Thursday, May 28, 2020

വസന്തം പൂക്കുന്നതും കാത്ത് !!

ഹോസ്പിറ്റലിൽ നിക്കെയാണ് സച്ചുവിന്റെ ഫോൺ ബെല്ലടിച്ചത്.

പരിചയമില്ലാത്ത നമ്പര് കണ്ടു ആരാണെന്നു ചിന്തിച്ചു കൊണ്ടാണ് ഫോൺ എടുത്തത്‌.

സച്ചൂ, താരയാണ്.
നീയെവിടെയാ ??

ഞാൻ ഹോസ്പിറ്റലിൽ ഉണ്ട്, ഗൗതമിന്റെ കൂടെ...

എന്തായി ? അവനു ബോധം വന്നോ ??

ഇല്ല മയക്കത്തിൽ ആണ്.

കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ ??

ഇല്ല....

അവനു സംസാരിക്കാൻ പറ്റുന്ന പരുവത്തിൽ ആവുമ്പോ എന്നെ വിളിക്കണം. എനിക്ക് അവനോടൊന്നു സംസാരിക്കണം.
അവന്റെ ഫോൺ അവിടെ ഉണ്ടല്ലോ അല്ലെ ??

ഫോൺ കൊണ്ടുവന്നിട്ടില്ല. ഞാൻ ആരെയെങ്കിലും വിട്ട് എടുപ്പിച്ചോളാ..

Ok...


അതും പറഞ്ഞു താര ഫോൺ വച്ചു.

പിറ്റേന്ന്

ആശുപത്രിയിൽ സച്ചു ഭക്ഷണം വാങ്ങാൻ പുറത്തുപോയ സമയത്താണ് ഫോൺ ബെല്ലടിച്ചത്.
ഇതാരാണ് ഇവിടെ കൊണ്ടുവന്നു വച്ചത് എന്നു വിചാരിച്ചു ചെന്നു ഫോൺ എടുത്തു. ഡിസ്പ്ലേയിൽ താര calling.


ഹലോ..

ചത്തില്ലല്ലേ...??
ദേഷ്യത്തോടെ താരയുടെ ചോദ്യം

ഇല്ല... അടുത്ത വട്ടം ഉറപ്പായും...
ഗൗതം ചമ്മലോടെ പറഞ്ഞു.


ഞാൻ നിന്നെ രണ്ടു പറയണമെന്ന് കരുതിയാ വിളിച്ചത്. പക്ഷെ  നിന്റെ ശബ്ദം കേട്ടപ്പോ പറയാനുള്ളതൊക്കെ മറന്ന് പോയപോലെ...

പണ്ടും അങ്ങനെയായിരുന്നല്ലോ..

പണ്ടത്തെ കഥ  കേൾക്കാൻ പറ്റിയ മൂഡിൽ അല്ല ഞാൻ..
നിനക്കെന്തിന്റെ കേടാടാ...
മനുഷ്യനെ തീ തീറ്റിക്കാൻ ആയിട്ട്...
ഞാനെത്ര സങ്കടപെട്ടൂന്ന് അറിയോ...
അതെങ്ങനാ, നിനക്ക് മറ്റുള്ളോരുടെ സങ്കടം കാണാൻ ഉള്ള കണ്ണില്ലല്ലോ..

താരാ.. ഞാൻ...


എന്തിനായിരുന്നു ഇങ്ങനെ ??
എന്താപ്പോ ഇങ്ങനൊക്കെ തോന്നാൻ മാത്രം ??


രാത്രി
പുറത്ത് മഴ പെയ്യുന്ന പോലെ തോന്നും,
പുറത്തിറങ്ങി നോക്കിയാൽ
ഒരേ ഇരുട്ട് !!
ഇത്രേം പ്രായമായിട്ടും ഒന്നും ആവാൻ പറ്റാത്തതിന്,
ആഗ്രഹിച്ച ജീവിതം കിട്ടാത്തതിന്,
ഒറ്റപ്പെടലിന്
ഒക്കെ ഒരു അവസാനം ആക്കിയേക്കാമെന്നു വച്ചു.
ഗൗതം സങ്കടത്തോടെ പറഞ്ഞു നിർത്തി.

