Monday, June 6, 2022

ഒറ്റച്ചില്ലയിൽ വസന്തം വിരുന്നു വന്നപ്പോൾ !

  


ബ്ലൂടൂത്ത് സ്പീക്കറിൽ റാഫി സാബിന്റെ പാട്ടും കേട്ട് മൂപ്പരോടൊപ്പം മൂളി കിച്ചനിൽ നിൽക്കെയാണ് കോളിംഗ് ബെൽ ശബ്‌ദിച്ചത്.

പൊതുവെ ആരാണേലും വാതിൽ ചാരിയിട്ടിരിക്കുന്നത് കൊണ്ട് കേറി വരാറാണ് പതിവ്.

പതിവില്ലാതെ ആരാണെന്നറിയാൻ ചെന്നു വാതിൽ തുറക്കുമ്പോ ഇറയത്ത് താര.


എന്റെ അൾത്താരയിലെ മെഴുകുതിരി..

ഒരു കാലത്ത് എന്റെ ഇളംവെയിലും എന്റെ ചാറ്റൽമഴയുമായിരുന്നവൾ.


അന്തംവിട്ട്  നിൽക്കുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് അവൾ വീടിനകത്തേക്ക് കയറി വന്നു.


"ആഹാ,

കൊള്ളാലോ..

നല്ല അടുക്കും ചിട്ടയുമുള്ള വീട്..



ചിതറിക്കിടക്കുന്ന പുസ്തകങ്ങളും സോഫയിൽ കിടക്കുന്ന തുണികളുമൊക്കെ കണ്ട് അവളെന്നെ കളിയാക്കി പറഞ്ഞു.



ഞാനൊറ്റക്കല്ലേ ഉള്ളൂ..

ഈ അടുക്കും ചിട്ടയും തന്നെ ധാരാളം.


എന്താണ് താനൊരു മുന്നറിയിപ്പുമില്ലാതെ ??

ആനന്ദ് അവിടുന്ന് ഇറക്കി വിട്ടോ ??


ഞാൻ ചുമ്മാ അവളെ ചൊറിഞ്ഞു.


ഇറക്കി വിടാനോ, അതും എന്നെ..

ഇത്രേം നല്ലൊരു പെണ്ണിനെ ആരേലും വേണ്ടാന്ന് വക്കുമോ? നീയല്ലാതെ..!!


അവളൊരു കുത്ത് കുത്തി.



തനിക്കൊരു കത്തിയെടുത്തു കുത്താമായിരുന്നു. അതായിരുന്നു ഇതിലും ഭേദം.

ഞാനെ ചുമ്മാ ചോദിച്ചതാ..

വിട്ടേരെ..

എന്താണ് ഭവതിയുടെ ആഗമനോദ്ദേശം ?? 


എന്ന എന്റെ ചോദ്യത്തിന്



ഒന്നുമില്ല.

വീട്ടിലേക്ക് ആയിട്ടിറങ്ങിയതാ.

അവിടെ ചെന്നപ്പോ അപ്പനുമമ്മേം എങ്ങോട്ടോ ടൂർ പോയെക്കുന്നു. റൊമാന്റിക് കപ്പിൾസിന് എന്തും ആവാലോ..

പിന്നെ എന്നാത്തിനാ അവിടെ ഇരിക്കുന്നെ എന്നോർത്ത് ഇറങ്ങിയപ്പോ പെട്ടെന്ന് നിന്നെയോർത്തു.

ഒരു 10 കിലോമീറ്റർ കൂടുതൽ വണ്ടിയോടിച്ചാൽ നിന്നെ കാണാലോന്നോർത്തപ്പോ നേരെ വണ്ടി ഇങ്ങോട് വിട്ടു.


എന്നവൾ വലിയൊരു മറുപടി പറഞ്ഞു.


അതെന്തായാലും നന്നായി.

നീയിരിക്ക്, ഞാൻ കാപ്പിയെടുക്കാം.

എന്നും പറഞ്ഞു ഞാൻ അടുക്കളയിലേക്ക് നടന്നു.

പിന്നാലെ അവളും.


കാപ്പി റെഡിയാക്കി കിച്ചനിലെ ടേബിളിൽ ഇരുന്ന് കുടിക്കുമ്പോ പുറത്ത് ചെറുതായി മഴ പൊടിഞ്ഞു തുടങ്ങിയിരുന്നു.



