Wednesday, December 21, 2022

"a friend in need is a friend indeed"

 ഏതാണ്ട് ഒരു മാസത്തോളം നീണ്ടു നിന്ന യാത്രക്ക് ശേഷം ഇന്ന് രാവിലെയാണ് നാട്ടിൽ തിരിച്ചെത്തിയത്.

ചില അവശ്യ സാധനങ്ങൾ വാങ്ങാനായി ഉച്ചക്ക് ടൗണിലേക്ക് ഇറങ്ങിയതാണ്.


സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ എടുത്തു ട്രോളിയിൽ നിറക്കുമ്പോഴാണ്


"കോമ്രേഡ്.., ഓർക്കുന്നുണ്ടോ" 

എന്നു ചോദിച്ചുകൊണ്ട് ഒരാൾ തോളിൽ തട്ടിയത്.


കോമ്രേഡ്..

കോളേജിൽ സംഘടനാ പ്രവർത്തന കാലത്ത് ഏറെ വിളിക്കുകയും തിരിച്ചു കിട്ടുകയും ചെയ്ത അഭിസംബോധനാ പദം.

കോളേജിൽ കൂടെ ഉണ്ടായിരുന്നവർ മാത്രമേ ഇപ്പോഴും അങ്ങനെ വിളിക്കാറുള്ളൂ..


നോക്കുമ്പോൾ താഹിർ ആണ്.

അബു താഹിർ..


വിപ്ലവ പ്രസ്ഥാനത്തിന്റെ ധീരനായ വിദ്യാർത്ഥി നേതാവ്.

അക്കാലത്ത് ഞാൻ സൗമ്യനായ വിദ്യാർത്ഥി നേതാവായിരുന്നെങ്കിൽ താഹിർ ക്ഷുഭിതയൗവ്വനം എന്നതിന്റെ പര്യായപദം ആയിരുന്നു.


ഒന്നു പറഞ്ഞു രണ്ടാമത്തേതിനു ഇടിയായിരുന്നു സഖാവ് താഹിറിന്റെ മുഖമുദ്ര.

അതുകൊണ്ടുതന്നെ അക്കാലത്തേ ധാരാളം ശത്രുക്കളെയും സമ്പാദിച്ചു വച്ചിരുന്നു താഹിർ.


കോളേജ് കഴിഞ്ഞിട്ടിപ്പൊ കൊല്ലം പത്തു കഴിയുന്നു.

അതിനിടയിൽ ആദ്യമായാണ് താഹിറിനെ കാണുന്നത്.


ആരിത് എന്നും ചോദിച്ചു കൊണ്ട് ദീർഘ നാളുകൾക്ക് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്ന എല്ലാ വിധ സ്നേഹത്തോടും കൂടി താഹിറിനെ ആലിംഗനം ചെയ്തു.



പറ എന്താ വിശേഷങ്ങൾ..

ഇപ്പൊ എന്ത് ചെയ്യുന്നു ?


പറയാൻ എന്തിരിക്കുന്നു കോമ്രേഡ്..,

കോളേജിൽ ന്ന് ഇറങ്ങി കുറേക്കാലം കേസും കോടതിയുമായി നടക്കേണ്ടി വന്നു.

ഏതാണ്ട് 16 കേസുണ്ടായിരുന്നു, 

ചെറുതും വലുതുമായിട്ട്..


ചിരിയോടെ താഹിർ പറഞ്ഞു.



എന്നിട്ട്..?

കേസൊക്കെ തീർന്നോ ?


എവിടുന്ന്..,

ഇനീം മൂന്നാലെണ്ണം ബാക്കി ഉണ്ട്.

ഇതിനിടെ സൈക്കോളജിയിൽ പീജി ചെയ്തു.


സൈക്കോളജിസ്റ്റ് ആയി ബാംഗ്ലൂരിൽ വർക്ക് ചെയ്യുകയായിരുന്നു.

കേസ് വിളിക്കുമ്പോ ഇടക്കിടെ വന്നു കോടതിയിൽ ഹാജരാകണം എന്നതൊഴിച്ചാൽ ലൈഫ് സ്മൂത്ത് ആയി പോവുകയായിരുന്നു.

