കട്ടിലിന്റെ തലയ്ക്കൽ വെച്ചിരുന്ന ഫോൺ പതിയെ വിറച്ചപ്പോൾ സമയം പുലർച്ചെ നാലരയായിരുന്നു.
ഉറക്കത്തിന്റെ നേർത്ത നൂലുകൾക്കിടയിലൂടെ കൈനീട്ടി ഫോണെടുത്തു നോക്കി. ഏതൊക്കെയോ ഷോപ്പിംഗ് ആപ്പുകളുടെ ഓഫർ നോട്ടിഫിക്കേഷനുകൾ. സ്ക്രീനിന്റെ മുകളിലെ തീയതിയിലേക്ക് കണ്ണ് ഉടക്കിനിന്നു. ഒക്ടോബർ മുപ്പത്തിയൊന്ന്. ഒരു മാസം കൂടി തീരുകയാണ്. കലണ്ടറിലെ ഒരു താൾ കൂടി അടർന്നു വീഴാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം.
ജനലഴികളിലൂടെ തുലാവർഷം പെയ്തൊഴിഞ്ഞതിന്റെ ബാക്കിയായ തണുത്ത കാറ്റ് ഉള്ളിലേക്ക് കയറിവരുന്നുണ്ടായിരുന്നു. പുതപ്പ് നെഞ്ചുവരെ വലിച്ചിട്ട് ഞാൻ വെറുതെ മേൽക്കൂരയിലേക്ക് നോക്കിക്കിടന്നു.
കഴിഞ്ഞ മൂന്നു ദിവസത്തെ കോൾ ലോഗിൽ സ്വിഗ്ഗി ഡെലിവറിയുടെ മൂന്നാല് കോളുകളും, നാട്ടിൽ നിന്ന് അമ്മയുടെ പതിവുചോദ്യം — “സുഖമല്ലേ മോനേ?” — മാത്രമുണ്ടായിരുന്നു. വാട്സാപ്പിൽ പല ഗ്രൂപ്പുകളിലും ആരും ശ്രദ്ധിക്കാതെ കിടക്കുന്ന ഫോർവേഡ് മെസ്സേജുകൾ. ആർക്കും എന്നോട് ഒന്നും ചോദിക്കാനില്ല, എനിക്കും ആരോടും ഒന്നും പറയാനില്ല.
പണ്ട് ഒക്ടോബർ തുടങ്ങുമ്പോൾ ഇങ്ങനെയായിരുന്നില്ല. ദിവസങ്ങൾക്ക് വല്ലാത്തൊരു ഉന്മേഷവും ധൃതിയുമുണ്ടായിരുന്നു.
ഒക്ടോബർ ഇരുപത്തിമൂന്ന് താരയുടെ പിറന്നാളാണ്. മാസം പിറക്കുമ്പോൾത്തന്നെ ഉള്ളിലൊരു പരക്കംപാച്ചിൽ തുടങ്ങും. അവൾക്കായി എന്തു സമ്മാനമാണ് കരുതിവെക്കേണ്ടത്, ഏത് പുസ്തകമാണ് കൊടുക്കേണ്ടത് ? എറണാകുളത്തെ പഴയ പുസ്തകക്കടകളിൽ കയറിയിറങ്ങി എത്രയോ പുസ്തകങ്ങൾ നോക്കണം, വലിയ ബോർഡർ ഉള്ള ഒറ്റ കളറിൽ ഉള്ള സാരി, അങ്ങനെയങ്ങനെ ഒരുപാട് അങ്കലാപ്പുകൾ. ഒരു സമ്മാനം കൈമാറുമ്പോൾ അവളുടെ കണ്ണുകളിൽ വിരിയുന്ന ആ ചെറിയ തിളക്കം കാണാൻ വേണ്ടിയായിരുന്നു ആ ഓട്ടമൊക്കെയും.
ഇരുപത്തിരണ്ടാം തീയതി അർദ്ധരാത്രി പന്ത്രണ്ട് മണിയടിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കുമ്പോൾ വാച്ചിലേക്ക് നോക്കി ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന ഒരു ആൺകുട്ടിയുണ്ടായിരുന്നു പണ്ട്. ആദ്യത്തെ വിഷ് സ്വന്തം പേരിലാകണമെന്ന വാശി. അങ്ങേത്തലയ്ക്കൽ കോൾ കണക്റ്റായി “ഹാപ്പി ബർത്ത് ഡേ താരാ...” എന്ന് പറയുമ്പോൾ, അവൾ ചിരിച്ചുകൊണ്ട് ചോദിക്കാറുണ്ട്, “ഇത്തവണയും നീയാണല്ലോടാ ആദ്യം, നിനക്ക് ഉറക്കമൊന്നുമില്ലേ?” എന്ന്.
