന്നലെ രാത്രി അതിന്റെ പാർട്ടി ഉണ്ടായിരുന്നു അവിടെ.

പാർട്ടി ന്ന് വച്ചാ വല്യ പരിപാടി ഒന്നും ഇല്ല.

ഗൗതമും സച്ചുവും പിന്നെ അവന്റെ ചാവേർ പിള്ളേർസെറ്റിലെ മൂന്നാല് പേരും.
എല്ലാരും സാമാന്യം നന്നായി മദ്യപിച്ചിരുന്നു.
രാവിലെ സച്ചുവാണ് ആദ്യം എണീറ്റത്.
അവൻ നോക്കുമ്പോ ഗൗതം വായീന്ന് നുരയും പതയുമൊക്കെ വന്ന്..

പറയുന്നതിനിടെ ഒരു വലിയ കരച്ചിൽ ആനിയുടെ തൊണ്ടയിൽ തടഞ്ഞു.


എന്നിട്ട് ??

സച്ചു അവനേം എടുത്തു ആസ്പത്രിയിലോട്ടു പോയിട്ടുണ്ട്.
പോണ വഴി എന്നെ വിളിച്ചു പറഞ്ഞു.
അറിഞ്ഞപ്പോ നിന്നോട് പറയാതിരിക്കാൻ കഴിഞ്ഞില്ല.
അതാ വിളിച്ചത്..

ഉം...
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ടു താരയൊന്നു മൂളുക മാത്രം ചെയ്തു.

നിന്നെയവൻ ഈയിടെയെങ്ങാനും വിളിച്ചിരുന്നോ ??
ആനി ചോദിച്ചു.

ഉം... ഞാനത് പറയാം.. നീ ഹോസ്പിറ്റലിൽ നിന്നും എന്തേലും വിവരമറിഞ്ഞാൽ എന്നെ വിളിക്ക്" എന്നും പറഞ്ഞു താര ഫോൺ cut ചെയ്തു.

പെട്ടെന്ന് തോന്നിയത് ആനന്ദിനെ വിളിക്കാനാണ്.

ആനന്ദിനോട് അത്യാവശ്യമായി വീട് വരെ പോകുകയാണ്, മക്കളെ സ്കൂളിൽ ആക്കണം എന്നു പറഞ്ഞേൽപ്പിച്ചു കാറുമെടുത്തു താര പുറത്തേക്കിറങ്ങി.

ഡ്രൈവ് ചെയ്യുന്നതിനിടെ അന്ന് ഗൗതം വിളിച്ചത് ഓർമയിലേക്കെത്തി.

കിച്ചനിൽ നിൽക്കെയാണ് ഫോണടിച്ചത്.

ഗൗതം.

വല്ലപ്പോഴും അവനെ അങ്ങോട്ട് വിളിക്കാറുണ്ടെന്നല്ലാതെ ഇതുവരെയും അവൻ എന്നെ വിളിച്ചിട്ടില്ല.അതിന്റെ പേരിൽ പലപ്പോഴും അവനോട് പിണങ്ങിയിട്ടുമുണ്ട്.

ആ എക്സൈറ്റ്മെന്റോട് കൂടിയാണ് ഫോൺ എടുത്തത്.

ഹലോ എന്ന എന്റെ ശബ്ദത്തിന്

"ലോകത്തിലെ ഏറ്റവും സുന്ദരിയായ രണ്ടാമത്തെ സ്ത്രീക്ക് മുപ്പത്തിമൂന്നാം ജന്മദിനാശംസകൾ"
എന്നായിരുന്നു ഫോണിലൂടെ കേട്ടത്.

താങ്ക്സ്..,
ഏറ്റവും സുന്ദരിയായ രണ്ടാമത്തെ സ്ത്രീയോ, അപ്പൊ ആരാണ് ഒന്നാമത്തെ ആൾ ??

താര ലേശം കുശുമ്പോടെ ചോദിച്ചു.