അപ്പോളാണ് കൊറോണ വന്നത്.

ഉണ്ടായിരുന്ന ജോലി പോയി. ഒരിടത്തും പിന്നെ കിട്ടിയതുമില്ല

ഇപ്പൊ ഏതാണ്ട് ഒന്നര കൊല്ലം ആയിട്ട് വീട്ടിലിരുപ്പാണ്.

വീട്ടുകാരുടെ കുത്തുവാക്കും കേട്ട്..

താഹിർ ചിരിയോടെ പറഞ്ഞു നിർത്തി.


ഒക്കെ ശെരിയാവും ന്നേ..

ഞാൻ സമാധാനിപ്പിച്ചു.


അതേ..

ശെരിയാവാതെ എവിടെപ്പോകാൻ..


കോമ്രേഡ് ഇപ്പൊ എന്ത് ചെയ്യുന്നു ?

രാഷ്ട്രീയം ഒക്കെ വിട്ടൊ ?


കോളേജിന്ന് ഇറങ്ങിയപ്പോഴേ രാഷ്ട്രീയം ഒക്കെ വിട്ടു.

അല്ലറ ചില്ലറ പരിപാടികളുമായി ഇവിടൊക്കെ തന്നെ ഉണ്ട്. 

ഞാൻ മറുപടി പറഞ്ഞു.


ഒരു ചായ കുടിച്ചാലോ ?

ഞാൻ ചോദിച്ചു.


വേണ്ട, ഞാൻ വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാണ്.

വൈകിയാൽ പിന്നെ അതുമതി.

ജോലിയും കൂലിയുമില്ലാത്ത ആണ്പിള്ളേര് കുടുംബത്തിന് ഭാരമാണ്.

താഹിർ ഒരുതരം പുശ്ചത്തോടെ പറഞ്ഞു.


ചെറിയ പൈസ വല്ലോം വേണോ

ഞാൻ ചോദിച്ചു.


വേണ്ട..,

പറ്റുമെങ്കിൽ വല്ല കൗണ്സിലിംഗും വേണ്ട പെഷ്യന്റ്‌സിനെ താ.. അല്ലേൽ വല്ല കരിയർ ഗൈഡൻസോ അങ്ങനെ എന്ത് വേണേലും ചെയ്യാം..

ഇപ്പൊ ഒരു ജോലി ആണ് അത്യാവശ്യം.

വീട്ടിൽ തന്നെ ഒരു ക്ലിനിക്ക് പോലൊരു സെറ്റപ്പ് സെറ്റ് ചെയ്തിട്ടുണ്ട്. കൗണ്സിലിംഗ് ഒക്കെ വീട്ടിലിരുന്നും ചെയ്യാലോ..

താഹിർ ചിരിയോടെ പറഞ്ഞു.


നോക്കട്ടെ, എന്തായാലും നമ്പർ താ..

നമ്പറും പരസ്പരം കൈമാറി താഹിർ അവന്റെ വഴിക്കും ഞാൻ തിരിച്ചു വീട്ടിലേക്കും പോന്നു.


വീട്ടിലെത്തിയപ്പോൾ തോന്നിയത് ജവാദിനെ വിളിക്കാനാണ്. അന്ന് യാത്ര പോകുമ്പോ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കിയതിനു ശേഷം  ഇടക്ക് എപ്പോളോ ഒന്നു രണ്ടു മെസേജ് അയച്ചതൊഴിച്ചാൽ  അവനെ വിളിച്ചിട്ടില്ല.


രണ്ടാമത്തെ റിങ്ങിന് അവൻ ഫോണെടുത്തു.


നീയെത്തിയോ എന്ന ചോദ്യത്തിന് രാവിലെ എത്തി. വീട്ടിലുണ്ട്. നീയിങ്ങ് വാ എന്നു മറുപടി പറഞ്ഞു.


അര മണിക്കൂർ കൊണ്ട് എത്താമെന്നും പറഞ്ഞു അവൻ ഫോൺ വച്ചു.


ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടു്.

നോക്കുമ്പോൾ ജവാദ് ആണ്.

തോളിൽ ഒരു ലാപ്ടോപ്പ്ബാഗുണ്ട്.


