Wednesday, December 14, 2022

ഓർമയിൽ ഒരു ശിശിരം


 





"അങ്ങനെ ഞാനിങ്ങനെ പോകുമ്പോളാണ് അത് കണ്ടത്"

ഹോ"

എന്തൊരു കാഴ്ചയായിരുന്നു അത്.


എന്തായിരുന്നു അത് ??

താര ചോദിച്ചു.

ആകാശത്തു നിന്നും ഒഴുകിവരുന്ന പോലൊരു അരുവി..

അതിങ്ങനെ ആഴത്തിൽ മലഞ്ചെരുവിലേക്ക് പതിക്കുന്നു"



ഗൗതം ഇങ്ങനെ പറഞ്ഞു കൊണ്ട് സ്‌കൂട്ടറും ഓടിച്ചു വരുമ്പോഴാണ് വളവിൽ ഒരു ലോറിയെ ഓവർടേക്ക് ചെയ്തുകൊണ്ടൊരു കാർ കയറി വന്നത്.

പെട്ടെന്ന് ബ്രെക്ക് പിടിച്ചിട്ടും കിട്ടിയില്ല.

സ്‌കൂട്ടർ ആ കാറിൽ ചെന്നിടിച്ചു ഗൗതം മറിഞ്ഞു വീണു.


വീണിടത്തു നിന്നും എഴുന്നേറ്റപ്പോളാണ് താൻ തനിച്ചാണെന്നും കൂടെ സ്‌കൂട്ടറിൽ താര ഉണ്ടായിരുന്നില്ലെന്നും താനൊരു പകൽ സ്വപ്നത്തിന്റെ അലസ്യത്തിലായിരുന്നു എന്നും ഗൗതമിനു മനസിലായത്.


വണ്ടിയിൽ നിന്നും മറിഞ്ഞു വീണതിനേക്കാൾ സ്വപ്നം മുറിഞ്ഞ ദേഷ്യത്തിൽ എഴുന്നേറ്റ് ചെന്ന്


"എവിടെ നോക്കിയാടാ വണ്ടിയോടിക്കുന്നത് എന്നും ചോദിച്ചു കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു.

എന്നിട്ടും അരിശം തീരാതെ


"നിനക്ക് സ്ത്രീധനം കിട്ടിയതാണോ ഈ റോഡ്" എന്നും ചോദിച്ചു ഒരു കൈ കൊണ്ട് തല്ലാനാഞ്ഞു കൊണ്ട് കാറിന്റെ ഡോർ വലിച്ചു തുറന്നു.


പേടിച്ചമ്പരന്നു ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന സുമുഖനായ ചെറുപ്പക്കാരൻ..


കോ ഡ്രൈവർ സീറ്റിലേക്കൊന്നു പാളി നോക്കിയ ഗൗതമിന്റെ കണ്ണുകൾ വിടർന്നു.


നന്ദിത..

പിന്നിലെ സീറ്റിൽ പേടിച്ചരണ്ട കണ്ണുകളുമായി ബാർബിഡോൾ പോലെ 2 മാലാഖ കുഞ്ഞുങ്ങൾ.


തല്ലാനോങ്ങിയ കൈ കൊണ്ട് ആ ചെറുപ്പക്കാരന്റെ തോളിൽ മെല്ലെ തട്ടി,


"ഫാമിലിയൊക്കെ കൂടെ ഉള്ളതല്ലേ, ശ്രദ്ധിച്ചു വണ്ടിയോടിക്ക്" എന്നും പറഞ്ഞു ഗൗതം ഡോർ അടച്ചു മറിഞ്ഞു കിടന്ന സ്‌കൂട്ടറും നിവർത്തി start ആക്കി ഓടിച്ചു പോയി.


അന്ധാളിപ്പൊന്നു അടങ്ങിയ ശേഷം ആ സുമുഖനായ ചെറുപ്പക്കാരൻ-  അരവിന്ദ് എന്ന ഐ ടി തൊഴിലാളി ഭാര്യയായ നന്ദിതയോട് ചോദിച്ചു.


നീ അയാളെ അറിയുവോ ?

നിന്നെ കണ്ടപ്പോളാണല്ലോ അയാൾക്ക് പെട്ടെന്ന് മാറ്റം ഉണ്ടായത്.