ശെരിക്കും നിന്റെ പ്രശ്നമെന്താണ് ന്ന് അറിയോ,
നിനക്ക് ജീവിതത്തിൽ ഒരു ലക്ഷ്യബോധം ഇല്ല.
നീ പറയാറുള്ള നിന്റെ സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള സമയം ഇതാണ്.
പരിശ്രമിച്ചാൽ കിട്ടാത്ത കാര്യങ്ങൾ ഒന്നുമല്ലല്ലോ..,
അതൊക്കെ ചെയ്തുതീർത്തിട്ടു നീ ഒളിച്ചോടുവൊ മരിക്കുവോ എന്നാന്ന് വച്ചാ ചെയ്തോ..
ഇതിപ്പോ ഇന്നലെയെങ്ങാനും നീ മരിച്ചുപോയിരുന്നെങ്കി പത്രത്തിലൊക്കെ ഒറ്റക്കോളം വാർത്ത,
യുവാവ് ആത്മഹത്യ ചെയ്തു.
തീർന്നു.
അതേ സമയം നീ പറഞ്ഞിട്ടുള്ള നിന്റെ സ്വപ്നങ്ങൾ ഒക്കെ പൂർത്തിയാക്കിയിട്ടാണ് മരിക്കുന്നതെങ്കിലോ,
ഫ്രണ്ട് പേജിൽ വാർത്ത വരൂല്ലേടോ അതും ഫുൾപേജ് വാർത്ത
"ഗൗതം യുഗത്തിന് അന്ത്യം" ന്നൊക്കെ കലക്കൻ തലക്കെട്ടും ഒക്കെയായിട്ട്..
താര ചിരിയോടെ പറഞ്ഞു.

ഉം.. ഉം..
ഗൗതം മൂളിക്കേട്ടുകൊണ്ടിരുന്നു.

എനിക്ക് കുറെ ആൾക്കാരോട് പറയണം
അവന്റെ കോളേജിലെ ക്രഷ് ഞാനായിരുന്നൂന്ന്..

കോളേജ് കഴിഞ്ഞു 6 വർഷങ്ങൾക്ക് ശേഷം
അന്ന് ആ ടൗണില് വച്ചു അപ്രതീക്ഷിതമായി തമ്മിൽ കണ്ടപ്പോ ഞാൻ നിന്റെ കണ്ണിൽ കണ്ടൊരു എക്സൈറ്റ്മെന്റ് ഉണ്ട്,
പണ്ട് കോളേജിൽ വച്ച് ഡെസ്കിൽ കൈ കുത്തി നിന്ന് എന്നെ പ്രെപ്പോസ് ചെയ്ത ആ പഴയ പതിനെട്ടുകാരന്റെ കണ്ണിൽ കണ്ട അതേ എക്സൈറ്റ്മെന്റ് !
അതെനിക്കിനീം കാണണം,
അതിന് നീ ജീവനോടെ ഉണ്ടാവണം.

നീ ഭയങ്കര മോട്ടിവേഷൻ പ്രസംഗം ആണല്ലോ..
ഒന്നാഞ്ഞു പിടിച്ചാൽ എവിടേലും മോട്ടിവേഷൻ സ്പീക്കർ ആയി കേറാൻ പറ്റും.
നല്ല കാശാ..
ഇത്തിരി വെള്ളം കുടിച്ചിട്ട് ബാക്കി പറ..
ഗൗതം താരയെ കളിയാക്കിപ്പറഞ്ഞു.

ഒന്നു പോടാ ചെറുക്കാ...


നീയോർക്കുന്നുണ്ടോ താരാ നമ്മടെ മലയാളം ക്ലാസ്സ്.
സതീശൻ മാഷ് കൊച്ചുതൊമ്മൻ കവിത പഠിപ്പിക്കുമ്പോ നിന്റെ മുഖത്ത് നോക്കി..

വാസ്തവമുണ്ടോ ക്ലാസ്സിൽ-
ക്കൂട്ടുകാർ ചൊല്ലുന്നതി-
ലിത്തിരി- -യവൾക്കുണ്ടോ
കൊച്ചുതൊമ്മനിൽ പ്രേമം ?

എന്നു ചൊല്ലും.

നീ ഇല്ലായെന്നയർത്ഥത്തിൽ ചുമല് കൂച്ചും.
അതു കണ്ട് മാഷ് എന്നെ നോക്കും.
ഞാൻ സൈക്കിളീന്ന് വീണ ചിരി ചിരിക്കും.
അതുകണ്ട് മാഷും പിള്ളേരും പൊട്ടിച്ചിരിക്കും.