ഇക്കഴിഞ്ഞ ഇരുപത്തിമൂന്നിനും കലണ്ടറിൽ ആ തീയതി വന്നുപോയി. രാത്രി പന്ത്രണ്ടു മണിക്ക് ഫോൺ എടുത്ത് നോക്കി, പക്ഷേ അവൾക്ക് ഒരു മെസ്സേജ് പോലും അയച്ചില്ല. താര ഇപ്പോൾ ആനന്ദിന്റെ കൂടെ അവളുടെ സ്വന്തം ജീവിതത്തിന്റെ തിരക്കുകളിലാണ്. അവിടെ അവൾക്ക് സർപ്രൈസുകൾ നൽകാൻ ആളുകളുണ്ടാകും. എന്റെ ഓർമ്മകൾ ഒന്നുമില്ലാതെ കടന്നുപോയ ഒരു സാധാരണ ഇരുപത്തിമൂന്നാം തീയതി.
പക്ഷേ, താരയേക്കാൾ കൂടുതൽ ഈ ഒക്ടോബറിൽ എന്നെ പൊള്ളിച്ചത് അമ്മുവിന്റെ ഓർമ്മകളാണ്.
കഴിഞ്ഞുപോയ പല തിക്താനുഭവങ്ങൾക്കിടയിലും, അമ്മു എന്റെ കൂടെയുണ്ടായിരുന്ന ആ രണ്ടു വർഷങ്ങളിൽ ഒക്ടോബർ എന്നാൽ അവളുടെ സ്കൂളിലെ ആർട്ട്സ് ഫെസ്റ്റിവലിന്റെ മാസമായിരുന്നു.
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൾക്ക് ആദ്യമായി പ്രസംഗമത്സരത്തിന് പേര് കൊടുത്തത്. വിഷയം ‘എന്റെ വീട്’. ദിവസങ്ങളോളം രാത്രികളിൽ അവളെ മടിയിലിരുത്തി ഓരോ വാക്കും തിരുത്തിപ്പറയിപ്പിച്ചു പഠിപ്പിച്ചത് ഞാനായിരുന്നു. “അപ്പായീ... ഞാൻ മറന്നുപോയാലോ?” എന്ന് ആ വലിയ കണ്ണുകൾ വിടർത്തി അവൾ പരിഭ്രമത്തോടെ ചോദിക്കുമ്പോൾ, “അപ്പായിടെ കുഞ്ഞ് മറക്കില്ലെടാ, നീ സ്റ്റേജിൽ കയറുമ്പോൾ ഞാൻ മുന്നിൽത്തന്നെ നിൽപ്പുണ്ടാകും” എന്ന് പറഞ്ഞ് അവളുടെ കുഞ്ഞുകവിളിൽ ഉമ്മവെക്കുമായിരുന്നു.
മത്സരദിവസം അവൾ സ്റ്റേജിൽ കയറി മൈക്കിന് മുന്നിൽ നിന്നപ്പോൾ സദസ്സിന്റെ ഒത്ത നടുക്ക് നെഞ്ചിടിപ്പോടെ ഞാൻ നിന്നിരുന്നു. പാതിവഴിയിൽ അവൾ ഒന്ന് പതറിയപ്പോൾ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ പതിയെ തലയാട്ടി ചിരിച്ചപ്പോൾ, അവൾ വീണ്ടും ധൈര്യത്തോടെ ബാക്കി പറഞ്ഞുതീർത്തു. അന്ന് രണ്ടാം സമ്മാനത്തിന്റെ ആ ചെറിയ ട്രോഫിയുമായി അവൾ ഓടിവന്ന് എന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച ആ നിമിഷം...
പിന്നീട് കാർട്ടൂൺ മത്സരത്തിന് ക്രയോൺസ് തീർന്നുപോയെന്ന് പറഞ്ഞ് ഒക്ടോബറിലെ ഒരു പെരുമഴയത്ത് കരഞ്ഞുവിളിച്ചതും, കടകൾ അടയ്ക്കാറായ നേരത്ത് നനഞ്ഞുകുളിച്ച് ഞാൻ പോയി പുതിയൊരു കളർബോക്സ് വാങ്ങി വന്നപ്പോൾ ആ കുഞ്ഞുമുഖത്തുണ്ടായ ചിരിയും... അതൊന്നും ഒരിക്കലും മാഞ്ഞുപോകുന്നതല്ല.
ഇന്ന് അവൾ എവിടെയാണ്? അബുദാബിയിലെ ഏതോ ഫ്ലാറ്റിലിരുന്ന് അവൾ ഇന്ന് എത്രാം ക്ലാസിലായിരിക്കും പഠിക്കുന്നുണ്ടാവുക? അവൾക്കിപ്പോഴും വരയ്ക്കാൻ ഇഷ്ടമാണോ? സ്കൂളിലെ മത്സരങ്ങളിൽ കയറി നിൽക്കുമ്പോൾ, അവളെ നോക്കി ചിരിക്കാൻ സദസ്സിൽ അച്ഛനില്ലല്ലോ എന്നൊരു സങ്കടം ഒരു നിമിഷമെങ്കിലും അവളുടെ ഉള്ളിലൂടെ കടന്നുപോയിട്ടുണ്ടാകുമോ? അതോ, അവളുടെ ഓർമ്മകളിൽ നിന്ന് ഞാൻ ഇതിനകം മാഞ്ഞുപോയിട്ടുണ്ടാകുമോ?