ഞാൻ നിന്നെ കല്യാണം കഴിക്കുമെന്നും അതിൽ നമുക്കൊരു മോളുണ്ടാകുമെന്നും ഞാൻ സ്വപ്നം കണ്ടിരുന്നു.  അങ്ങനെ വരുമ്പോ  നമ്മുടെ മോളാകുമായിരുന്നു ലോകത്തിലെ ഏറ്റവും വല്യ സുന്ദരി.

നീ എന്റെ മോളുടെ പിറകിലേ വരൂ..

ഗൗതം അതും പറഞ്ഞു പൊട്ടിച്ചിരിച്ചു.

നല്ല ഫോമിൽ ആണല്ലോ, നീ കഴിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്

ഒരെണ്ണം., എങ്ങാനും നിന്നെ വിളിക്കുമ്പോ നിന്റെ കേട്ട്യോൻ ആണ് ഫോൺ എടുക്കുന്നതെങ്കിൽ എന്തേലുമൊക്കെ പറഞ്ഞു പിടിച്ചു നിക്കാനുള്ള ധൈര്യത്തിന് ഒരേ ഒരെണ്ണം...
അതും പറഞ്ഞ് ഗൗതം പിന്നെയും ചിരിച്ചു.

പിന്നെ.. എന്തൊക്കെയുണ്ട്‌??

ഒരു മിനിറ്റേ..
ഞാനീ പാട്ടൊന്നു സെറ്റ് ചെയ്യട്ടെ..

അങ്ങേത്തലക്കൽ നിന്നും ഗൗതം റെക്കോർഡർ സെറ്റ് ചെയ്യുന്നതിന്റെ കോലാഹലത്തോടൊപ്പം റെക്കോർഡറിൽ പാട്ട് പ്ലെ ചെയ്തു തുടങ്ങി. ഇൻസ്ട്രുമെന്റൽ മ്യൂസിക് നു ശേഷം വന്ന പാട്ടിൽ ഗൗതമും കൂടെപാടി തുടങ്ങി

രാജ രാജ ചോഴൻ നാൻ.. 
 എന്നെ ആളും കാതൽ ദേശം നീ താൻ... 
 പൂവേ കാതൽ തീവേ..


നല്ല സന്തോഷത്തിലാണല്ലോ??

പിന്നേ.., സന്തോഷിക്കണ്ടേ.. നിനക്ക് വയസ്സായി നീ കിളവിയാവുന്നത് ഓർക്കുമ്പോ തന്നെ എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു. ഗൗതം ചിരിയോടെ പറഞ്ഞു.


പിന്നേ.., പറയുന്ന ആള് ഇള്ളപുള്ള ആണല്ലോ.
നിനക്കും അടുത്താഴ്ച 33 വയസ് തന്നെ അല്ലെ ആകുന്നത്. അല്ലാതെ 20 ഒന്നും അല്ലല്ലോ...
 താര ഗൗതമിനെ കളിയാക്കി പറഞ്ഞു.


അതേ...
33 വയസ്
യേശുദേവനെ കുരിശിലേറ്റിയ,
അങ്ങേര് സ്വർഗാരോഹണം നടത്തിയ പ്രായം.
സിദ്ധാർത്ഥ രാജകുമാരന് ഗൗതമബുദ്ധനാവാൻ വെളിപാട് കിട്ടിയ പ്രായം.
ഈ ഗൗതമന്റെയും സ്വർഗാരോഹണത്തിന് ഇനി വെറും ഒരാഴ്ച മാത്രം...

ഗൗതം അതും പറഞ്ഞു പൊട്ടിപൊട്ടിച്ചിരിച്ചു.

നീ വയറു നിറയെ കുടിച്ചിട്ടുണ്ടന്നു തോന്നുന്നല്ലോ.,
ഒറ്റ പെഗിൽ ഇത്രേം ത്വാതികം ഒന്നും വരില്ല.

താര നീരസത്തോടെ പറഞ്ഞു.

അതിരിക്കട്ടെ,
ജീവിതം എങ്ങനെ പോകുന്നു ??

