Thursday, June 15, 2023

നൂറ്റൊന്ന് (101)

 


സന്ധ്യാസമയം.
കുട്ടികളെക്കൊണ്ട് സ്കൂളിലെ ഹോം വർക്ക് ചെയ്യിപ്പിക്കുന്നതിനിടെ ആണ് താരയുടെ ഫോണടിച്ചത്. നോക്കുമ്പോ ആനിയാണ്.
കോളേജ് കാലം തൊട്ടെ കൂടെയുള്ള, അന്നും ഇന്നും  ബെസ്റ്റ്ഫ്രണ്ട് എന്നു പറയാൻ ഉള്ള ഒരേ ഒരാൾ.

എന്താണ് ആനിമ്മാ ഒന്നുമല്ലാത്ത ഒരു നേരത്ത് ?
താര ചോദിച്ചു.

ഒന്നുമില്ല, നിന്നോട് ചുമ്മാ സംസാരിക്കണം ന്ന് തോന്നി. അതിനിപ്പോ നേരോം കാലോം നോക്കണോ ? ആനി ചിരിയോടെ ചോദിച്ചു.
ഞാൻ ചുമ്മാ ചോദിച്ചതാ, പറയ് എന്താ നിന്റെ വിശേഷങ്ങൾ ?
താര കുശലം ചോദിച്ചു.

എന്ത് വിശേഷങ്ങൾ സുഖമായി പോകുന്നു.
പഴയപോലെ ഭർത്താവിന്റെ കർന്നോന്മാരുടെ താളത്തിനൊത്ത് തുള്ളാൻ നിക്കുന്നില്ല സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നുണ്ട്.. അതും ഇവിടെ അവരുടെ കൂടെ അതിനൊരു സുഖമുണ്ട്.

ആഹാ., പെണ്ണ് നല്ല ബോൾഡ് ആയല്ലോ., അല്ലേലും പണ്ടും നിനക്ക് ബോൾഡ്നെസ് നു കുറവൊന്നും ഇല്ലായിരുന്നല്ലോ.. താര പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.

ബോൾഡ് ആയതോ ആവുന്നതോ അല്ല. ഞാൻ വെറുതെ പിറകോട്ട് നോക്കി ചിന്തിച്ചപ്പോ വർഷങ്ങൾ ആണ് താരേ  സന്തോഷത്തോടെ എന്ന് കരുതി ഞാൻ ഏതോ വീടിനു വേണ്ടി, കുറേ ആൾക്കാർക്ക് വേണ്ടി ജീവിച്ചു തീർത്തത്. അത് എന്റെ സന്തോഷം അല്ലായിരുന്നു എന്നും വേറെ ആരുടെയൊക്കെയോ സൗകര്യം ആയിരുന്നു എന്നും ഞാൻ തിരിച്ചറിയാൻ പത്തു പന്ത്രണ്ടു കൊല്ലം എടുത്തു. എനിക്കിനീം വയ്യ മറ്റുള്ളോർക്ക് വേണ്ടി അവരുടെ സൗകര്യത്തിനു വേണ്ടി ജീവിക്കാൻ.. സോ സാഹചര്യം എന്നെ ബോൾഡ് ആക്കി. അതുകൊണ്ടെന്താ സന്തോഷത്തോടെ ജീവിക്കാൻ പറ്റുന്നുണ്ട്.
അത് വിട്, നിന്റെ വിശേഷങ്ങൾ പറയ്.
എങ്ങനെ പോകുന്നു ജീവിതം ?
ആനന്ദിന്റെ ബിസിനസ് ?
നീയിപ്പളും ആ അടുക്കളയാണ് നിന്റെ ലോകം ന്നും കരുതി ജീവിക്കുവാണോ ?
ആനി ചോദിച്ചു.

പിന്നെ എനിക്ക് എന്നാ വേറെ ലോകം.
ഈ വീട് അടുക്കള, പിള്ളേര് എന്റെ ലോകം ഇതൊക്കെത്തന്നെ അല്ലെ..
20 ആയപ്പോളേക്കും പിടിച്ചു കെട്ടിച്ചു വിട്ടില്ലെ..
ആനന്ദ് ആണ് എനിക്ക് ജീവിതത്തിൽ സുഖങ്ങളും സന്തോഷങ്ങളും തന്നത്. അപ്പൊ പിന്നെ ഞാൻ ഇങ്ങനെ അല്ലാതെ എങ്ങനെ ആവനാണ്.
താര പറഞ്ഞു നിർത്തി.

അത് ഒരു ഭർത്താവിന്റെ കടമ അല്ലെ പുള്ളി ചെയ്യുന്നത്. നീയല്ല, വേറേത് പെണ്ണായാലും പുള്ളിക്കാരൻ ഇതുതന്നെ ചെയ്യും. വിവാഹാനന്തരം ശെരീരത്തിൽ ആധിപത്യം സ്ഥാപിച്ചയാളോടുള്ള വിധേയത്വം സ്നേഹമായി തെറ്റിദ്ധരിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. യഥാർത്ഥ പ്രണയമെന്താണെന്നു അറിയാതെ ജീവിതമിങ്ങനെ ജീവിച്ചു തീർക്കുന്ന നമ്മുടെയൊക്കെ ജീവിതം ഓർത്ത് എനിക്ക് ദുഃഖമുണ്ട്. ആനി പറഞ്ഞു.

