Saturday, January 15, 2022

അപ്പൂപ്പൻതാടി പറന്ന് തുടങ്ങുമ്പോൾ

 എടാ എനിക്കീ ബൈക്കിൽ പോകുന്ന കപ്പിൾസിനെ കാണുമ്പോ അവളെ ഓർമ വരുന്നെടാ,

ഞങ്ങളുടെ പഴേ കാലമൊക്കെ ഓർമ വരുന്നു, ആകെ ഡൗണാകുന്നു..


റെയിൽവേ സ്റേഷനിലേക്കുള്ള യാത്രാമധ്യേ ആണ് ജവാദ് എന്നോടിങ്ങനെ പറയുന്നത്.


ജവാദ്-സൈറ

കോളേജിൽ ഒരുമിച്ചു പടിക്കുമ്പോ മൊട്ടിട്ട ഇഷ്ടം,

4 വർഷത്തോളം പ്രണയിച്ചു

ഒരുമിച്ചു യാത്രകൾ പോയി,

സിനിമകൾ കണ്ടു

പാട്ടുകൾ കേട്ടു,

ഇടക്കെപ്പോഴോ രണ്ടാളുടെയും വീട്ടിൽ വിവരങ്ങൾ അറിഞ്ഞു.

കുടുംബപ്പേരിന്റെ തട്ടിൽ വച്ചു തൂക്കിയപ്പോ ജവാദിന്റെ വീട്ടുകാർക്ക് സൈറയുടെ കുടുംബത്തിന് തൂക്കമത്ര പോരെന്ന് തോന്നി.

പരിണിതഫലം എന്നോണം രണ്ടാഴ്ച മുന്നേ സൈറയുടെ വിവാഹം കഴിഞ്ഞു.

ജവാദ് മാനസമൈന പാടി ഞങ്ങൾ കൂട്ടുകാരുടെ ബൈക്കിനു പിന്നിലിരിപ്പായി.


നീയെന്താ ഒന്നും പറയാത്തത് ??


എന്റെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ടു അവൻ ചോദിച്ചു ?


ഞാനെന്ത് പറയാനാണ്.,

നമുക്ക് സങ്കടം ഉണ്ടാക്കുന്നതൊന്നും ഓർക്കാതിരിക്കുക,

എത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ അത്രയും പെട്ടെന്ന് മറക്കുക എന്നൊക്കെ ഒരു സൈക്കോളജിസ്റ്റ് പറയും പോലെ പറയാൻ പറ്റും.,

പക്ഷെ, ഇന്നലേക്കൂടി താരയെപ്പറ്റി നിന്നോട് പറഞ്ഞ എനിക്കെങ്ങനെ നിന്നെ ഇതും പറഞ്ഞു ഉപദേശിക്കാൻ കഴിയും..


ഞാനതും പറഞ്ഞു ചിരിച്ചു.

എന്റെ കൂടെക്കൂടി അവനും ഉറക്കെ ചിരിച്ചു.


നിനക്കിപ്പോളും താരയെ മറക്കാറായില്ലേ ?

പത്ത് വർഷം കഴിഞ്ഞില്ലേ ??

ജവാദ് എന്നോട്  ചോദിച്ചു.


എങ്ങനെ മറക്കാനാണ്,

ഞാനും പലപ്പോഴും ഇതേ ചോദ്യം എന്നോട് ചോദിച്ചിട്ടുണ്ട്.

മറന്നൂടെ ?

ഇത്രക്ക് ഓർക്കാൻ മാത്രം ആരാണ് താര ?

അവൾ അവളുടെ ജീവിതവുമായി പൊരുത്തപ്പെട്ടു വേറേതോ ഒരു ദിക്കിൽ ജീവിക്കുന്നു.

ഇനിയും ഇതോർത്തു നടക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം ..

പക്ഷേ കഴിയുന്നില്ല...

ഒരുപക്ഷേ എന്റെ വൈവാഹികജീവിതം വിജയമായിരുന്നെങ്കിൽ ചിലപ്പോ ഞാനിത്രയും താരയെ ഓർക്കില്ലായിരുന്നു, എനിക്കിത്ര മിസ് ചെയ്യില്ലായിരുന്നു.

ഇതിപ്പോ ദീപ മോളെയുമെടുത്തു പോയതിൽപിന്നെ ഓർക്കാൻ നമുക്കും നല്ലതെന്തേലുമൊക്കെ വേണ്ടേ..??

നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തേലും..


സീ മിസ്റ്റർ ഗൗതം,

ഒരാൾ അയാളുടെ പ്രശ്നത്തിനൊരു സൊലൂഷൻ ചോദിക്കുമ്പോ സ്വന്തം പ്രശ്നം അതിലും വലുതാണ്, അതു വച്ചു നോക്കുമ്പോ നിന്റെ പ്രശ്നമൊക്കെയൊരു പ്രശ്നമാണോ എന്ന ടൈപ്പ് സംസാരം അത്ര നല്ലതല്ല കേട്ടോ..


ജവാദ് ഗൗരവത്തോടെ പറഞ്ഞു നിർത്തി.


നിനക്ക് അങ്ങനെയാണോ മനസ്സിലായത്..

ഞാനൊരു ചിരിയോടെ തിരിച്ചു ചോദിച്ചു.


പിന്നല്ലാണ്ട്..

ജവാദ് ഗൗരവത്തിൽ തന്നെ


എടാ,

നിനക്ക് ബൈക്കിൽ പോകുന്ന കപ്പിൾസിനെ കാണുമ്പോ സൈറയെ ഓർമ വരുന്ന പോലെതന്നെ എനിക്ക് റോട്ടിലും ബൈക്കുമ്മലും ബസിലും വീടിന്റെ മുറ്റത്തുമൊക്കെ കുഞ്ഞുങ്ങളെ കാണുമ്പോ എന്റെ മോളെ ഓർമ വരുന്നുണ്ട്.