നീയില്ലാത്ത ജീവിതത്തിൽ എനിക്ക് പരാതിയൊന്നുമില്ല.. പക്ഷേ നീയില്ലാതെ അത് ജീവിതമാകില്ല.

ഇത് കള്ള് മാത്രമല്ല, കഞ്ചാവ് കൂടി ഉണ്ടെന്ന് തോന്നുന്നു.
താര കളിയാക്കി.


ഞാനിന്നലെ നിന്നെ സ്വപ്നം കണ്ടു !

ന്താ കണ്ടത് ??
താര ആകാംക്ഷയോടെ ചോദിച്ചു.

കോളേജിലെന്തോ ആഘോഷം നടക്കുവാണ്.
ഓണത്തിന്റെ ആണെന്ന് തോന്നുന്നു.
നീ സാരിയൊക്കെ ഉടുത്ത് സുന്ദരിയായിട്ടാണ്.
നീ ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു. ഞാനിങ്ങനെ അന്തിച്ചു നിന്നു.

എന്നിട്ട് ??

എന്നിട്ടൊന്നും ഓർമയില്ല. നീ ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരി മാത്രം ഇങ്ങനെ തെളിഞ്ഞു നിക്കുന്നുണ്ട്.

നീ പോയേ പോയേ..
നിനക്ക് വട്ടാണ്.


അതേ...
ഇങ്ങനെ ചില വട്ടുകളാണ് എന്നെ ജീവിക്കാൻ പ്രചോദിപ്പിക്കുന്നത്..


നീ പോയേ., എനിക്ക് ഇവിടെ നൂറുകൂട്ടം പണിയുണ്ട്.
നിന്റെ വട്ടിനൊപ്പം കൂടാൻ തീരെ സമയം ഇല്ല.
ഞാൻ വക്കട്ടെ... താര തിരക്കഭിനയിച്ചു പറഞ്ഞു.

വെക്കണം ന്ന് നിർബന്ധം ആണോ?
ഗൗതം ചോദിച്ചു.

ആണ്. എനിക്കൊത്തിരി പണിയുണ്ട്.

ഒരു കാര്യം പറയാൻ മറന്നു.

എന്താ ??

ശ്ശോ, മറന്നു.

നീ പറ്റിക്കണതാണോടാ ചെറുക്കാ ??

അല്ലാന്ന്...

ന്നാ പറയ്...

മറന്നു. ഇനി ഓർക്കുമ്പോ പറയാം.

എന്നാ നീ ഓർക്കുമ്പോ വിളിക്ക്. എനിക്ക് ഒരുപാട് പണിയുണ്ട്.


ഹാ... ന്നാ പോ...
പിന്നേയ്,
താരാ..
മരണത്തിനപ്പുറം ഒരു ജീവിതമുണ്ടെങ്കിൽ,
ഞാനേറ്റവും മിസ് ചെയ്യാൻ പോകുന്നത്
നിന്നെയായിരിക്കും


നീയേ പോയി മോരുംവെള്ളം കുടിക്ക്, കെട്ടിറങ്ങട്ടെയെന്നും പറഞ്ഞു ചിരിയോടെ താര ഫോൺ വച്ചു.


ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് താര ഓർമയിൽ നിന്നും ഉണരുന്നത്.

ഡ്രൈവ് ചെയ്തു എവിടെയോ എത്തിയിരിക്കുന്നു.

നോക്കുമ്പോ ആനിയാണ്.

ആകാംക്ഷയോടെ ഫോൺ എടുത്തു.

ആനീ, ഹോസ്പിറ്റലിലെ വിവരം വല്ലതും ??

ഉം...

ന്താ ??

ഗൗതം...


ഗൗതം ????

Thursday, May 7, 2020

എന്റെ സന്തോഷങ്ങളുടെ താക്കോൽ

'ജൽത്തെ ഹേ ജിസ്‌കെ ലിയേ തേരി ആങ്കോ കെ ലിയേ"

റെക്കോർഡറിൽ മുഹമ്മദ് റാഫി പാടിക്കൊണ്ടിരിക്കെയാണ് ഫോൺ ബെല്ലടിച്ചത്.

സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും സന്തോഷം ഇരച്ചുകയറി.

"താര"

കോളേജ് കാലത്ത് എന്നെ പ്രേമിച്ചു പ്രേമിച്ചു പ്രണയത്തിന്റെ കൊടുമുടിയിൽ കയറ്റി ആനന്ദ് എന്ന ബിസിനസുകാരനെ വിവാഹം ചെയ്തു എന്നെ വിരഹത്തിന്റെ ഗർത്തത്തിലേക്ക് തള്ളിയിട്ടു  കടന്നു കളഞ്ഞവൾ.
താര പ്രകാശിൽ നിന്നും താര ആനന്ദ് എന്ന പേരിലേക്ക് വിവാഹത്തോടെ മാറിയവൾ.


അന്നും ഇന്നും അവളുടെ പേര് താര എന്നു തന്നെയാണ് സേവ് ചെയ്തു വച്ചിരിക്കുന്നത്. പിന്നാലെയുള്ള പേരുകളിൽ എന്തിരിക്കുന്നു.

റാഫി സാബിനോടൊപ്പം മൂളിക്കൊണ്ടു ഫോൺ എടുത്തു.

"ജൽത്തെ ഹേ ജിസ്‌കെ ലിയേ തേരി...

ഫോണിന്റെ അപ്പുറത്ത് നിന്നും ചെറുചിരിയോടെ "ഇന്ന് നല്ല മൂഡിലാണെന്ന് തോന്നുന്നല്ലോ എന്താ കാര്യം" എന്ന താരയുടെ ചോദ്യം.


"പ്രത്യേകിച്ചൊന്നുമില്ല, തന്റെ കോൾ കണ്ടപ്പോ പെട്ടെന്നൊരു സന്തോഷം അത്രേയുള്ളൂ" എന്ന മറുപടി അവളെ സന്തോഷിപ്പിച്ചുവെന്നു തോന്നുന്നു.

അവൾ പൊട്ടിച്ചിരിച്ചുകൊണ്ടു "നിന്റെ വട്ടിനൊരു കുറവുമില്ലല്ലേ" എന്നു കളിയാക്കി.

നിന്റടുത്തു മാത്രമേയുള്ളൂ എന്ന കൗണ്ടറിന് ചിരി തന്നെ മറുപടി.

പറ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ ??

എന്നത്തേയും പോലെ സുഖമാണ് സന്തോഷമായിരിക്കുന്നു,
മോനിന്ന് വെക്കേഷൻ കഴിഞ്ഞു മടങ്ങിപോകുന്നു, ആനന്ദും മോളും അവനെ കൊണ്ടാക്കാൻ പോയി.
എന്നോടും ചെല്ലാൻ പറഞ്ഞതാ.., എനിക്കവൻ പോകുന്നത് കണ്ടാ സഹിക്കില്ല, കരച്ചില് വരും, അതുകൊണ്ട് നല്ല സുഖമില്ലെന്നും പറഞ്ഞു അവരെ പറഞ്ഞയച്ചു.
വെറുതേയിരുന്നപ്പോ പെട്ടെന്ന് നിന്നെയോർത്തു. അതാ വിളിച്ചത്.

"അപ്പൊ വെറുതെയിരിക്കുമ്പോളൊക്കെ എന്റെ ഓർമയാണല്ലേ"
 എന്ന ചോദ്യത്തിന്
 "അല്ലടാ.., എല്ലായിപ്പോഴും നിന്റെ ഓർമ തന്നെയാണ്. എന്താ സന്തോഷമായോ"" എന്നു കൗണ്ടർ.

"വയസ് നാല്പത്തി എട്ടായിട്ടും സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോടാ" എന്നവൾ.
"നിന്റടുത്തു മാത്രേ ഉള്ളൂ" എന്ന് ഞാനും

പറയ്, എന്തൊക്കെയാ നിന്റെ വാർത്തകൾ?

