Tuesday, October 7, 2025

"കുടുംബ കോടതികൾ ആണുങ്ങളോട് ചെയ്യുന്നത്"



ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഒരു സുപ്രധാന ഘടകമാണ് കുടുംബ കോടതികൾ. കുടുംബബന്ധങ്ങളിലെ തർക്കങ്ങൾ, വിവാഹമോചനം, ജീവനാംശം, കുട്ടികളുടെ കസ്റ്റഡി തുടങ്ങിയ വിഷയങ്ങളിൽ തീർപ്പുകൽപ്പിക്കാൻ ചുമതലപ്പെട്ട ഈ സ്ഥാപനങ്ങൾ, പലപ്പോഴും പൊതുസമൂഹത്തിൽ വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. ഈ വിമർശനങ്ങളിൽ പ്രധാനമായും ഉയർന്നു വരുന്ന ഒരു വിഷയമാണ് കേസുകളിലെ അമിതമായ കാലതാമസവും, നിയമവ്യവസ്ഥയുടെ സമീപനത്തിൽ പുരുഷന്മാർ നേരിടുന്ന അവഗണനയും.

1.നീണ്ട കാലതാമസം:

ജീവിതം കോടതി വരാന്തകളിൽ ഹോമിക്കപ്പെടുന്നു
കുടുംബ കോടതി കേസുകളുടെ നീണ്ട കാലയളവ്, അതിൽ കക്ഷികളായ പുരുഷന്മാരുടെ മാനസികവും സാമ്പത്തികവുമായ അവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും വർഷങ്ങൾ നീണ്ടുനിൽക്കുന്ന വ്യവഹാരങ്ങൾ, അവരുടെ ജീവിതത്തിന്റെ സുപ്രധാന സമയത്തെ കവർന്നെടുക്കുകയും, തൊഴിൽ, ആരോഗ്യം, സാമൂഹിക ബന്ധങ്ങൾ എന്നിവയെ തകർക്കുകയും ചെയ്യും.
'നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്' എന്ന തത്വം കുടുംബകോടതികളിലെ പുരുഷ കക്ഷികളുടെ കാര്യത്തിൽ ഒരു കയ്‌പ്പേറിയ യാഥാർത്ഥ്യമായി മാറുന്നു.

2. പിതൃത്വ അവകാശങ്ങളുടെ നിഷേധം: 'കാണാനുള്ള അവകാശം' പോലും ചോദ്യം ചെയ്യപ്പെടുന്നു

കുടുംബകോടതികളിൽ പുരുഷന്മാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് കുട്ടികളുമായുള്ള ബന്ധം നിലനിർത്തുന്നതിലെ ബുദ്ധിമുട്ട്. പലപ്പോഴും, കുട്ടികളുടെ കസ്റ്റഡി കേസുകളിൽ, അമ്മയ്ക്ക് അനുകൂലമായ പൊതുവായ മുൻവിധി നിലനിൽക്കുന്നു. കുഞ്ഞിനെ കാണാനുള്ള പിതാവിന്റെ അവകാശം (Visitation Rights) പോലും നിയമനടപടികളുടെ നൂലാമാലകളിൽപ്പെട്ട് നിഷേധിക്കപ്പെടുന്ന അവസ്ഥകളുണ്ട്. ഇത് കുട്ടികൾക്ക് പിതാവിന്റെ സ്നേഹവും സാമീപ്യവും നഷ്ടപ്പെടുത്തുന്നതിനൊപ്പം, പിതാവിനെ വൈകാരികമായി തകർക്കുകയും ചെയ്യുന്നു. ഒരു നല്ല പിതാവായി തുടരാനുള്ള ഒരാളുടെ അവകാശം നിയമപരമായ കാലതാമസത്തിലൂടെയും സമീപനങ്ങളിലൂടെയും ചോദ്യം ചെയ്യപ്പെടുന്നു.