എന്താണ് ബാഗൊക്കെ ആയിട്ട്.

നീ എങ്ങോട്ട് പോയതാ ?

അതോ എങ്ങോട്ടെങ്കിലും പോയിട്ട് വരുന്നതാണോ ?

നീയിരിക്ക്, ഞാൻ ചായയെടുക്കാം..


"ചായയൊന്നും വേണ്ട, കുടിക്കാൻ ഉള്ളത് ഞാൻ കൊണ്ടു വന്നിട്ടുണ്ട്" എന്നും പറഞ്ഞുകൊണ്ട് അവൻ ബാഗെടുത്തു ടീപോയിൽ വച്ചു സൂക്ഷ്മതയോടെ തുറന്നു.

ബാഗിൽ നിന്നും 2 കുപ്പി ബിയറെടുത്തു ടീപോയിൽ വച്ചു.


എനിക്കെങ്ങും വേണ്ട.

ഞാൻ പറഞ്ഞു.


നിനക്കല്ല, രണ്ടും എനിക്ക് തന്നെയാ..

അവൻ ചിരിച്ചു.


കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൻ സോഫയിൽ ഇരുന്നു ബിയറെടുത്തു വായ കൊണ്ടു കടിച്ചു തുറന്നു കുടിക്കാൻ തുടങ്ങി.


നിന്റെ യാത്രാ വിശേഷങ്ങൾ പറയ്..

ഒരു മാസം കൊണ്ട് ഇന്ത്യ മൊത്തം കറങ്ങിയെന്നു തോന്നുന്നല്ലോ...?

ജവാദ് ചോദിച്ചു.


ആ..

ഏതാണ്ട്..

ഞാൻ മറുപടി പറഞ്ഞു.


ഒരു ലവ് സിപ്പ് എടുക്കുന്നോ ?

അവൻ ചോദിച്ചു.


വേണ്ട..

ഞാൻ ചുണ്ട് വക്രിച്ചു.


നിനക്കിപ്പോ എന്തിന്റെ കേടാ..

ഒരു പ്രേമം പൊട്ടിയതിനാണോ ഈ കാണിച്ചു കൂട്ടുന്നതൊക്കെ ?

ഇതിനുമാത്രം എന്ത് പ്രശ്നാ നിനക്ക്..?

ഞാനവനോട് ദേഷ്യത്തോടെ ചോദിച്ചു.


നിനക്കൊന്നും പറഞ്ഞാ മനസിലാവില്ല.

എന്റെ സങ്കടം എനിക്കേ അറിയൂ..

അവൻ ബോട്ടിലിൽ ബാക്കിയുണ്ടായിരുന്നത് ഒറ്റ വലിക്ക് കുടിച്ചു കൊണ്ടു പറഞ്ഞു.


ബിയറ് കുടിച്ചാ നിന്റെ പ്രശ്നങ്ങളൊക്കെ മാറുവോ ??

എന്ന എന്റെ ചോദ്യത്തിന് 

"പ്രശ്നങ്ങളൊന്നും മാറൂല്ലെങ്കിലും സുഖമായി ഉറങ്ങാൻ പറ്റു"മെന്നു പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു.


പെട്ടെന്ന് എനിക്ക് താഹിറിനെ ഓർമ വന്നു.


എടാ,

നിന്നെ ഉപദേശിക്കാൻ ഉള്ളതൊക്കെ ഞാൻ ഉപദേശിച്ചു കഴിഞ്ഞതാണ്.

എന്റെ കയ്യിലെ ഉപദേശത്തിന്റെ സ്റ്റോക്ക് ഒക്കെ കഴിഞ്ഞതാണ്.

നിന്റെ പ്രശ്നങ്ങളൊക്കെ പറയാൻ പറ്റിയ ഒരാളുണ്ട്.

എന്റെ പഴയൊരു ഫ്രണ്ടാണ്. ഇവിടെ അടുത്തൊരു ക്ലിനിക് നടത്തുന്നുണ്ട്.


ഡോക്ടറാ??


അല്ല, സൈക്കോളജിസ്റ്റാ...