സുഖമായിരിക്കുന്നു..
കഴിഞ്ഞാഴ്ച്ച മോളുണ്ടായിരുന്നു കൂടെ..
അവള് മിനിഞ്ഞാന്ന് പോയി.
പറയുമ്പോ JNU വിലെ ഡിഗ്രി സ്റ്റുഡന്റ് ആണ്.
വല്യ ആക്ടിവിസ്റ്റ് ആണ്.
എന്നാലും ഇവിടെ എന്റടുത്തു വരുമ്പോ പൂച്ചക്കുട്ടി ആവും.
എന്റെ പിന്നാലെ കുറുകി കുറുകി നടക്കും
പോകാൻ നേരം ഭയങ്കര കരച്ചിലായിരുന്നു.

അപ്പായ്ക്ക് എന്നെ ഇഷ്ടല്ല.
ഇഷ്ടാണേ അപ്പാ ഡൽഹിയിൽ എന്റടുത്തു വന്നു നിക്കൂല്ലാരുന്നോ..
അപ്പായ്ക്ക് ഇവിടെ നിക്കണം,
അപ്പാടെ ആ പഴേ ലവർനോടുള്ള ഇഷ്ടം എന്നോടില്ല. എന്നൊക്കെ പറഞ്ഞു ഭയങ്കര ബഹളം കെട്ടിപ്പിടിച്ചു കരച്ചിൽ..
അവസാനം ഒരു വിധം ഉന്തിതള്ളി എയർപോർട്ടിൽ കൊണ്ടാക്കി.


"അപ്പായും മോളും ഇപ്പോളും എന്റെ കാര്യം പറഞ്ഞു വഴക്കിടാറുണ്ടോ" ??

താരയുടെ ചോദ്യം


വഴക്കൊന്നും അല്ലടോ, അവൾക്ക് തന്നെ ഭയങ്കര ഇഷ്ടാണ്..
അവളുടെ അപ്പാടെ സ്നേഹം മൊത്തം അവൾക്ക് കിട്ടാത്തതിന്റെ ദേഷ്യം ഇങ്ങനെയൊക്കെയല്ലേ കാണിക്കാൻ പറ്റൂ,
പിന്നെ എന്റടുത്തൂന്ന് പോകുന്നതിന്റെ സങ്കടോം...

ഉം...
താര നീട്ടിയൊന്ന് മൂളി.

പിന്നെ??
പുതിയ പുസ്തകം??,  സിനിമ ??
എന്തേലും ഉടനെ ഉണ്ടാകുമോ?? പുസ്തകം ഒരെണ്ണം വരുന്നുണ്ടെന്ന് പത്രത്തിൽ കണ്ടു ?

"ഇല്ലടോ, അതാ പുസ്തകക്കമ്പനിക്കാരുടെ നിർബന്ധത്തിനു വഴങ്ങി കൊടുത്തതാ.." ഒരു വരി പോലും എഴുതിയിട്ടില്ല. വൈകാതെ എഴുതിതുടങ്ങണം.
12 കൊല്ലമായി ആ ബുക്ക് എഴുതിയിട്ട്..
25 എഡിഷൻ കഴിഞ്ഞു
അത്യാവശ്യം പൈസ അതീന്ന് കിട്ടുന്നുണ്ട്...

ചെയ്ത 4 സിനിമകളും ഇന്നും ആളുകൾ ആസ്വദിച്ചു കാണുന്നുണ്ട്.
അതൊക്കെത്തന്നെയല്ലേ സന്തോഷം..

എന്നാലും എങ്ങനെയാടാ ഇങ്ങനെ ഒറ്റക്ക്...
ഇതിപ്പോ എത്ര വർഷമായി...

താരയുടെ ശബ്ദത്തിൽ സങ്കടം.

ശീലമായെടോ..
പിന്നെ എന്റെ സന്തോഷങ്ങളുടെ താക്കോൽ നിങ്ങള് കുറച്ചാളുകളുടെ കയ്യിലല്ലേ.
താൻ, ന്റെ മോള്, പിന്നെ കുറച്ചു കൂട്ടുകാര്...
പുസ്‌തകം വായിച്ചും സിനിമ കണ്ടും എന്നെ തേടി വരുന്ന കുറച്ചു ആളുകൾ..
ഈ ജീവിതം ഇങ്ങനെയൊക്കെയങ്ങു പോകും.