3. കൗൺസിലിങ്ങിലെ പക്ഷപാതിത്വം

കുടുംബ തർക്കങ്ങൾ പരിഹരിക്കുന്നതിൽ കൗൺസിലിംഗ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, ഈ കൗൺസിലിംഗ് പ്രക്രിയയിൽ പലപ്പോഴും സ്ത്രീ പക്ഷപാതിത്വം (Pro-woman bias) പ്രകടമാകുന്നുണ്ട്  പലപ്പോഴും. ഭർത്താവിനെ മാത്രം കുറ്റപ്പെടുത്തുകയോ, വിട്ടുവീഴ്ചകൾക്ക് ഭർത്താവിനെ മാത്രം നിർബന്ധിക്കുകയോ ചെയ്യുന്ന രീതി കൗൺസിലിംഗ് സെഷനുകളിൽ ഉണ്ടാകുന്നു. പുരുഷന്റെ വാദങ്ങൾക്കും വികാരങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകാതെ, കേസ് തീർപ്പാക്കാനുള്ള ഒരു മാർഗ്ഗം എന്നതിലുപരി, നീതിയുക്തമായ പരിഹാരത്തിനായി കൗൺസിലിംഗ് ഉപയോഗിക്കപ്പെടുന്നില്ല എന്നൊരു ധാരണ ഇത് സൃഷ്ടിക്കുന്നു.
നിയമ പരിഷ്കരണത്തിന്റെ അനിവാര്യത
കുടുംബ കോടതികൾ കാലഘട്ടത്തിനനുസരിച്ച് മാറേണ്ടതും, ലിംഗഭേദമില്ലാതെ നീതി ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.

4. വരുമാനം ഉണ്ടാക്കുന്ന യന്ത്രം' എന്ന ധാരണ

​കുടുംബ കോടതി വ്യവഹാരങ്ങൾ പുരുഷന്മാരെ ഏറ്റവും കൂടുതൽ തകർക്കുന്നത് സാമ്പത്തികമായിട്ടാണ്. നിയമം ഒരു പുരുഷനെ വരുമാനം ഉണ്ടാക്കുന്ന യന്ത്രമായി കണക്കാക്കുന്നു.

• ​ഇടക്കാല ജീവനാംശത്തിന്റെ ഭാരം (Interim Maintenance): കേസ് തീർപ്പാകും മുൻപ് തന്നെ, പലപ്പോഴും നല്ലൊരു തുക ഇടക്കാല ജീവനാംശമായി നൽകേണ്ടി വരുന്നു. വർഷങ്ങൾ നീളുന്ന ഈ ബാധ്യത പുരുഷന്റെ സാമ്പത്തിക ഭാരം കുത്തനെ ഉയർത്തുന്നു.
• ​ജീവനാംശത്തിലെ തുല്യതയില്ലായ്മ: ജീവനാംശം (Maintenance) തീരുമാനിക്കുമ്പോൾ പുരുഷന്റെ വരുമാനം പ്രധാനമായും പരിഗണിക്കുകയും, ഭാര്യയുടെ വരുമാനം, വിദ്യാഭ്യാസം, തൊഴിൽ സാധ്യത എന്നിവ വേണ്ടത്ര പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് സാമ്പത്തികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു.

• ​നിയമ പോരാട്ടത്തിന്റെ ചെലവ്: ദീർഘിച്ച നിയമ നടപടികൾക്കായി വരുന്ന അഡ്വക്കേറ്റ് ഫീസ്/കോടതി ചിലവുകൾ, യാത്രാ ചെലവുകൾ, ജോലി നഷ്ടപ്പെടുത്തുന്നത് വഴിയുള്ള വേതന നഷ്ടം എന്നിവയെല്ലാം ചേർന്ന് ഒരു പുരുഷന്റെ സമ്പാദ്യം മുഴുവനായും ഇല്ലാതാക്കുന്നു.

• ​ഇരട്ട ബാധ്യത: പുനർവിവാഹം ചെയ്യുന്ന പുരുഷന്മാർക്ക് ആദ്യ ഭാര്യക്കും കുട്ടികൾക്കുമുള്ള ജീവനാംശവും, രണ്ടാമത്തെ കുടുംബത്തിന്റെ ചിലവുകളും ഒരുമിച്ച് വഹിക്കേണ്ടി വരുമ്പോൾ, അത് താങ്ങാനാവാത്ത സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുന്നു.

നിയമ പരിഷ്കരണത്തിനായുള്ള ആവശ്യം
​കുടുംബ കോടതികളിലെ ഈ വെല്ലുവിളികൾ പരിഹരിക്കുന്നതിന് നിയമപരമായതും ഭരണപരവുമായ പരിഷ്കാരങ്ങൾ അത്യാവശ്യമാണ്:

1. ​ഫാസ്റ്റ് ട്രാക്ക് സംവിധാനം: കുടുംബ കേസുകൾക്ക് യുക്തിസഹമായ ഒരു സമയപരിധി നിശ്ചയിച്ച്, കാലതാമസം ഒഴിവാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുക.