ആ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരങ്ങളൊന്നുമില്ല. അറിയാനും ഒരു വഴിയുമില്ല.
കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഞാൻ അടുക്കളയിലേക്ക് നടന്നു. ഗ്യാസ് കത്തിച്ച് ചായപ്പാത്രം വെച്ചു. തിളച്ച വെള്ളത്തിലേക്ക് തേയിലപ്പൊടിയിടുമ്പോൾ ആവി പടരുന്നതുകണ്ട് വെറുതെ നിന്നു.
ഒരു കപ്പ് കട്ടൻചായയുമായി ബാൽക്കണിയിലേക്ക് ഇറങ്ങി. നേരം പരപരാ വെളുത്തുതുടങ്ങുന്നതേയുള്ളൂ. റോഡിലൂടെ പത്രവിതരണക്കാരന്റെ സൈക്കിൾ വേഗത്തിൽ കടന്നുപോയി. റോഡരികിലെ മരങ്ങളിൽ നിന്ന് മഞ്ഞുതുള്ളികൾ ഇറ്റുവീഴുന്നുണ്ട്.
കൈവരിയിൽ കൈമുട്ടുകൾ കുത്തി ഞാൻ താഴേക്ക് നോക്കിനിന്നു.
നേടാൻ ഒന്നുമില്ലാത്തതുകൊണ്ട് ഇന്ന് നഷ്ടപ്പെടാനും ആരുമില്ല. ഒരു വാക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പിണങ്ങിപ്പോകാൻ ഒരു താരയില്ല. കുപ്പായത്തിൽ പിടിച്ചുവലിച്ച് കളിപ്പാട്ടങ്ങൾ ചോദിക്കാനോ, പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ മുഖം വീർപ്പിച്ചിരിക്കാനോ ഒരു അമ്മുവുമില്ല. തോൽവികളിൽ സമാധാനിപ്പിക്കാനോ, തെറ്റുകളിൽ ശാസിക്കാനോ ഒരു ബന്ധവുമില്ല.
ഒരു തരത്തിൽ പറഞ്ഞാൽ ഇതൊരു സ്വാതന്ത്ര്യമാണ്. ആരും ആരെയും കാത്തിരിക്കേണ്ടാത്ത ശാന്തമായ ഒരു അവസ്ഥ.
പക്ഷേ, ആ സ്വാതന്ത്ര്യത്തിന് ഉള്ളിൽ വല്ലാത്തൊരു തണുപ്പാണ്. ശ്വാസമെടുക്കാൻ പോലും മടിതോന്നുന്ന വിധം മരവിപ്പിക്കുന്നൊരു തണുപ്പ്. ആർക്കെങ്കിലും വേണ്ടിയുള്ള കാത്തിരിപ്പുകളും ചെറിയ വഴക്കുകളുമൊക്കെയല്ലേ ചിലപ്പോൾ നമ്മൾ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകൾ. അതൊന്നുമില്ലാതാകുമ്പോൾ, ജീവനോടെയിരിക്കുമ്പോഴും ഏതോ വലിയ മരുഭൂമിയിൽ തനിച്ചായതുപോലെ.
റോഡിൽ രാവിലത്തെ ആദ്യത്തെ ബസ്സ് വലിയ ശബ്ദത്തോടെ കടന്നുപോയി. പതുക്കെ തെരുവുവിളക്കുകൾ അണഞ്ഞു. ഒരു പുതിയ ദിവസത്തിന്റെ വെളിച്ചം റോഡിൽ വീണുതുടങ്ങിയിരിക്കുന്നു.
കയ്യിലിരുന്ന കട്ടൻചായയുടെ ചൂട് എപ്പോഴോ ആറിത്തണുത്തിരുന്നു. ആ തണുത്ത ചായ ഒറ്റവലിക്ക് കുടിച്ചുതീർത്ത് ഞാൻ ഒഴിഞ്ഞ ഗ്ലാസ് കൈവരിയിൽ വെച്ചു.
ഇന്നത്തോടെ ഈ ഒക്ടോബറും തീരും. നാളെ നവംബർ ഒന്നാണ്. കലണ്ടറിലെ അക്കങ്ങൾ മാറും, വെയിലിന്റെ നിറം മാറും, വഴികളിലെ തിരക്ക് കൂടും. എങ്കിലും ചില മനുഷ്യർക്ക് കാലം ഒരു വൃത്തം പോലെ ഒരേയിടത്തുതന്നെ കറങ്ങിക്കൊണ്ടേയിരിക്കും.
നേടാനും നഷ്ടപ്പെടാനും ആരുമില്ലാതെ, കാത്തിരിക്കാനും ആരുമില്ലാതെ... നിശ്ശബ്ദമായി പെയ്തൊഴിഞ്ഞ ഒരു മഴയുടെ ഈർപ്പം പോലെ, ഈ ഒക്ടോബറും എന്നിലൂടെ വെറുതെ കടന്നുപോകുന്നു.

No comments:
Post a Comment
അഭിപ്രായം രേഖപ്പെടുത്തുക