കാപ്പി

മഴ

റാഫി സാബിന്റെ പാട്ട്

നീ


മൊത്തത്തിൽ ദുൽക്കർ പറയുമ്പോലെ അന്തസ് തന്നെ..

അതിരിക്കട്ടെ,

എന്താണ് ഇന്നത്തെ തന്റെ പരിപാടീസ് ?


പ്രത്യേകിച്ചൊന്നുമില്ല.

കുട്ടികൾ സ്കൂൾ കഴിഞ്ഞെത്തുമ്പോഴേക്കും വീടെത്തണം. അതുവരെ ഇവിടെ നിന്റെകൂടെ..

അല്ലെടാ, നിനക്ക് എന്റെ പാകം ഒക്കെ എങ്ങനെ മനസിലായി. കാപ്പി നന്നായിട്ടുണ്ടല്ലോ..


കാപ്പി മൊത്തിക്കുടിച്ചു കൊണ്ടു താര പറഞ്ഞു.



അത് കാപ്പി നന്നായതുകൊണ്ടല്ല, സ്നേഹത്തോടെ തന്നത് താൻ അതേ സ്നേഹത്തോടെ വാങ്ങിക്കൂടിച്ചതുകൊണ്ടു തോന്നുന്നതാ..


ആണല്ലേ എന്നും പറഞ്ഞു അവൾ ചിരിച്ചു.

പൂച്ചകൾ കുറുകുംപോലെയൊരു ചിരി.


അപ്പൊ താൻ ഊണ് കഴിച്ചിട്ടേ പോകൂ..??



അതേ നിന്റെ കൂടെ ഇന്ന് ഊണ് കഴിക്കാൻ ഞാനും ഉണ്ടാകും.



അപ്പൊ എന്താണ് ഭവതിക്കായി അടിയൻ തയ്യാർ ചെയ്യേണ്ടത് ?

ലിസ്റ്റ് തന്നാലും..




എന്താണ് ഓപ്‌ഷൻസ്

മെന്നുകാർഡ് പ്ലീസ്

എന്നും പറഞ്ഞവളൊരു ചിരി ചിരിച്ചു.

മുല്ലമൊട്ടു വിരിയുന്ന പോലൊരു ചിരി.



ചിക്കനോ ബീഫോ ആണേൽ ഫ്രീസറിൽ ഇരിപ്പുണ്ട്.

മീൻ വേണേൽ വിളിച്ചു പറഞ്ഞാൽ എത്തും.

അതല്ല വേറെ എന്താണോ വേണ്ടത് അതു ഉണ്ടാക്കിത്തരുമെന്നും പറഞ്ഞു കപ്പെടുത്തു ഞാൻ കഴുകി വച്ചു.


ആഹാ

വല്യ സെറ്റപ്പ് ആണല്ലോ.

തൽക്കാലം ഇതൊന്നും വേണ്ട.

ഞാനിപ്പോ വന്നില്ലായിരുന്നെങ്കിൽ എന്തായിരുന്നു നിന്റെ ഉച്ചക്കത്തെ ഭക്ഷണത്തിനുള്ള പ്ലാനിങ്??

അവൾ ചോദ്യശരം എന്റെ നേർക്കെറിഞ്ഞു.


ഇന്നലത്തെ മോര് കറി ഇരിപ്പുണ്ട്

ഉണക്കമീൻ പൊരിക്കണം.

ചോറു ധാ ഇപ്പൊ ആവും.

എന്റെ ഊണ് റെഡി.



ആഹാ,

ഉണക്കമീൻ ഉണ്ടായിട്ടാ ??

പിന്നെന്തിനാടാ വേറെ കറി ??

എനിക്കും അതു മതി.



അയ്യേ,

ആദ്യായിട്ടു താൻ വന്നിട്ട് ഉണക്കമീനും ചോറും തരികയോ ?

താനൊരു അണ്റൊമാന്റിക് മൂരാച്ചി ആണല്ലോ..


പിന്നേ,

ചിക്കനും ബീഫും ബിരിയാണിയും ഒക്കെ ആണല്ലോ റൊമാന്റിക്.

എനിക്ക് അത് മതി.


വേണേ നീ എന്തേലും ചെറിയൊരു കറി കൂടി ഉണ്ടാക്കിക്കോ..



അവിടുത്തെ കൽപ്പന പോലെ ഭവതീ..


പുറത്തു മഴയുടെ ശക്തി കൂടി.


എടാ,

നിനക്ക് ഇഞ്ചിക്കറി ഉണ്ടാക്കാനാറിയാവോ?