എന്ന എന്റെ മറുപടിക്ക് എനിക്ക് ഭ്രാന്തൊന്നുമില്ലെന്നു പറഞ്ഞു പുശ്ചിച്ചു അവൻ രണ്ടാമത്തെ ബിയറ് പൊട്ടിച്ചു കുടി തുടങ്ങി.


എടാ സൈക്കോളജിസ്റ്റ് ന്ന് പറഞ്ഞാ ഭ്രാന്തിന് ചികില്സിക്കുന്ന ആളാണെന്ന് നിന്നോടാരാ പറഞ്ഞത് ??

നീയൊന്നു വിളിച്ചു നോക്ക്.

ഫോണിൽ വിളിച്ചിട്ട് നിനക്ക് പറ്റിയാൽ പോയാ മതി.

ഞാൻ പറഞ്ഞിട്ടാണ് ന്ന് പറഞ്ഞു വിളിക്ക്..

പിന്നേയ് കൺസൾറ്റിംഗ് നു പൈസ കൊടുക്കേണ്ടി വരും.. ഫ്രീ അല്ല.


എന്തായാലും നീ പറഞ്ഞതല്ലേ നമ്പര് താ ഇപ്പൊ തന്നെ വിളിച്ചു അപ്പോയിന്മെന്റ് എടുത്തേക്കാം എന്നും പറഞ്ഞു രണ്ടാമത്തെ കുപ്പിയെടുത്തു പൊട്ടിച്ചു ജവാദ് ഒറ്റവലിക്കു കുടിച്ചുതീർത്തു.


എന്റടുത്തുന്ന് നമ്പറും വാങ്ങി അവൻ മുറ്റത്തേക്ക് നടന്നു ഫോണെടുത്തു ഡയൽ ചെയ്തു.


ഇത്തിരി കഴിഞ്ഞപ്പോൾ വീടിനകത്തേക്ക് കയറിവന്ന് "ചെല്ലാൻ പറഞ്ഞിട്ടുണ്ട് പോയി നോക്കിയിട്ട് വരാം" എന്ന് അവൻ പറഞ്ഞു.


ഇക്കോലത്തിലോ ?

2 ബിയർ ഉണ്ട് നിന്റെ അകത്ത്..



ഇതാ നല്ലത്.

സംസാരിക്കാൻ ഇച്ചിരെ ബിയറിന്റെ തരിപ്പ് ഉള്ളത് നല്ലതാ...

എന്നും പറഞ്ഞു ചിരിച്ചു അവൻ വണ്ടിയെടുത്തു പോയി.


രാത്രി ഭക്ഷണവും കഴിഞ്ഞു കിടക്കാൻ നേരം

ഫോണിൽ ജവാദിന്റെ വാട്സാപ്പ്‌ വോയ്‌സ് നോട്ട്.


"നിന്റെ ഫ്രണ്ട് കൊള്ളാം..

എനിക്ക് പറയാനുള്ളതൊക്കെ കേട്ടു.

ഞങ്ങൾ തമ്മിൽ സംസാരിച്ചു. ഒരു ആശ്വാസമൊക്കെ തോന്നുന്നുണ്ട്.

ഒന്നുരണ്ടു സിറ്റിംഗ് കൊണ്ടു മാറ്റം ഉണ്ടാകുംന്നൊക്കെയാ പറയുന്നേ...

രണ്ടാമത്തെ സിറ്റിംഗിന്റെ അപോയ്ന്മെന്റും എടുത്താ പോന്നത്."


Ok എന്നു റിപ്ലൈ കൊടുത്തു ഫോൺ വയ്ക്കാൻ തുടങ്ങുമ്പോ ആണ് വീണ്ടും whatsapp മെസേജ് tune.


 താഹിർ ന്റെ മെസേജ് ആണ്.


Thank You for believing in me and entrusting a client with me after a long time. your support has helped me to press on when I thought I won't be able to get any clients anymore.


മറുപടിയായി "a friend in need is a friend indeed" എന്നയച്ചു ഫോണും മാറ്റിവച്ചു ഒരു ചെറുപുഞ്ചിരിയോടെ ഞാൻ ഉറങ്ങാൻ കിടന്നു.

1 comment:

അഭിപ്രായം രേഖപ്പെടുത്തുക