നീ വല്യ വല്യ കാര്യങ്ങൾ പറയാനാ ഇപ്പൊ വിളിച്ചത്? താര കുസൃതിയോടെ ചോദിച്ചു.

അല്ല, എനിക്ക് ചുമ്മാ നിന്നെ കാണണം ന്നൊക്കെ തോന്നുന്നു. സമയം ഉണ്ടാക്കി നീ ഇങ്ങോട് വാ.. ഒരു നേരത്തെ ഭക്ഷണവും കഴിച്ചു വൈകിട്ട് ആവുമ്പോളേക്കും നിനക്ക് പോവാലോ, പുതിയ വീട് വച്ചിട്ടു വിളിച്ചിട്ട് നീയിതുവരെ വന്നിട്ടുമില്ലല്ലോ.. എന്ന ആനിയുടെ പറച്ചിലിന് മറുപടിയായി ഞാനിവിടെ പിള്ളേരെ പഠിപ്പിക്കുവാണ്. സമയം പോലെ ഞാൻ നിന്നെ തിരിച്ചു വിളിക്കാം, വരാനും നോക്കാം എന്നും പറഞ്ഞു താര ഫോൺ വച്ചു.



വെറുതെ എന്തൊക്കെയോ ആലോചിച്ചിരുന്നപ്പോ തോന്നിയത് ഗൗതമിനെ വിളിക്കാൻ ആണ്. ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു ചെവിയോട് ചേർത്തു.

ജാനം ദേഖ് ലോ മിറ്റ് ഗയി ദൂരിയാൻ...
മെയിൻ യഹാൻ ഹൂൻ,
യഹാൻ ഹൂൻ, യഹാൻ ഹൂൻ, യഹാൻ..
ഡയലർ tune തീരാറായപ്പോഴേക്കും ഫോൺ എടുത്തു ഗൗതം പതിഞ്ഞ ശബ്ദത്തിൽ ഹലോ എന്നു പറഞ്ഞത് താര കേട്ടു.

നിന്റെ ശബ്ദത്തിനിതുവരെ ഒരു പൗരുഷം വന്നിട്ടില്ലലോ പത്തുമുപ്പത്തഞ്ചു വയസായല്ലോ..
താര കളിയാക്കിക്കൊണ്ടു ചോദിച്ചു.

താനെന്റെ ശബ്ദത്തിന്റെ പൗരുഷം അളക്കാൻ വിളിച്ചതാണോ ? എന്ന ഗൗതമിന്റെ ചോദ്യത്തിന് ചൂടാവാതെടാ എന്നും പറഞ്ഞു താര സംസാരിച്ചു തുടങ്ങി.

എടാ ആനി വിളിച്ചിരുന്നു.
ഒരു ദിവസം അവളുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു വിളിച്ചു. നീ വരുമോ എന്റെ കൂടെ ? നമുക്കൊരുമിച്ചു പോയി വരാം. താര ചോദിച്ചു.

അയ്യോ ഞാൻ പാവം., ശബ്ദത്തിനു പോലും പൗരുഷം ഇല്ലാത്തവൻ, പൗരുഷം ഉള്ള ആളൊരുത്തൻ കൂടെ ഉണ്ടല്ലോ അങ്ങേരേം കൂട്ടി പോയാ മതി. ഗൗതം പുശ്ചിച്ചു.

ഇവിടെ ആനന്ദിനോട് പറഞ്ഞാൽ നൂറു നൂറു ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. ഇനി അഥവാ കൂടെ വന്നാൽ അഞ്ചോ പത്തോ മിനിറ്റ് കൊണ്ട് തിരിച്ചു പോരേണ്ടി വരും. നീ വാന്നെ, നമുക്ക് പോയി വരാം താര ചുമ്മാ നിർബന്ധം പിടിച്ചു.

തന്നെ ഓരോ സ്ഥലത്തു കൊണ്ടോവാനും തിരിച്ചാക്കാനും ഒക്കെ ആയിട്ടാണ് വീട്ടുകാർ ഒരാളെ പിടിച്ചു കല്യാണം കഴിപ്പിച്ചു തന്നത്. അങ്ങനെ അങ്ങു ജീവിക്ക് പോ..
ഗൗതം പറഞ്ഞു.

ഞാൻ നിന്നോട് വീട്ടിൽ വന്നു ആലോചിക്ക്, വീട്ടുകാർ ചൂണ്ടിക്കാണിക്കുന്ന ആരെയും എനിക്കും ഓക്കേ ആണെന്ന് പറഞ്ഞിരുന്നതല്ലേ ?
താര ചിരിയോടെ ചോദിച്ചു.