മഴയത്ത് നല്ല ചൂട് ചോറും ഉണക്കമീൻ പൊരിച്ചതും ഇഞ്ചിക്കറിയും കിടു കോമ്പിനേഷൻ ആണ്.



താൻ പറഞ്ഞാൽ ഇഞ്ചിക്കറിയല്ല ഇഞ്ചിത്തോട്ടം വരെ ഞാൻ ഉണ്ടാക്കും.



ഹേ ഹേ നല്ല തമാശ എന്നും പറഞ്ഞവൾ ചുണ്ട് വക്രിച്ചു.


അല്ലെടാ ശെരിക്കും നിനക്ക് ഇഞ്ചിക്കറി ഉണ്ടാക്കാൻ അറിയാവോ ??

അവൾ സംശയം പ്രകടിപ്പിച്ചു.


പിന്നില്ലാണ്ടാ..

ഇനീപ്പോ റെസിപ്പി പറഞ്ഞു കേൾപ്പിക്കണോ ??


ഞാനും സീരിയസായി.



വോ വേണ്ട.

ഉണ്ടാക്കിത്തന്നാ മതി.

അവൾ ചിരിച്ചുകൊണ്ടുപറഞ്ഞു.


ഞാൻ ഫ്രിഡ്ജിൽ നിന്നും ഇഞ്ചിയെടുത്തു തൊലി ചുരണ്ടിക്കളഞ്ഞു നുറുക്കിയെടുത്തു മിക്സിയിൽ അടിച്ചെടുത്ത് വെള്ളത്തിൽ ഉപ്പ് ചേർത്തു കഴുകിയെടുത്തു വെള്ളം തോരാനായി അരിപ്പയിലേക്ക് എടുത്തുവച്ചു.


ഇഞ്ചി വറുക്കാനായി ചീനച്ചട്ടി എടുത്തു അടുപ്പത്ത് വച്ചു.

അതേസമയം തന്നെ പുളിയെടുത്തു വെള്ളത്തിൽ ഇട്ടുവച്ചു. ഇതിന്റെ കൂടെ ഇഞ്ചിയെടുത്തു വറുക്കുകയും ചെയ്തു.


ഇതെല്ലാം കണ്ടു കൗതുകത്തോടെ ഇരിക്കുന്ന 

താരക്കരികിൽ ചെന്നു പാനിക്കുള്ള ശർക്കര റെഡി ആക്കാൻ എടുത്തു കൊടുത്തു.


ബാക്കി ചേരുവകളൊക്കെ സെറ്റാക്കി ഏതാണ്ടൊരു അരമണിക്കൂറ് കൊണ്ടു ഇഞ്ചിക്കറി റെഡിയാക്കി.


അപ്പോളേക്കും സമയം 1 മണിയായിരുന്നു.


താനിരിക്ക്,

ഞാനൊന്നു മേല് കഴുകി വരാമെന്നും പറഞ്ഞു ഞാൻ കുളിക്കാൻ കയറി.


ഞാൻ കുളി കഴിഞ്ഞു വരുമ്പോൾ ഡൈനിങ് ടേബിളിൽ ഭക്ഷണമെല്ലാം വിളമ്പിവച്ചു എന്നെയും കാത്തിരിക്കുകയായിരുന്നു താര.


പുറത്ത് നിർത്താതെ പെയ്യുന്ന മഴ.

ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഞാനവളോട് പറഞ്ഞു.

ചൂടൻചോറും ഇഞ്ചിക്കറിയും ഉണക്കമീനും കിടിലൻ കോമ്പിനേഷൻ തന്നെ ആണ് ട്ടോ


അവൾ ഒന്നും മിണ്ടാതെ വെറുതെ ചിരിച്ചു.


ഭക്ഷണവും കഴിഞ്ഞു വെറുതേയിരിക്കുംനേരം അവൾ പരാതിയുടെ ഭാണ്ഡക്കെട്ടഴിച്ചു.


നിനക്ക് എന്നെ വല്ലപ്പോളും വിളിച്ചാൽ എന്നാ ?

എപ്പോളും ഞാൻ വിളിക്കണം.

ഞാൻ മെസേജ് അയക്കണം

നിനക്ക് ഭയങ്കര ഈഗോ ആണ്.

തുടങ്ങി കോളേജിൽ പടിച്ചപ്പോ ചെയ്ത കുഞ്ഞുകുഞ്ഞു കാര്യങ്ങൾ വരെ എണ്ണിയെണ്ണി പറയാൻ തുടങ്ങി.