2. ​പിതൃത്വ അവകാശ സംരക്ഷണം: കുട്ടികളുടെ ഏറ്റവും നല്ല താൽപ്പര്യം മുൻനിർത്തിക്കൊണ്ട്, പിതാവിന് കുട്ടികളെ കാണാനും, അവരുമായി ബന്ധം നിലനിർത്താനും കഴിയുന്ന രീതിയിൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കുക.


3. ​കൗൺസിലിംഗിലെ ലിംഗസമത്വം: കൗൺസിലിംഗ് പ്രക്രിയയിൽ ഇരു കക്ഷികളുടെയും വാദങ്ങളെ തുല്യമായി പരിഗണിക്കുന്ന, പരിശീലനം ലഭിച്ച, ലിംഗസമത്വ കാഴ്ചപ്പാടുള്ള കൗൺസിലർമാരെ നിയമിക്കുക.


4. ​ജീവാനാംശ നിർണ്ണയം: ജീവനാംശം കണക്കാക്കുമ്പോൾ ഭാര്യയുടെ തൊഴിൽ സാധ്യതകളും സാമ്പത്തിക ശേഷിയും കർശനമായി പരിഗണിക്കുന്ന ഒരു തുല്യതയുള്ള സമീപനം സ്വീകരിക്കുക.



കുടുംബ കോടതികൾ ഒരു "വിധി പറച്ചിൽ കേന്ദ്രം" എന്നതിലുപരി, തകർന്ന കുടുംബബന്ധങ്ങളെ വൈകാരികമായും നിയമപരമായും കൈകാര്യം ചെയ്യുന്ന ഒരു "പരിഹാര കേന്ദ്രം" ആയി മാറണം. എല്ലാവർക്കും നീതിയും തുല്യതയും ഉറപ്പാക്കുമ്പോഴാണ് കുടുംബ കോടതികൾ അതിന്റെ ലക്ഷ്യം പൂർണ്ണമായും കൈവരിക്കുന്നത്.









Sunday, August 24, 2025

സെമിനാർ പ്രതികാരം 😊

 മഴ നിർത്താതെ പെയ്തുകൊണ്ടിരുന്നൊരു  ഓഗസ്റ്റ് മാസമായിരുന്നു അത്. മഴച്ചാറ്റലേറ്റ് കോളേജ് വരാന്ത നനഞ്ഞു കിടന്നു.

 കാര്യമല്ലാത്ത എന്തോ കാര്യത്തിന് വഴക്ക് കൂടി ഞങ്ങൾ മിണ്ടാതെ നടക്കുന്ന കാലം. സാധാരണ ഞങ്ങൾക്കിടയിലെ പിണക്കങ്ങളുടെ ആയുസ് രണ്ടോ മൂന്നോ ദിവസമായിരുന്നത് ഇത്തവണ ആഴ്ച്ചകൾ കഴിഞ്ഞിരിക്കുന്നു. ഉള്ളിലെ ഈഗോ അങ്ങോട്ട് ചെന്നു മിണ്ടാൻ സമ്മതിക്കുന്നുമില്ല.


അങ്ങനൊരിക്കെ സജിത മിസ്സിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ക്ലാസ്.


"നാളെ മുതൽ നിങ്ങളുടെ സെമിനാർ സബ്ജെക്ട് ചാപ്റ്റർ 7 മുതൽ ആണ്. അത് ഓരോരുത്തരായി വന്നു ക്ലാസ് എടുക്കുക. ചെയ്യുന്നത് വൃത്തിക്ക് ചെയ്തോളുക. പിന്നെ ഞാൻ ആ പോർഷൻസ് പഠിപ്പിക്കില്ല." സജിത മിസ് പറഞ്ഞു നിർത്തി. എല്ലോരും  തലകുലുക്കി.


പിറ്റേന്ന് മുതൽ ഓരോരുത്തരായി ക്ലാസ് എടുത്തു തുടങ്ങി. അങ്ങനെ ആല്ഫാബെറ്റിക്കൽ ഓർഡറിലെ അവസാനത്തിലുള്ള ഞങ്ങളുടെ ഊഴമെത്തി.


ആദ്യം അവളായിരുന്നു.

എല്ലാവരും ക്ലാസ് ശ്രദ്ധിക്കുന്നു.

അവൾ നല്ല വൃത്തിയിൽ ഓരോ ഭാഗവും വിശദീകരിച്ചു ക്ലാസ് എടുക്കുന്നു.

