Friday, December 9, 2022

പറഞ്ഞു തീരാത്ത പരിഭവങ്ങൾ

 അപ്പാ,

അപ്പായ്ക്കെന്നോട് തീരെ സ്നേഹമില്ലല്ലേ ?


മകളുടെ ആ ചോദ്യത്തിന്


എന്തേ നിനക്കിപ്പോ അങ്ങനെ തോന്നാൻ ??

എന്നു വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും തലയുയർത്താതെ തന്നെ അയാൾ മറുചോദ്യമെറിഞ്ഞു.


അപ്പയെന്നെ ഒന്നു കെട്ടിപിടിക്കുന്നില്ല, എന്നോടൊന്നു ഉള്ളു തുറന്നു ചിരിക്കുന്നില്ല. ഒന്നു സന്തോഷത്തോടെ മിണ്ടുന്നു പോലുമില്ല.


ഒക്കെ നിനക്ക് തോന്നുന്നതാ.


അല്ല,

എനിക്കത് കൃത്യമായി ഫീൽ ആവുന്നുണ്ട്. ഞാനിവിടേക്ക് വന്നിട്ട് ഇത് നാലാമത്തെ ദിവസമാണ്.

വന്ന ആദ്യത്തെ ദിവസം മുതൽ ഞാൻ നോട്ട് ചെയ്യുന്നുണ്ട്.

ഞാൻ വന്നത് അപ്പായ്ക്ക് ഇഷ്ടായില്ലേ ?


എനിക്കെന്താ ഇഷ്ടക്കുറവ് ?

ഇത് നിന്റെ  വീടല്ലേ.. നിനക്ക് എപ്പൊ വേണേലും വരാലോ..ഞാൻ മരിച്ചാൽ ഇതിന്റെ അവകാശി നീ മാത്രം അല്ലെ" എന്നും പറഞ്ഞു ചിരിച്ചു അയാൾ സോഫയിലിരുന്നു  വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ പേജ് മെല്ലെ മറിച്ചു.


ഡിവോഴ്‌സ് ആയി ഒറ്റക്ക് താമസിക്കുന്ന അയാളുടെ അടുത്തേക്ക്  കൂടെ നിൽക്കാൻ, കുറച്ചു ദിവസം കൂടെ താമസിക്കാൻ ആണ്  ഒരുപാട്‌ വർഷങ്ങൾക്ക് ശേഷം മകൾ എത്തിയിരിക്കുന്നത്. അവൾക്ക് ഓർമ വച്ചതിനു ശേഷം ആദ്യമായി. പതിനെട്ട്  വർഷത്തിന്റെ ഇടയിൽ ആദ്യമായി എന്നു പറയുന്നതാവും ശെരി.


അമ്മയുമായി എന്തോ കാര്യത്തിന് പിണങ്ങി ബാഗും തൂക്കി വന്നു കയറിയ മകളെ അയാൾ ഒന്നും ചോദിക്കാതെ തന്നെ വീട്ടിലേക്ക് സ്വീകരിച്ചു.



കഴിഞ്ഞ 2-3 ദിവസങ്ങൾക്കിടയിലെ സംസാരത്തിൽ നിന്നും മനസിലായത് അവൾക്ക് അമ്മ വിവാഹം നോക്കുന്നുവെന്നും എന്നാൽ വിദേശത്തെവിടെയോ പോയി മാസ്റ്റേഴ്സ് ചെയ്യണമെന്നതാണ് അവളുടെ ആഗ്രഹമെന്നുമാണ്. വിവാഹം കഴിഞ്ഞും മാസ്റ്റേഴ്സ് ചെയ്യാമല്ലോ എന്ന അമ്മയുടെ ചോദ്യമാണ് തർക്കത്തിനും ഇപ്പോഴത്തെ ഈ വരവിനും കാരണമായത്.


നീണ്ട കാലങ്ങൾക്ക് ശേഷം പുതിയൊരാൾ വന്നു കയറിയതിന്റെ മാറ്റം അയാൾക്കും ആ വീടിനും കാണാൻ ഉണ്ടായിരുന്നു. വീടിന്റെ എല്ലാ ലൈറ്റുകളും കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി തെളിഞ്ഞു കിടന്നിരുന്നു. പഴയ കർട്ടനുകൾ എല്ലാം മാറ്റി പുതിയത് ഇട്ടു.. അങ്ങനെയങ്ങനെ ഒറ്റനോട്ടത്തിൽത്തന്നെ ഒരു മാറ്റം എല്ലാത്തരത്തിലും വിസിബിൾ ആയിരുന്നു 


മകളോട് കുശലവർത്തമാനങ്ങൾ പറയുന്നുണ്ടായിരുന്നെങ്കിലും അയാൾ അയാളുടെ ലോകത്ത് തന്നെയായിരുന്നു.

