Thursday, November 30, 2023

നക്ഷത്രം മിഴി തുറക്കുന്നു

 ഡാ, നിനക്ക് ടെൻഷൻ ഉണ്ടോ ??

ഡെലിവറിക്കായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതിന്റെ രണ്ടാം ദിവസമാണ് താര ഗൗതമിനോട് ഇത് ചോദിക്കുന്നത്.


എന്തിന് ?

താൻ ലേബർറൂമിൽ കയറുന്നു. കൂടെ ഞാനും. പൂ പറിക്കുന്ന ലാഘവത്തോടെ താൻ നമ്മുടെ ഐസയെ പ്രസവിച്ചു എന്റെ കയ്യിലേക്ക് തരുന്നു. നമ്മള് ഹാപ്പിയായി ഡിസ്ചാർജ് വാങ്ങി വീട്ടിൽ പോകുന്നു.

സിംപിൾ.. ഗൗതം ചിരിച്ചു.


എടാ ഇതിനി നമ്മള് പ്രതീക്ഷിക്കുന്ന പോലെ പെണ്കുഞ്ഞല്ലങ്കിലോ.? നിനക്ക് വിഷമമാകുമോ ??


എന്തിന് വിഷമിക്കണം. പെണ്കുഞ്ഞായാലും ആണ്കുഞ്ഞായാലും നമ്മുടെ കുഞ്ഞല്ലേടോ..  പിന്നെ പെണ്കുട്ടി ആണേൽ ഇത്തിരി സന്തോഷം കൂടും.  നമ്മള് പേരു വരെ ഇട്ടു വച്ചേക്കുന്നതല്ലേ.. ആണ്കുട്ടി ആണേൽ ഇനി പേര് വരെ കണ്ടുപിടിക്കണം

ഗൗതം ചിരിയോടെ പറഞ്ഞു.


നിനക്കെല്ലാം തമാശ ആണ്.  എനിക്ക് നല്ല പേടിയാവുന്നുണ്ട്. ഈ പ്രായത്തിൽ ഒരു ഡെലിവറി ന്നൊക്കെ പറഞ്ഞാ..

താര ടെൻഷനോടെ പറഞ്ഞു.


എന്തിനാടോ പേടിക്കുന്നെ ?

ഞാനില്ലേ..

ലേറ്റ് തേർട്ടീസിൽ കുഞ്ഞുണ്ടാവുന്ന ലോകത്തെ ആദ്യത്തെ ആളൊന്നുമല്ല താൻ.. പിന്നെ നമ്മുടെ നാട്ടിൽ ഡെലിവറിക്ക് ഏറ്റോം കൂടുതൽ സൗകര്യം ഉള്ള ഹോസ്‌പിറ്റലുമാണ് ഇത്. പിന്നെ താൻ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ..

ഗൗതം താരയെ സമാധാനിപ്പിച്ചു.



താൻ കുറച്ചു നേരം അങ്ങടും ഇങ്ങടും നടക്ക്..

ടെൻഷൻ ഒക്കെ മാറട്ടെ.. പെയിൻ വരുവോ ന്ന് അറിയാലോ.. 



എനിക്ക് നടക്കാൻ ഒന്നും വയ്യ, പെയിൻ വരുമ്പോ വരട്ടെ. നീയിവിടെ എന്റെ അടുത്തു വന്നിരിക്ക്..

താര ഗൗതമിനെ അടുത്തേക്ക് വിളിച്ചു.


ഗൗതം താരയുടെ അടുത്തേക്ക് ചെന്നു അവളുടെ സമീപത്തായി നിലത്തിരുന്ന് അവളുടെ കാലെടുത്തു മടിയിലേക്ക് വച്ചതും അവനെ തടഞ്ഞു കൊണ്ട് താര പറഞ്ഞു.


മോനീ ബെഡ്ലേക്ക് കയറി ഇരുന്നേപ്പാ..

അഞ്ചെട്ടു മാസം ആയില്ലേ നീയിങ്ങനെ എന്നേം പരിചരിച്ചു നിക്കുന്നു.


ഗൗതം എഴുന്നേറ്റ് താരയുടെ അടുത്തതായി ഇരുന്നു.

അവള് അവന്റെ തോളിലേക്ക് മെല്ലെ തല ചായ്ച്ചു കിടന്നു.



എടാ..


ഉം


എടാ...


ഉം.. പറയ്..


എനിക്ക് വല്ലോം പറ്റുവോടാ..

ഞാനെങ്ങാനും മരിച്ചു പോകുവോ ??

താര വേപഥു പൂണ്ടു.


താനൊന്നു മിണ്ടാണ്ടിരുന്നെ..

തന്റടുത്ത് ഞാൻ പറഞ്ഞില്ലേ ശടപടെ ന്ന് ഇതും തീർത്തു നമ്മള് വീട്ടി പോകും ന്ന്..

ഗൗതം അല്പം ദേഷ്യത്തോടെയാണത് പറഞ്ഞത്.