"നീ ഇപ്പൊ ഒരുപാട് മാറിയിട്ടുണ്ട്.
ശബ്ദത്തിലൊരു സന്തോഷമൊക്കെ ഫീൽ ചെയ്യുന്നുണ്ട്.
എന്നും ഇങ്ങനെയൊക്കെ കണ്ടാൽ മതി."

താരാ,
നീയോർക്കുന്നുണ്ടോ ഞാൻ ആത്മഹത്യാശ്രെമം പരാജയപെട്ടു ആശുപത്രിയിൽ കിടക്കുമ്പോ നീയെന്നെ വിളിച്ചത്.
അന്ന് നീ പറഞ്ഞു

"നീ എന്തിനാ ഇങ്ങനെ മണ്ടത്തരം ചെയ്തത്?
നീ എങ്ങനെ വേണേലും ജീവിക്ക്.
നീ എവിടെയോ ജീവിച്ചിരിക്കുന്നു എന്നതാണ്‌ എന്റെയും സന്തോഷം
 എന്നൊക്കെ പറഞ്ഞു നീ വല്ലാത്ത മോട്ടിവേഷൻ ക്ലാസ്.
അന്ന് നീ ഫോൺ വച്ചു കഴിഞ്ഞപ്പോ എനിക്കും തോന്നി,
മരിക്കാറായിട്ടില്ല..
ജീവിക്കണം എന്നൊക്കെ...
അതിന്റെ ബാക്കി പത്രമാണ് ഇപ്പോളത്തെ ഈ ജീവിതവും പുസ്തകവും സിനിമകളുമൊക്കെ..
താങ്ക്സ് താരാ...

ബോറാക്കതെടാ ചെറുക്കാ...
താരയുടെ ശബ്ദത്തിന് നാണം കലർന്ന കപടഗൗരവം.

ഈ നാൽപ്പത്തിയെട്ടാം വയസിലും എന്നെ ചെറുക്കാ ന്നു വിളിക്കുന്ന ഒരേ ഒരാള് നീയാണ്. അതും അന്ന് കോളേജിൽ പഠിക്കുമ്പോ വിളിക്കുന്ന അതേ ഫീലോടെ..

മതീ മതീ..
നിന്നോട് ഇനീം സംസാരിച്ചാൽ നീ പഴേ കോളേജ് കഥകൾ മൊത്തം എടുത്തിടും.
ഓവറാക്കി ചളമാക്കും.
ഞാൻ വക്കട്ടെ.
ആനന്ദിനെ വിളിക്കണം.
ഷോപ്പിൽ പോണം. ആനന്ദില്ലെങ്കിൽ ജോലിക്കാർ ഉടായിപ്പ് കാണിക്കും.
ഞാനേ പഴേ ഞാനല്ല ഇരുപതും ഇരുപത്തിമൂന്നും വയസുള്ള 2 പിള്ളേരുടെ അമ്മയാണ്..
അപ്പൊ വയ്ക്കട്ടെ...


ഇടക്ക് വല്ലപ്പോഴും വിളിക്കൂ...

ആലോചിക്കാം...

ജാഡക്ക് ഒരു കുറവുമില്ലല്ലോടെ എന്ന എന്റെ ചോദ്യത്തിന് ഒരു  പൊട്ടിച്ചിരി മറുപടിയായി തന്ന് താര ഫോൺ വച്ചു.


ഞാൻ  മൊബൈൽ സ്ക്രീനിലേക്കും നോക്കി എന്തോ ഓർത്തുകൊണ്ടിരുന്നു.


അപ്പോളും പിന്നണിയിൽ റാഫി സാബ് പാടിക്കൊണ്ടിരുന്നു.

ജൽത്തെ ഹേ ജിസ്‌ക്കേ ലിയേ,
തേരി ആങ്കോ കെ ലിയേ.......