അയാളുടെ പഴയ പാട്ടുകളും, ഇനിയും വായിച്ചു തീർക്കാത്ത കുറെ പുസ്തകങ്ങളും പാചകവും ഒക്കെയായി പുതിനൊയൊരാൾ വന്നതിന്റെ യാതൊരു മാറ്റവും തോന്നാത്തത് പോലെ അയാൾ അങ്ങനെ ഇരിക്കുമ്പോഴാണ് മകളുടെ പൊടുന്നനെയുള്ള ചോദ്യം ഉയർന്നത്.


കേട്ട മറുപടിയിൽ തൃപ്തയാവാത്തത് കൊണ്ടാവണം അവൾ പിന്നെയും പരിഭവത്തിന്റെ കെട്ടഴിച്ചു.


അല്ലേലും അപ്പ പണ്ടേ ഇങ്ങനാ,

പേരിനൊന്നു കാണാൻ വരും. വരുമ്പോ എന്നേലും വാങ്ങിക്കൊണ്ടു വരും.

അല്ലാണ്ട് അപ്പ എപ്പളാ എന്നെ സ്നേഹിച്ചിട്ടുള്ളത്.

എന്താ എനിക്ക് വേണ്ടി ചെയ്തു തന്നിട്ടുള്ളത്.



മതി,

നിർത്ത്..

നമുക്ക് വേറെ എന്തേലും സംസാരിക്കാം..

അയാൾ പുസ്തകം മടക്കി വച്ചു ഗൗരവത്തിൽ പറഞ്ഞു.



എന്ത് മതി ന്ന്..

ഞാൻ ഇനീം പറയും...

അപ്പ എന്നെ സ്നേഹിച്ചിട്ടെ ഇല്ല.

അന്നുമില്ല ഇപ്പളും ഇല്ല..

അവൾ കൂടുതൽ ദേഷ്യത്തോടെ പറഞ്ഞു.



ഇല്ല..

ഞാൻ സ്നേഹിച്ചിട്ടില്ല 

ഞാൻ ആരേം ഒരിക്കലും സ്നേഹിച്ചിട്ടില്ല

അയാൾ ക്രുദ്ധനായി.


എനിക്ക് നിന്നെ അവശ്യമുണ്ടായിരുന്ന കാലത്തൊന്നും നീ എന്റെ കൂടെ ഉണ്ടായിരുന്നില്ല.

നിന്റമ്മേം നീയും ഒന്നും അതിനു സമ്മതിച്ചിട്ടില്ല.

ഒന്നു എടുത്തോണ്ട് നടക്കാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ട് ന്ന് അറിയോ ?

നിനക്ക് പറഞ്ഞു തരാൻ ഉള്ള എത്രയെത്ര കഥകള് എന്റെ ഉള്ളിൽ കിടന്നു ശ്വാസം കിട്ടാതെ പിടഞ്ഞു തീർന്നിട്ടുണ്ട് ന്ന് അറിയോ ?

കാല് പിടിക്കണ പോലെ ഞാൻ നിന്റെ മുന്നി നിന്ന് കെഞ്ചിയിട്ടുണ്ട് ഒന്ന് കൂടെ വരാൻ.. പറയുമ്പോ നിനക്ക് പറയാം നിനക്ക് അറിവില്ലാത്ത പ്രായം ആരുന്നു ന്ന്.

എന്നിലെ അപ്പനും നിന്റത്ര പ്രായേ ഉണ്ടായിരുന്നുള്ളൂ ന്നേ..

 നിനക്ക് 5 വയസ് ആയിരുന്നെങ്കി ഞാനെന്ന അപ്പനും 5 വയസെ ആയിട്ടുണ്ടായിരുന്നുള്ളൂ..

എന്നിട്ടിപ്പൊ അവള് കണക്ക് പറയുന്നു.

ഞാൻ സ്നേഹിച്ചിട്ടില്ലാന്ന്..