തല്ലാൻ വന്ന ഗുണ്ട എത്ര പെട്ടെന്നാണ് മാന്യൻ ആയത്..


അറിയും

നന്ദിത പറഞ്ഞു.


ആരാണത് ?

അരവിന്ദ് ചോദിച്ചു.


അതേ സമയം നന്ദിതയെപ്പറ്റി തന്നെയായിരിരുന്നു ഗൗതമും ഓർത്തുകൊണ്ടിരുന്നത്.


താരക്ക് ശേഷവും ദീപക്ക് മുന്നേയുമായി  വളരെ കുറഞ്ഞൊരു കാലം ജീവിതത്തിലെ വെളിച്ചം ആയിരുന്നു നന്ദിത.

തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നവൾ..

താര-

കാലങ്ങളിൽ അവൾ വസന്തമായിരുന്നെങ്കിൽ നന്ദിത ശിശിരമായിരുന്നു..


കോളേജിലെ രണ്ടാം വർഷമവസാനമാണ് താര വിവാഹം കഴിച്ചു പോകുന്നത്.

ഒരുമിച്ചു തുഴഞ്ഞിരുന്ന പ്രണയത്തോണിയിൽ നടുക്കടലിൽ ഒറ്റക്കാക്കി അവൾ അവളുടെ ജീവിതം നോക്കി ആനന്ദ് എന്ന ബിസിസുകാരന്റെ നല്ലപാതിയായി മറ്റൊരു ജീവിതത്തിലേക്ക് കടന്നുപോയി.

താൻ പെട്ടെന്ന് ഒറ്റക്കായി.


പ്രണയനഷ്ടം സംഭവിച്ച  അക്കാലത്തെ ഏതൊരു ചെറുപ്പക്കാരനെയും പോലെ താടിയും നീട്ടി നിരാശാകാമുകനായി നടക്കുന്നൊരു കാലത്താണ് താരയുടെ കസിൻ ആണെന്നും പറഞ്ഞു നന്ദിത വന്നു പരിചയപ്പെടുന്നത്.


ആദ്യമാദ്യം കാണുമ്പോൾ ഉള്ള ചെറുപുഞ്ചിരികൾ..

പതിയെ പതിയെ നന്ദിതയുമായി നല്ല സൗഹൃദത്തിലായി.

താരയുമായി പോയിരിക്കാറുള്ള കാന്റീൻ, ലൈബ്രറി തുടങ്ങി കോളേജിന് മുന്നിലെ മരച്ചുവട്ടിൽ വരെ നന്ദിത കൂടെ വന്നിരുന്നു തുടങ്ങി.


ഒരിക്കൽ 

"താര പോയെങ്കിലെന്താ നിങ്ങൾക്ക് ഞാനില്ലേ ?? 

എന്നവൾ ചോദിച്ചു കളഞ്ഞു.


ചോദ്യം കേട്ട് നോക്കിയ തന്നോട് "അല്ല ഞങ്ങളൊക്കെയില്ലേ" എന്നു വിക്കിവിക്കി ചോദിച്ചു  ഒരു കള്ളച്ചിരിയും ചിരിച്ചു അവൾ നടന്നകന്നു.


പതിയെ പതിയെ നന്ദിത തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തി..

പക്ഷെ തന്റെ ഉള്ളിലപ്പോഴും താരയായിരുന്നു.

താരയെ പ്രണയിച്ചപോലെ നന്ദിതയെ ഒരിക്കലും സ്നേഹിക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ല.

ഒരിക്കൽ നന്ദിത അത് ചോദിച്ചു പൊട്ടിത്തെറിച്ചു.


"നിങ്ങൾ താരയെ സ്നേഹിച്ചപോലെ ഒരിക്കലെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ..??"


മറുപടിയില്ലാതെ തലകുനിച്ചു നിന്ന തന്നെയും കടന്ന് അവൾ നടന്നു പോയി. പിന്നീട് ഒരിക്കലും അവൾ  സംസാരിക്കാൻ വന്നില്ല. താനും അതിനു മുതിർന്നില്ല.കാരണം അവളുടെ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നല്ലോ...