ദീപ മോളേയുമെടുത്ത് പോകുമ്പോ അവൾക്ക് 2 വയസാണ് പ്രായം.

ഉറക്കത്തീന്ന് എണീറ്റാ അവൾക്ക് അപ്പ കൂടെ വേണം.

ഞാൻ ജോലിക്ക് പോകുന്ന വരെയും അപ്പാന്ന് വിളിച്ചു എന്റെ പിന്നാലെ തന്നെ കാണും. ഞാൻ ജോലി കഴിഞ്ഞു വരുന്നതും കാത്ത് ജനാലക്കരികെ നോക്കി നിക്കും.

ഇപ്പോ 3 കൊല്ലം ആവുന്നു

ന്റെ മോളിപ്പോ ന്നെ ഓർക്കുന്നുപോലുമുണ്ടാകില്ല,  ദീപയുടെ വാശിക്ക് അനുഭവിക്കുന്നത് ഞങ്ങൾ രണ്ടാളുമാണ്..


എത്ര നാളത്തേക്ക ഇങ്ങനെ ?

ജവാദ് ചോദിച്ചു.


അറിയില്ല,

എനിക്ക് ശെരിക്കും മടുക്കുന്നുണ്ട്,

മരിക്കാതിരിക്കാൻ ഉള്ള അവസാന പിടിവള്ളിയാണീ യാത്ര..

ഇവിടെ നിന്നാ എന്നെ ചിലപ്പോ എനിക്ക് തന്നെ പിടിച്ചുനിർത്താൻ പറ്റിയെന്നു വരില്ല.

പോണം,

പോയി വരുമ്പോ എന്റെ മനസും മാറുമായിരിക്കും, കൂടുതൽ കരുത്തനാകുവായിരിക്കും എന്നൊക്കെ കരുതിയാണീ യാത്ര.


തിരിച്ചു വരുവോടെയ്‌ ?

ജവാദ് കളിയാക്കി ചോദിച്ചു.


തിരിച്ചു വരണമെന്ന ആഗ്രഹമൊക്കെ ഉള്ളിലെവിടെയോ ഉണ്ട്. തിരിച്ചു വരാൻ കാരണങ്ങളൊന്നുമില്ല എന്നത് മാത്രമാണ് ചിന്തിപ്പിക്കുന്നൊരു കാര്യം.

ഞാനും പറഞ്ഞു ചിരിച്ചു.


തിരിച്ചു വരണം

ഞങ്ങളൊക്കെ ഇവിടുണ്ട്, നീ ആയിട്ടുണ്ടാക്കി വച്ച സൗഹൃദത്തിന്റെ ഒരു വലയം, അത് നിന്നെയും കാത്തിരിക്കുന്നുണ്ട്. പോയി വാ..

ജവാദ് ഇതും പറഞ്ഞു ബൈക്ക് ഒതുക്കി വച്ചു.


സംസാരത്തിനിടയിൽ ഞങ്ങൾ സ്റ്റേഷനെത്തിയിരിക്കുന്നു.

ഞാൻ മെല്ലെ ഇറങ്ങി നടന്നു.


ഫോണെടുത്തു ജവാദുൾപെടുന്ന ഞങ്ങളുടെ whatsapp ഗ്രൂപ്പിലേക്ക് ഇങ്ങനെ എഴുതി.


ഒരു യാത്ര പോവുകയാണ്.

30 വർഷത്തെ ഭൂമിയിലെ വാസം അത്ര നല്ലതൊന്നുമല്ല നൽകിയത്.

ഇപ്പൊ തിരിഞ്ഞു നോക്കുമ്പോ ജീവിതത്തിലെ ഏറ്റവും നല്ല പ്രായം വെറുതെ തീർന്നു പോയതായി തോന്നുന്നു. ഒന്നും ബാക്കിയില്ലാത്ത വിധം നശിച്ചുപോയിരിക്കുന്നു. ജീവിക്കാൻ ഉള്ള ആഗ്രഹമെല്ലാം തീർന്ന് പോയിരിക്കുന്നു.

“എന്റെ നെഞ്ചു പൊട്ടാറായിട്ടുണ്ട്‌.

എന്തൊക്കെയാണു ഞാൻ നെഞ്ചിൽ കൊണ്ട്‌ നടക്കുന്നതെന്ന് ആർക്കുമൊരു രൂപവുമില്ല.

സ്നേഹിക്കുന്നവരെ സ്നേഹപൂർവ്വം പിരിഞ്ഞു പോകാനനുവദിക്കുകയാണ്.

ജീവിതത്തിലേക്ക്‌ വെളിച്ചവും കാറ്റും കടക്കാൻ അതിന്റെ ജനാലകൾ തുറന്നിട്ടിരിക്കുന്നു.

ഇതൊരു ഒളിച്ചോട്ടമൊന്നുമല്ല.

തിരിച്ചു വരണമെന്ന ആഗ്രഹമൊക്കെ ഉള്ളിലെവിടെയോ ഉണ്ട്. തിരിച്ചു വരാൻ കാരണങ്ങളൊന്നുമില്ല എന്നത് മാത്രമാണ് ചിന്തിപ്പിക്കുന്നൊരു കാര്യം.

നല്ല ഓർമകളെന്നത് ഭംഗിയിലുള്ളൊരു പാട്ട് കേൾക്കുന്ന പോലെയാണ്,അതൊരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്നു നമുക്ക് തോന്നും.നിങ്ങളോടൊപ്പം എനിക്കും അങ്ങനെയായിരുന്നു


നിങ്ങളെ എനിക്ക് മിസ് ചെയ്യും.

നിന്നെയും !!