എന്നോട് പറഞ്ഞിട്ടില്ല, അങ്ങനെ പറയാൻ തനിക്ക് വേറെയും ആളുകൾ ഉണ്ടായിരുന്നല്ലോ ഗൗതം പുശ്ചത്തോടെ പറഞ്ഞു.

അപ്പൊ നിന്നോട് എന്താണ് പറഞ്ഞത് ? ഒരേ പ്രായം ആയതുകൊണ്ട് ഒരു ചാൻസും ഇല്ല, നടക്കില്ല എന്നാണോ ?
താര വീണ്ടും ചോദിച്ചു.

എനിക്ക് ഓർമയില്ല. കാലം എത്രയായി..
ഗൗതം താൽപര്യമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞു.

എനിക്ക് നല്ല ഓർമ ഉണ്ട്.
ഞാൻ ഓർമപ്പെടുത്തണോ
താര കുസൃതിച്ചിരിയോടെ ചോദിച്ചു.

മഹാഭാരതത്തിലെ ഭീമസേനൻ ആയിരുന്നു ദ്രൗപദിയെ ഏറ്റവും കൂടുതൽ സ്നേഹിച്ചത്.
പഞ്ചാലിക്ക് വേണ്ടി കഴിയുന്നതും അതിലുമപ്പുറവും ഭീമൻ ചെയ്തിട്ടുണ്ട്.
പക്ഷേ പഞ്ചാലിക്ക് എപ്പോളും അർജ്ജുനനോടായിരുന്നു ഇഷ്ടം.
ഭീമൻ എപ്പോളും രണ്ടാമനായിരുന്നു.
അതെപോലെയാണ് താരാ ഞാനും.
നിന്റെ കഥയിൽ ഞാൻ ഉണ്ടോന്ന് പോലും എനിക്ക് തീർച്ചയില്ല.
ഭീമന് രണ്ടാമനാവാനെങ്കിലും പറ്റിയിട്ടുണ്ട്.
എനിക്കോ.. ? നിന്റെ കഥയിൽ , നിന്റെ പ്രയോരിറ്റി ലിസ്റ്റിൽ എനിക്ക് എത്രയാണ് സ്ഥാനം ? അതോ അങ്ങനൊരു ലിസ്റ്റീൽ ഞാനില്ലേ ?? ഗൗതം ചോദിച്ചു.

നൂറ്റൊന്ന്..
നീ നൂറ്റൊന്നാമതാണ്..
താര ഒട്ടും ആലോചിക്കാൻ സമയമെടുക്കാതെ പറഞ്ഞുക്കളഞ്ഞു.

സന്തോഷമായോ ??
താര ചോദിച്ചു.

പിന്നില്ലേ, ഞാൻ ആയിരാമത് എന്നൊക്കെ ആണ് പ്രതീക്ഷിച്ചത്. ഇതിപ്പോ നൂറ്റൊന്ന് ന്ന് പറഞ്ഞാ സന്തോഷം അല്ലെ തോന്നുക.
ഗൗതം പറഞ്ഞു.

അപ്പൊ നമ്മൾ എപ്പളാ ആനിയുടെ അടുത്തു പോവുന്നെ ?
എങ്ങനാ പ്ലാൻ ??
താര വിഷയം മാറ്റാൻ എന്നോണം ചോദിച്ചു.

നൂറ്റൊന്നിൽ നിന്നും ആദ്യ ഇരുപതിൽ എങ്കിലും എത്തട്ടെ, എന്നിട്ടാലോചിക്കാം.
അല്ലേൽ താൻ തന്റെ ലിസ്റ്റിലെ ആദ്യത്തെ നൂറ് ആളുകളോടും ചോദിക്ക്.
ആരും കൊണ്ടോയില്ലേൽ അപ്പൊ ആലോചിക്കാം...
ഗൗതം പറഞ്ഞു.

ഇപ്പൊ നിന്നോട് എന്തു ചോദിച്ചാലും തർക്കുത്തരമേ വരൂ.. എനിക്ക് നിന്നോട് വഴക്ക് കൂടി നിക്കാൻ സമയവും ഇല്ല. പിള്ളേരെ പഠിപ്പിച്ചു തീർക്കാൻ ഉണ്ട്.
ഞാൻ നാളെ പകൽ വിളിക്കാം. അപ്പോളേക്കും സാറ് പോകാൻ ഉള്ള പരിപാടികൾ പ്ലാൻ ചെയ്യ്.
താര സംഭാഷണം അവസാനിപ്പിക്കാൻ ഒരുങ്ങി.
എന്നാ അങ്ങനാവട്ടെ, ബൈ..
ഗൗതം ഫോൺ വച്ചു.

കുറച്ചു നേരം  ഫോണിലേക്കും നോക്കിയിരുന്ന ശേഷം താര ചെറുചിരിയോടെ കുട്ടികളുടെ അടുത്തേക്ക് ചെന്നിരുന്നു അവരുടെ പഠനത്തിൽ സഹായിക്കാൻ തുടങ്ങി.

No comments:

Post a Comment

അഭിപ്രായം രേഖപ്പെടുത്തുക