പിന്നീട്  കോളേജ് കഴിഞ്ഞ് ജീവിതത്തിൻറെ പ്രാരാബ്ദങ്ങളിലേക്ക് ഇറങ്ങിയ കാലങ്ങളിലെപ്പോഴോ നന്ദിതയുടെ വിവാഹം കഴിഞ്ഞതായി  അറിഞ്ഞു.

പിന്നീട് അവളെപ്പറ്റി ഓർത്തിട്ടേയില്ല, ഇപ്പോൾ യാദൃശ്ചികമായി അവളെ കണ്ടപ്പോൾ മനസ്സ് ഒന്ന് പിന്നോട്ട് ഓടി..


അതേ സമയം കാറിൽ അരവിന്ദിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നന്ദിത.


അറിയും.

എന്റെ കോളേജ് സീനിയർ ആയിരുന്നു.

ഗൗതം.

ഞങ്ങളുടെ കോളേജ് ഹീറോ ആയിരുന്നു അയാൾ.

എന്റെ ക്യാമ്പസ് ക്രഷ്..


ഓ,

നീ പറഞ്ഞിട്ടുള്ള വേണു നാഗവള്ളി..


ഉം, അത്  തന്നെ.

നന്ദിത മൂളി.


ഇങ്ങേരായിരുന്നോ നിങ്ങളുടെ കോളേജ് ഹീറോ?


അരവിന്ദ് അവിശ്വസനീയതയോടെ ചോദിച്ചു.


ലുക്കിൽ അല്ലാലോ കാര്യം..

പുള്ളി കൊള്ളാമായിരുന്നു.

അക്കാലത്ത്  ഞങ്ങളുടെ ക്യാമ്പസ് ഒരാൾക്ക് വേണ്ടിയെ ആർപ്പു വിളിച്ചിട്ടുള്ളൂ..

അത് ഈ ചെങ്ങാതിക്ക് വേണ്ടിയാണ്.

എല്ലാവർക്കും സ്വീകാര്യൻ.

ക്യാമ്പസിൽ പുള്ളിക്ക് എല്ലാവരും കൂട്ടുകാരായിരുന്നു.

സർവകലാശാല സിനിമയിലെ മോഹൻലാലിനെ പോലൊരു മനുഷ്യൻ...


നിനക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ലല്ലോ കോളേജ് ഹീറോ മഹത്വം.

അല്ലേലും ഈ കോളേജ് ഹീറോസ് ഒക്കെ ഇങ്ങനാ..

ജീവിതത്തിൽ സമ്പൂർണ പരാജയം ആയിരിക്കും.

 ചെയ്യാനുള്ള ഹീറോയിസം മുഴുവനും കോളേജിൽ വച്ചേ ചെയ്തു തീർക്കും. ജീവിതത്തിൽ പിന്നെ കാണിക്കാൻ ഹീറോയിസം ഒന്നും ബാക്കിയുണ്ടാവില്ല. 

കണ്ടില്ലേ ഇപ്പോ പുള്ളിയെ തന്നെ...

ഒരു പഴേ സ്‌കൂട്ടറും ഉന്തി..

അരവിന്ദ് പുച്ഛിച്ചു ചിരിച്ചു.


ഉം.. ആയിരിക്കും.

നന്ദിത വെറുതെ മൂളി.


എന്തേ നീയിപ്പോഴും പുള്ളിയെയും മനസ്സിലിട്ടു നടപ്പാണോ ?

അരവിന്ദ്  അവളെ ചൂടാക്കാൻ കള്ളച്ചിരിയോടെ ചോദിച്ചു.


ദുൽക്കർ സൽമാനെ പോലെ ലുക്കുള്ള നിങ്ങള് ഉള്ളപ്പോ എനിക്കെവിടാ വേണു നാഗവള്ളിയെ പോലിരിക്കുന്ന അങ്ങേരെ ഓർക്കാൻ നേരം..

നന്ദിത ചിരിച്ചു കൊണ്ട് പറഞ്ഞു


നന്ദിതയുടെ മറുപടി കേട്ട് പ്രണയപരവശമായൊരു ചിരി ചിരിച്ച് അരവിന്ദ് വണ്ടി മുന്നോട്ടെടുത്തു.


1 comment:

അഭിപ്രായം രേഖപ്പെടുത്തുക