എന്റെ താരാ,

എനിക്കൊരു ഈഗോയും ഇല്ല.

തന്നോട് ഇഷ്ടം മാത്രേ ഉള്ളൂ,

എന്റെ ഇഷ്ടം തനിക്കൊരു ബാധ്യത ആവരുതല്ലോയെന്ന് കരുതി മാത്രമാണ് ഞാൻ അങ്ങട് കോണ്ടാക്ട് ചെയ്യാൻ ശ്രെമിക്കാത്തത്‌.

തനിക്കെപ്പോൾ വേണേലും എന്നെ വിളിക്കാലോ..


എന്തുപറഞ്ഞാലും പിന്നെ നിന്റടുത്തു ന്യായീകരണം ഉണ്ടല്ലോ എന്നും പറഞ്ഞവൾ മുഖം കറുപ്പിച്ചു.



ചൂടാവതെടോ,

തന്റെ ചൂട് കുറയാൻ വേണേലൊരു സിനിമ വയ്ക്കാം.

അല്ലേൽ ഏതേലും പുസ്തകം വായിച്ചു കേൾപ്പിക്കാം

അതുമല്ലേൽ റാഫി സാബിനെ കൊണ്ടു പാട്ട് പാടിക്കാം എന്നും പറഞ്ഞു ഞാനവളെ നോക്കി ചിരിച്ചു.


എന്നാ നീയെതേലും സിനിമ വയ്ക്ക്.

നിന്റെ ടൈപ്പ് പടങ്ങൾ ഒന്നും വേണ്ട.

വല്യ കഥയൊന്നും ഇല്ലേലും നല്ല കളർഫുൾ ആയാ മതി.


ആണല്ലേ എന്നാ നല്ല കളർഫുൾ പടം ആക്കിയേക്കാം.


താൻ ഹൈദി കണ്ടതാണോ ?

ജർമൻ മൂവി ആണ്.

ഒരു കുട്ടിയുടെയും അവളുടെ മുത്തശ്ശന്റെയും കഥ ആണ്.

കളർഫുൾ ആണ്.



പിള്ളേര് കൊച്ചു ടീവിയിൽ എപ്പോളും കാണുന്നത് കാണാ..

കാർട്ടൂണാ ??

എന്ന അവളുടെ ചോദ്യത്തിന്


ടീവിയിൽ സിനിമ വച്ചുകൊണ്ട്

കാർട്ടൂണും അനിമേഷനുമൊന്നുമല്ല എന്നും പറഞ്ഞു ഞാൻ സോഫയിലേക്കിരുന്നു.


ഞാനിരുന്ന സോഫക്കടുത്തുള്ള കസേരയിൽ വന്നിരുന്നു അവളും സിനിമ കാണാൻ തുടങ്ങി.


ഇടയ്ക്കിടെ അവളെ നോക്കിയും ഇടക്ക് സിനിമയിലേക്ക് നോക്കിയുമിരുന്നു സിനിമ തീർന്നത് അറിഞ്ഞതേയില്ല.


എടാ സമയം മൂന്നര ആയി.

എനിക്ക് പോണം.

പിള്ളേര് നാലര കഴിയുമ്പോഴേക്കും സ്കൂൾ കഴിഞ്ഞെത്തും എന്നും പറഞ്ഞു താര എഴുന്നേറ്റു.


താനൊരു 2 മിനിട്ടിരിക്ക്.

ഞാൻ ചായ ആക്കിത്തരാം 

എന്നും പറഞ്ഞു ഞാനും സോഫയിൽ നിന്നും എഴുന്നേറ്റു.


വേണ്ടടാ,

ചായ കുടിക്കാൻ ഇനിയൊരിക്കൽ വരാം,

പോട്ടെ എന്നും പറഞ്ഞവൾ പുറത്തേക്കിറങ്ങി,

പിന്നാലെ ഞാനും


വണ്ടിയിലേക്ക് കയറി വണ്ടി start ചെയ്തു പോകാൻ നേരം അവളെന്നെ നോക്കിയൊന്നു ചിരിച്ചു. പിന്നെ വണ്ടിയോടിച്ചു പോയി.


കണ്ണ് നിറച്ചു ഞാനതും നോക്കി നിന്നു.


മഴ അപ്പോളും ചാറിക്കൊണ്ടിരുന്നു.