ഞാൻ നോക്കിയിട്ടില്ലാന്ന്..

ഞാൻ എങ്ങനെ നോക്കണാരുന്നു ന്നാ ??

നിന്റമ്മ എന്നെ ഇട്ടേച്ചു പോയി വേറെ കല്യാണവും കഴിച്ചു നിക്കുന്ന വീടിന്റെ മുന്നില് ഞാൻ വന്നു റേഷൻ പോലെ മാസത്തിലൊരിക്കെ ഒരു മണിക്കൂർ സമയത്തേക്ക് നിന്നെ കാണാൻ വരുമ്പോ ഞാൻ എങ്ങനെ സ്നേഹിക്കണാരുന്നുന്നാ നീ പറയുന്നേ ??

മാസത്തിൽ ആകെ കിട്ടുന്ന ആ ഒരു മണിക്കൂർ നു വേണ്ടിയാ ഞാൻ ജീവിച്ചോണ്ടിരുന്നെ..

അന്നൊന്നും എനിക്കും ആരും ഇല്ലായിരുന്നു.

നിനക്കൊക്കെ ചുറ്റും ആളുണ്ടായിരുന്നു.

ഞാനെ.., ഞാൻ ഒറ്റക്കാരുന്നു,

അന്നുമതെ, ഇപ്പോളും അതേ..

എന്റെ നല്ല പ്രായം മൊത്തം നിന്റെ പിന്നാലെ അലഞ്ഞതാ ഞാൻ.. എന്നിട്ടിപ്പൊ അവൾക്ക് സ്നേഹം ഫീൽ ചെയ്യുന്നില്ല ന്ന്..

എനിക്കിതിൽ കൂടുതൽ സ്നേഹിക്കാൻ അറിയില്ല. അല്ലെങ്കി എനിക്കിത്രയൊക്കെയെ പറ്റുന്നുള്ളൂ..


ഇപ്പൊ,

ഇപ്പോപ്പോലും നീ വന്നത് എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടൊന്നും അല്ലല്ലോ..,

അമ്മയോട് പിണങ്ങിയപ്പോ വന്നു നിക്കാൻ..

നിനക്ക് എപ്പളും അമ്മ തന്നെയാരുന്നു വലുത്.

അമ്മമാർക്ക് പത്തു മാസം വയറ്റിൽചുമന്നതിന്റെയും നൊന്തു പ്രസവിച്ചതിന്റെയും കണക്ക് കാണും എന്നും പറയാൻ..

അതേ കാണൂ..

അപ്പന്മാർക്ക് അതില്ല. അതു മാത്രേ ഇല്ലാത്തതുള്ളൂ.. അതൊന്നും ഒരു കാലത്തും ആർക്കും മനസിലാവില്ല.


നാളെ പിണക്കം മാറി അമ്മയും മോളും ഒന്നാവും. അപ്പോളും ഞാൻ ഒറ്റക്കേ ഉണ്ടാവൂ..

എനിക്ക് അപ്പോളും ഞാൻ മാത്രേ കാണൂ..


കണ്ണു നിറഞ്ഞ് കിതപ്പോടെ അയാൾ പറഞ്ഞു നിർത്തി.


 മറുപടിയൊന്നും പറയാനില്ലാതെ അവൾ കുറച്ചു നേരം അയാളെ നോക്കി നിന്നു. പിന്നെ മെല്ലെ അയാളുടെ അടുത്തു വന്നിരുന്ന് അയാളുടെ തോളിൽ കയ്യിട്ട് ചേർത്തു പിടിച്ചു ഒരു പൂച്ചക്കുഞ്ഞിനെപോലെ അയാളോട് ചേർന്നിരുന്നു.

അപരിചിതമായ സ്പർശനം അയാളെ അസ്വസ്ഥനാക്കിയെങ്കിലും  ഒന്നും മിണ്ടാതെ അയാളിരുന്നു. അവൾ അയാളോട് കൂടുതൽ കൂടുതൽ ഒട്ടി ഇരുന്നു.


അപ്പോൾ,


ഒരു ഇളം കാറ്റ് അവരെയും തഴുകി കടന്നു പോയി..








1 comment:

  1. വായിക്കേണ്ടിയിരുന്നില്ല....

    ReplyDelete

അഭിപ്രായം രേഖപ്പെടുത്തുക