അതും പറഞ്ഞു ഗൗതം ആ വരികൾ ഒരിക്കൽ കൂടെ ചൊല്ലി.

വാസ്തവമുണ്ടോ ക്ലാസ്സിൽ-
ക്കൂട്ടുകാർ ചൊല്ലുന്നതി-
ലിത്തിരി- -യവൾക്കുണ്ടോ
കൊച്ചുതൊമ്മനിൽ പ്രേമം ?


ഇത്തിരിയല്ല ഒത്തിരിയുണ്ട്.
ഞാൻ നിന്നെ സ്നേഹം കൊണ്ടു തൊടുന്നുണ്ട്,
അങ്ങനെ നിന്നെ അറിയിക്കാൻ എനിക്ക്
കഴിയുന്നില്ലെങ്കിലും ഞാൻ സ്നേഹിക്കുന്നുണ്ട്.

താര ശബ്ദമിടറി പറഞ്ഞു നിർത്തി.

ഹാ അത് വിട്.
വേറെയെന്തൊക്കെയുണ്ട് വിശേഷങ്ങൾ ??
ഗൗതം വിഷയം മാറ്റാനായി ചോദിച്ചു.

കഴിഞ്ഞ ആഴ്ച പറഞ്ഞതിൽ കൂടുതൽ ഒന്നുമില്ല.
താര ഗൗരവത്തിലായി.

ആട്ടെ, നീയിപ്പോ എവിടാ ??

ഞാൻ വീട്ടിൽ..,
ആനന്ദ് ഓഫീസിൽ പോയി.
മക്കൾ സ്കൂളിലേക്കും.

ആനന്ദിനറിയുവോ നീയെന്നെ വിളിക്കുന്ന കാര്യം ??

അറിയാമായിരിക്കണം.
എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല.
ആദ്യമൊക്കെ നിന്നെ വിളിച്ചു കഴിയുമ്പോ എനിക്ക് ഭയങ്കര കുറ്റബോധമായിരുന്നു, ഞാനീ ചെയ്യുന്നത് തെറ്റല്ലേ, ഞാൻ ആനന്ദിനെ വഞ്ചിക്കുകയല്ലേ എന്നൊക്കെയോർത്ത്..

പിന്നെ ആലോചിച്ചപ്പോ
ഒരു ഭാര്യ എന്ന നിലയിൽ ഞാൻ എന്റെ കടമകളും ഉത്തരവാദിത്തങ്ങളും എല്ലാം ഭംഗിയായി ചെയ്യുന്നുണ്ട്.
ഇതെന്റെയൊരു സ്വകാര്യ സന്തോഷമാണ്‌.
ഇതിൽ തെറ്റായൊന്നും കാണാൻ ഇല്ലതാനും..
പിന്നെന്താ എന്നു ചിന്തിച്ചു.
അപ്പൊ ആ കുറ്റബോധം അങ്ങട് പോയിക്കിട്ടി.
താര ചിരിച്ചു കൊണ്ടുപറഞ്ഞു.

നീ ആനന്ദിന്റെ ഭാഗ്യമാണ് താരാ...

ഭാഗ്യവും ഭാഗ്യക്കേടുമൊക്കെ നമുക്ക് പിന്നീടൊരിക്കൽ സംസാരിക്കാം.. ഇപ്പൊ മോൻ റെസ്റ്റ് എടുക്ക്.
ഇനീം മരിക്കാൻ തോന്നുമ്പോ നീ എന്നെ വിളിച്ചോ..
ആ ചിന്ത ഞാൻ മാറ്റി തന്നോളാ..

അപ്പൊ എന്നും വിളിക്കേണ്ടി വരും.
ഗൗതം കുസൃതിചിരിയോടെ പറഞ്ഞു.

അങ്ങനെയാണേൽ നീ ആത്മഹത്യ ചെയ്യേണ്ടി വരില്ല.
ആനന്ദ് നിന്നെ കൊന്നോളും..
താരയും വിട്ടു കൊടുത്തില്ല.

അതുകേട്ട് ഗൗതം പൊട്ടിച്ചിരിച്ചു.

ആ ചിരി കേട്ടുകൊണ്ട് താരാ പതിയെ ഫോൺ കട്ട് ചെയ്തു.

No comments:

Post a Comment

അഭിപ്രായം രേഖപ്പെടുത്തുക