അവളുടെ പോർഷൻ തീരാറായ കറക്റ്റ് ടൈമിൽ ഞാൻ വെടി പൊട്ടിച്ചു. 


"എനിക്കൊന്നും മനസിലായില്ല. ആദ്യം മുതൽ ഒന്നൂടെ എടുക്ക്."


കൂട്ടുകാരെല്ലാം ഉറക്കെ ചിരിച്ചു.

മിസ്സ്‌ എന്നെ സപ്പോർട്ട് ചെയ്തു.

ഒന്നൂടെ പറഞ്ഞു കൊട്. അവനു ശെരിക്കും മനസ്സിലാവട്ടെ."

അവളെന്നെ കത്തുന്നൊരു നോട്ടം നോക്കി.


പിന്നെ വീണ്ടും ആദ്യം മുതൽ ക്ലാസ് എടുക്കാൻ ആരംഭിച്ചു. മുഴുവൻ എടുത്ത ശേഷം "ഇപ്പൊ മനസ്സിലായോ" എന്ന് എന്നെ തുറിച്ചു നോക്കി ചോദിച്ചു.


ഉം.. മനസിലായി എന്ന മട്ടിൽ ഞാൻ തല കുലുക്കി.


പിറ്റേന്ന്, എന്റെ ഊഴമായിരുന്നു.

നല്ല കോണ്ഫിഡൻസോടെ ഞാൻ ലക്ച്ചർ സ്ടാന്റിലേക്ക് ചെന്നു പുസ്തകം വിടർത്തി ക്ലാസ് എടുക്കാൻ ആരംഭിച്ചു.


സമ്പൂർണ്ണ നിശബ്ദത.

എല്ലാരും ക്ലാസിൽ ശ്രദ്ധിച്ചിരിക്കുന്നു.

ഓരോന്നോരോന്നായി പറഞ്ഞു ഞാൻ കത്തിക്കയറുന്നു


"ഏ"

നല്ല ശബ്ദത്തിൽ അവൾ.


എന്റെ കയ്യീന്ന് പോയി.

ആകാശം ഇരുണ്ടുമൂടുന്നു..

എന്റെ കണ്ണിലാകെ വെട്ടം കയറുന്നു.

തപ്പുന്നു.. പതറുന്നു..

പിള്ളേർ ആർത്തു ചിരിക്കുന്നു.

സജിത മിസ്സ് "കയ്യിലിരുപ്പിന്റെ അല്ലേ അനുഭവിച്ചോ| എന്ന മട്ടിൽ നിൽക്കുന്നു.

അവളുടെ മുഖത്ത് എല്ലായിപ്പോഴുമുള്ള കള്ളച്ചിരി..


ഒരേയൊരു "ഏ" കൊണ്ടു അവളെന്നെ നാമാവശേഷമാക്കി കളഞ്ഞിരിക്കുന്നു.

ആകെ വിയർത്ത് എങ്ങനെയോ ക്ലാസ് തീർത്തു ഞാൻ ബെഞ്ചിലേക്ക് നടന്നു.


"ആരേലും അവനിത്തിരി വെള്ളം കൊടുക്ക്."

സജിത മിസ്സിന്റെ വക ശവപെട്ടിയിലെ അവസാനത്തെ ആണി.


പോയി ബെഞ്ചിലേക്ക് ഇരിക്കാൻ തുടങ്ങുമ്പോ ഓപ്പോസിറ്റ് സൈഡിൽ നിന്നും ഒരു കുപ്പി നീളുന്നു.


അവളാണ്.

അതേ കള്ളച്ചിരിയോടെ..

"കുടിക്ക്.. നല്ല ക്ഷീണം കാണും"..


ഞാനൊന്നും മിണ്ടിയില്ല.

നീട്ടിയ കുപ്പിയും വാങ്ങി ബെഞ്ചിലേക്കിരുന്നു.

വെള്ളം കുടിച്ചു കുപ്പിയും തിരിച്ചു കൊടുക്കുമ്പോഴും ഞാനവളുടെ മുഖത്തേക്ക് നോക്കി.


കണ്ണുകളിൽ "എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും" എന്ന പറച്ചിൽ.

ചുണ്ടിൽ അതേ ചിരി.


ബാക്ക്ഗ്രൗണ്ടിൽ  മൂടിക്കെട്ടിയ ആകാശത്തു നിന്നും മഴ പെയ്തു തുടങ്ങി..

ക്ലാസ് കഴിഞ്ഞതിന്റെ ലോങ്ബെൽ...