എടാ,

എനിക്കറിയാം നിനക്കും ടെൻഷൻ ഒക്കെ ഉണ്ടെന്ന്.. അല്ലേൽ ഡോക്ടർ പറഞ്ഞ ഡേറ്റിനും രണ്ടു ദിവസം മുന്നേ നീ എന്നെ ഇവിടെകൊണ്ടുവന്നു അഡ്മിറ്റ് ആക്കുവോ..

പിള്ളേരെ ആണേൽ എന്റെ വീട്ടിലും കൊണ്ടാക്കി.



എടൊ അതെനിക്ക് ടെൻഷൻ ആയിട്ടൊന്നുമല്ല ന്നേ..

തനിക്ക് പെട്ടെന്ന് പെയിൻ ആയാ നമ്മളിങ് ഓടിപ്പിടച്ചു പൊരുമ്പോ ഒന്നാമത് പിള്ളേര് പേടിക്കും, പിന്നെ അവരെ എവിടെയേലും ആക്കണം ആകെ ജഗപൊക ആവും.

ഇതിപ്പോ എല്ലാം നടന്നില്ലേ.. 

ഗൗതം വിശദീകരിച്ചു.


എടാ...



എന്താന്നെ..


എടാ,

ശെരിക്കിനും ഞാനെങ്ങാനും മരിച്ചു പോയാ നീയീ നാലു പിള്ളേരേംകൊണ്ട് എന്നാ ചെയ്യും. ?

താര ടെൻഷനും അനുകമ്പയും കലർന്നൊരു നോട്ടം ഗൗതമിനെ നോക്കി.


താനൊന്നു മിണ്ടാതിരുന്നെ..

തനിക്ക് അങ്ങനെ ഒന്നും ആവൂലാ..

ഗൗതം അവളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു.


പെട്ടെന്ന് ഗൗതമിന്റെ ഫോണ് ബെല്ലടിച്ചു.


ആദിയാണല്ലോ എന്നും പറഞ്ഞാണ് ഗൗതം ഫോൺ എടുത്തു ലൗഡ് സ്പീക്കറിൽ ഇട്ടു.



എന്താടാ ?


അമ്മിക്ക് എങ്ങനുണ്ട് ബാബാ ?

ആദിയുടെ ശബ്ദം കേട്ട്,


നിന്റെ ബാബയുടെ ശുശ്രൂഷ സഹിക്കുന്നതൊഴിച്ചാ വേറൊരു കുഴപ്പോം ഇല്ലടാ എന്നു താരയാണ് മറുപടി പറഞ്ഞത്.



ഞാൻ നാളെ ക്ലാസ് കഴിഞ്ഞു പിള്ളേരേം കൂട്ടി അങ്ങട് വന്നാലോ ? 

എന്ന ആദിയുടെ ചോദ്യത്തിന്


വേണ്ടടാ മക്കളേ,

ബാബ ഇവിടെ ഇല്ലേ.. കുഞ്ഞാവ ഇണ്ടായാ അപ്പൊ  സച്ചുമാമൻ നിങ്ങളേം കൂട്ടി ഇങ്ങു വന്നോളും. എല്ലാം ബാബ പറഞ്ഞു സെറ്റാക്കീട്ടുണ്ട്. എന്നാണ് ഗൗതം പറഞ്ഞത്.


ആദിയുടെ ഫോൺ വച്ച ശേഷം കാന്റീനിൽ നിന്നും എത്തിച്ച ഫുഡ് താരക്ക് കൊടുത്തു അവളോടൊപ്പമിരുന്നു ഗൗതമും കഴിച്ചു.


അല്പ സമയത്തിന് ശേഷം രണ്ടാളും ഉറങ്ങാൻ കിടന്നു.



പുലർച്ചെ ആയിട്ടുണ്ടാവണം

നല്ല ഉറക്കത്തിലായിരുന്ന ഗൗതമിനെ  താര തട്ടി വിളിച്ചു.


എടാ എനിക്ക് പെയിൻ പോലെ...


ശെരിക്കിനും ഉണ്ടോ. ?


ഉണ്ടെടാ.. പെയിൻ ഉണ്ട്..


ഞാൻ നഴ്‌സിനെ വിളിക്കാം എന്നും പറഞ്ഞു ഗൗതം ഫോണെടുത്തു വിളിച്ചു.


പിന്നീടെല്ലാം പെട്ടെന്നായിരുന്നു.


നഴ്‌സുമാർ വരുന്നു.

താരയെ സ്ട്രച്ചറിലേക്ക് എടുക്കുന്നു.

കൂടെ ഗൗതമും ലേബർ റൂമിലേക്ക്.



താരയോടൊപ്പം ലേബർ റൂമിൽ നിക്കുമ്പോ ഗൗതമും കരയുകയായിരുന്നു.


രണ്ടാളെയും പൂർണ്ണ ആരോഗ്യത്തോടെ തന്നേക്കണേ ദൈവമേ എന്നയാൾ ഉള്ളുരുകി പ്രാർത്ഥിച്ചു.


