Sunday, August 24, 2025

സെമിനാർ പ്രതികാരം 😊

 മഴ നിർത്താതെ പെയ്തുകൊണ്ടിരുന്നൊരു  ഓഗസ്റ്റ് മാസമായിരുന്നു അത്. മഴച്ചാറ്റലേറ്റ് കോളേജ് വരാന്ത നനഞ്ഞു കിടന്നു.

 കാര്യമല്ലാത്ത എന്തോ കാര്യത്തിന് വഴക്ക് കൂടി ഞങ്ങൾ മിണ്ടാതെ നടക്കുന്ന കാലം. സാധാരണ ഞങ്ങൾക്കിടയിലെ പിണക്കങ്ങളുടെ ആയുസ് രണ്ടോ മൂന്നോ ദിവസമായിരുന്നത് ഇത്തവണ ആഴ്ച്ചകൾ കഴിഞ്ഞിരിക്കുന്നു. ഉള്ളിലെ ഈഗോ അങ്ങോട്ട് ചെന്നു മിണ്ടാൻ സമ്മതിക്കുന്നുമില്ല.


അങ്ങനൊരിക്കെ സജിത മിസ്സിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ക്ലാസ്.


"നാളെ മുതൽ നിങ്ങളുടെ സെമിനാർ സബ്ജെക്ട് ചാപ്റ്റർ 7 മുതൽ ആണ്. അത് ഓരോരുത്തരായി വന്നു ക്ലാസ് എടുക്കുക. ചെയ്യുന്നത് വൃത്തിക്ക് ചെയ്തോളുക. പിന്നെ ഞാൻ ആ പോർഷൻസ് പഠിപ്പിക്കില്ല." സജിത മിസ് പറഞ്ഞു നിർത്തി. എല്ലോരും  തലകുലുക്കി.


പിറ്റേന്ന് മുതൽ ഓരോരുത്തരായി ക്ലാസ് എടുത്തു തുടങ്ങി. അങ്ങനെ ആല്ഫാബെറ്റിക്കൽ ഓർഡറിലെ അവസാനത്തിലുള്ള ഞങ്ങളുടെ ഊഴമെത്തി.


ആദ്യം അവളായിരുന്നു.

എല്ലാവരും ക്ലാസ് ശ്രദ്ധിക്കുന്നു.

അവൾ നല്ല വൃത്തിയിൽ ഓരോ ഭാഗവും വിശദീകരിച്ചു ക്ലാസ് എടുക്കുന്നു.

അവളുടെ പോർഷൻ തീരാറായ കറക്റ്റ് ടൈമിൽ ഞാൻ വെടി പൊട്ടിച്ചു. 


"എനിക്കൊന്നും മനസിലായില്ല. ആദ്യം മുതൽ ഒന്നൂടെ എടുക്ക്."


കൂട്ടുകാരെല്ലാം ഉറക്കെ ചിരിച്ചു.

മിസ്സ്‌ എന്നെ സപ്പോർട്ട് ചെയ്തു.

ഒന്നൂടെ പറഞ്ഞു കൊട്. അവനു ശെരിക്കും മനസ്സിലാവട്ടെ."

അവളെന്നെ കത്തുന്നൊരു നോട്ടം നോക്കി.


പിന്നെ വീണ്ടും ആദ്യം മുതൽ ക്ലാസ് എടുക്കാൻ ആരംഭിച്ചു. മുഴുവൻ എടുത്ത ശേഷം "ഇപ്പൊ മനസ്സിലായോ" എന്ന് എന്നെ തുറിച്ചു നോക്കി ചോദിച്ചു.


ഉം.. മനസിലായി എന്ന മട്ടിൽ ഞാൻ തല കുലുക്കി.


പിറ്റേന്ന്, എന്റെ ഊഴമായിരുന്നു.

നല്ല കോണ്ഫിഡൻസോടെ ഞാൻ ലക്ച്ചർ സ്ടാന്റിലേക്ക് ചെന്നു പുസ്തകം വിടർത്തി ക്ലാസ് എടുക്കാൻ ആരംഭിച്ചു.


സമ്പൂർണ്ണ നിശബ്ദത.

എല്ലാരും ക്ലാസിൽ ശ്രദ്ധിച്ചിരിക്കുന്നു.

ഓരോന്നോരോന്നായി പറഞ്ഞു ഞാൻ കത്തിക്കയറുന്നു


"ഏ"

നല്ല ശബ്ദത്തിൽ അവൾ.


എന്റെ കയ്യീന്ന് പോയി.

ആകാശം ഇരുണ്ടുമൂടുന്നു..

എന്റെ കണ്ണിലാകെ വെട്ടം കയറുന്നു.

തപ്പുന്നു.. പതറുന്നു..

പിള്ളേർ ആർത്തു ചിരിക്കുന്നു.

സജിത മിസ്സ് "കയ്യിലിരുപ്പിന്റെ അല്ലേ അനുഭവിച്ചോ| എന്ന മട്ടിൽ നിൽക്കുന്നു.

അവളുടെ മുഖത്ത് എല്ലായിപ്പോഴുമുള്ള കള്ളച്ചിരി..


ഒരേയൊരു "ഏ" കൊണ്ടു അവളെന്നെ നാമാവശേഷമാക്കി കളഞ്ഞിരിക്കുന്നു.

ആകെ വിയർത്ത് എങ്ങനെയോ ക്ലാസ് തീർത്തു ഞാൻ ബെഞ്ചിലേക്ക് നടന്നു.


"ആരേലും അവനിത്തിരി വെള്ളം കൊടുക്ക്."

സജിത മിസ്സിന്റെ വക ശവപെട്ടിയിലെ അവസാനത്തെ ആണി.


പോയി ബെഞ്ചിലേക്ക് ഇരിക്കാൻ തുടങ്ങുമ്പോ ഓപ്പോസിറ്റ് സൈഡിൽ നിന്നും ഒരു കുപ്പി നീളുന്നു.


അവളാണ്.

അതേ കള്ളച്ചിരിയോടെ..

"കുടിക്ക്.. നല്ല ക്ഷീണം കാണും"..


ഞാനൊന്നും മിണ്ടിയില്ല.

നീട്ടിയ കുപ്പിയും വാങ്ങി ബെഞ്ചിലേക്കിരുന്നു.

വെള്ളം കുടിച്ചു കുപ്പിയും തിരിച്ചു കൊടുക്കുമ്പോഴും ഞാനവളുടെ മുഖത്തേക്ക് നോക്കി.


കണ്ണുകളിൽ "എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും" എന്ന പറച്ചിൽ.

ചുണ്ടിൽ അതേ ചിരി.


ബാക്ക്ഗ്രൗണ്ടിൽ  മൂടിക്കെട്ടിയ ആകാശത്തു നിന്നും മഴ പെയ്തു തുടങ്ങി..

ക്ലാസ് കഴിഞ്ഞതിന്റെ ലോങ്ബെൽ...



No comments:

Post a Comment

അഭിപ്രായം രേഖപ്പെടുത്തുക