ഗൗതമിന്റെ കരച്ചില് കണ്ട ഡോക്ടർ ഒന്നു രണ്ടുവട്ടം ഗൗതമിനെ ലേബർ റൂമിനു പുറത്തേക്ക് പോണോ എന്നു ചോദിച്ചു വിരട്ടി.

വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി താരയുടെ കൈവിരലുകൾ കോർത്തു പിടിച്ചു ഗൗതം അവളുടെ അടുത്തുതന്നെ നിന്നു.



ഏതാണ്ട് ഒന്നൊന്നര മണിക്കൂറുകൾക്ക് ശേഷം താര പ്രസവിച്ചു.



അവരുടെ ആഗ്രഹം പോലെ തന്നെ.. 

പെണ്കുട്ടി. 

കുഞ്ഞിനെ പൊക്കിൾക്കൊടി വേർപ്പെടുത്തി നഴ്‌സ് ഗൗതമിന്റെ കയ്യിൽ കൊടുത്തു.


ഗൗതം നിറകണ്ണുകളോടെ കുഞ്ഞിനെ ഏറ്റു വാങ്ങി.


അവൾ വെളിച്ചത്തിലേക്ക് കണ്ണു തുറക്കുകയും പതുക്കെ ചിരിക്കാൻ ഒരുമ്പെടുകയും ചെയ്തു 


ഗൗതം കണ്ണു നിറച്ചു ചിരിയോടെ താരയെ നോക്കി.


താരയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.


ഗൗതം കുഞ്ഞിന്റെ നെറുകയിൽ ചുംബിച്ചു.


ഐസ കാണാൻ തന്നെപ്പോലെ തന്നെ ഉണ്ടല്ലോടോ..

ഗൗതം കുഞ്ഞിനെ താരയെ കാണിച്ചു കൊണ്ടു താരയോട് പറഞ്ഞു.


താര ചിരിയോടെ കുഞ്ഞിനെ നോക്കി..


ഇനി പുറത്തേക്ക് ഇറങ്ങാലോ..

കുറച്ചു കഴിയുമ്പോ അമ്മയെയും കുഞ്ഞിനെയും റൂമിലേക്ക് മാറ്റും.

സാറ് പുറത്തു വെയിറ്റ് ചെയ്യൂ..

നഴ്‌സ് കുഞ്ഞിനെ തിരിച്ചു വാങ്ങുന്നതിനിടെ ഗൗതമിനോട് പറഞ്ഞു.


പുറത്തേക്കിറങ്ങിയ ഗൗതമിന് ലോകം വെട്ടിപിടിച്ച സന്തോഷമായിരുന്നു.


അയാൾ ഫോണെടുത്തു സച്ചുവിനെ വിളിച്ചു.


കുഞ്ഞുണ്ടായ വിവരവും കുട്ടികൾ ഉണർന്നാൽ അവരെയും കൂട്ടി ഹോസ്പിറ്റലിൽ വരണമെന്നുമൊക്കെ പറഞ്ഞു ഏർപ്പാടാക്കി..


കുഞ്ഞുണ്ടായ വിവരം താരയുടെ ഫ്രണ്ട്സ്‌നും കൊളീഗ്സ്നും മെസേജ് ഇട്ടു.


ഓഫീസിൽ മധുരം കൊടുക്കണമെന്ന് വിളിച്ചു ഏർപ്പാടാക്കി.



സച്ചു കുട്ടികളെയും കൂട്ടി വന്നപ്പോഴേക്കും താരയെ റൂമിലേക്ക് മാറ്റിയിരുന്നു.


കുഞ്ഞാവയെ കണ്ട മിന്നുവും ആമിയും വലിയ സന്തോഷത്തിലായിരുന്നു.

അവർ കുഞ്ഞിനെ മുത്തം വയ്ക്കുകയും എന്തൊക്കെയോ കളിവാക്കുകൾ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു.


ആദിയുടെ ശ്രദ്ധ മുഴുവൻ അമ്മിയിലായിരുന്നു.


അമ്മി ok അല്ലെ ?

ആദി താരയോട് ചോദിച്ചു.


ഞാൻ ok ആടാ..

നിന്നെ വല്യേട്ടാ ന്ന് വിളിക്കേണ്ട ആളാണ് ആ കിടക്കുന്നെ.

ആമിയും മിന്നുവും വിളിക്കുന്ന പോലെ എന്തായാലും ഇവളെക്കൊണ്ടു പേര് വിളിപ്പിച്ചേക്കരുത്..

താര ആദിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.


അവനും ചിരിച്ചു.


ഇതെല്ലാം കണ്ടു ഗൗതം റൂമിലേക്ക് നടന്നു വന്നു താരയുടെ അരികിലായി ഇരുന്നു.

കുഞ്ഞുങ്ങൾ ഗൗതമിനും താരക്കും ചുറ്റും കൂടി.


ഭൂമിയിൽ അവർ സ്വർഗം തീർക്കുന്നതുകണ്ട ദൈവം ആകാശത്തിരുന്ന് അവരെ നോക്കി പുഞ്ചിരിച്ചു.




No comments:

Post a Comment

അഭിപ്രായം രേഖപ്പെടുത്തുക