Saturday, December 24, 2022

ചേർത്തു പിടിക്കലാണ് ക്രിസ്മസ്


 

എടാ എനിക്കെന്റെ മോളെ മിസ് ചെയ്യുന്നെടാ,
ഭയങ്കരമായിട്ടു മിസ് ചെയ്യുന്നു.
നല്ലൊരു ക്രിസ്മസ് ആയിട്ട് ഞാനിവിടെ ക്യാമ്പിലും അവളും മോളും നാട്ടിലും.
രാവിലെ വീഡിയോ കോൾ ചെയ്തപ്പോ മോള് ചോദിക്കുവാ ക്രിസ്മസ് ആയിട്ട് പപ്പ വരുന്നില്ലേ ന്ന്..
വേഗം വരാം ന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു.

റോയ് നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.
ഓരോന്നിനും ഗൗതം വെറുതെ മൂളിക്കൊണ്ടിരുന്നു.

എടാ മോളെ കണ്ടിട്ട് 3 മാസം ആയി.
ഞാനിവിടെ ക്രിസ്മസ് നു ലീവ് ചോദിച്ചു വച്ചിരുന്നതാ..
ലീവ് സാങ്‌ക്ഷനായി വന്നത് ജനുവരി 10 മുതൽ..
എന്നാ സിസ്റ്റം ആടാ ഇവിടുത്തെ..
പറയുമ്പോ മിലിട്ടറി ആണ് രാജ്യസേവനം ആണ്.. ഒക്കെ ശെരിയാണ്..
പക്ഷെ ഞങ്ങക്കും കുടുംബം ഉണ്ടെന്നോർത്തൂടെ മോളിലുള്ളൊന്മാർക്ക്..

റോയ് ദേഷ്യത്തോടെ പറഞ്ഞു.

ഒക്കെ ശെരിയാവും ടാ..
എന്നായാലും ജനുവരി 10 മുതൽ നിനക്ക് മോളോടൊപ്പം കൂടാലോ..
ഇനി പതിനഞ്ച് ദിവസം കൂടിയല്ലേ ഉള്ളൂ..
നീ ക്ഷമിക്ക്‌..
ഗൗതം റോയിയെ സമാധാനിപ്പിച്ചു.

എടാ മോൾക്ക് വയസ് 4 ആവുന്നു.
മൂന്നാമത്തെ ബർത്ത് ഡേ കഴിഞ്ഞു ഞങ്ങൾ കണ്ടത് ആകെ 5 വട്ടം..
പിന്നെന്നാ, ഡെയിലി വീഡിയോ കോൾ വിളിക്കുന്നുണ്ട്. അതാണൊരാശ്വാസം..
നിങ്ങള് നാട്ടിൽ ഉള്ളൊരു അക്കാര്യത്തിൽ ഭാഗ്യവന്മാരാടാ.. ഒന്നൂല്ലേലും പിള്ളേരുടെ കൂടെ ഇരിക്കാലോ..
അവരുടെ കളിചിരികൾ കണ്ട്...
എനിക്ക് എന്റെ കൊച്ചിനോടൊത്തുള്ള നല്ല കാലം ആണ് ഈ മിസ്സായി പോണത്..
റോയ് സങ്കടപ്പെട്ടു.

നല്ലൊരു ക്രിസ്മസ് ആയിട്ട് പോയി രണ്ടെണ്ണം അടിച്ചിരിക്കാൻ ഉള്ളെന് നീ ചുമ്മാ..
എന്നായാലും പതിനഞ്ചു ദിവസം കഴിയുമ്പോ വരാലോ... കാണാലോ ..
സമാധാനപ്പെട് നീ..

എന്നാ നിന്റെ കാര്യങ്ങള് നടക്കട്ടെ..
പെട്ടെന്ന് സങ്കടം വന്നപ്പോ നിന്നെയൊന്ന് വിളിക്കാൻ തോന്നി. അത്രേ ഉള്ളൂ..
വയ്ക്കട്ടെ ഞാൻ.. പിന്നെ വിളിക്കാം

എന്നും പറഞ്ഞു റോയ് ഫോൺ വച്ചു.

ഗൗതം ഫോൺ മാറ്റി വച്ചു പുതപ്പ് തലക്ക് മുകളിലേക്ക് ഒന്നു കൂടി വലിച്ചിട്ടു കമിഴ്ന്നു കിടന്നു.

ആ കിടപ്പ് എത്ര നേരം കിടന്നു എന്നറിയില്ല.
ഇടക്ക് ഉറങ്ങിപ്പോയി.
കോളിംഗ് ബെൽ നിർത്താതെ അടിക്കുന്നത് കേട്ടാണ് എണീക്കുന്നത്.
അമ്മ പോയി വാതിൽ തുറക്കുന്നതും "ഗൗതം എന്തിയെ" എന്ന സച്ചുവിന്റെ ചോദ്യത്തിന് "ബെഡിൽ നിന്നും എണീറ്റിട്ടില്ല, പുതച്ചു മൂടി അവിടെ കിടപ്പുണ്ട്" എന്ന അമ്മയുടെ മറുപടിയുമൊക്കെ പുതപ്പിനടിയിൽ കിടന്നുതന്നെ കേട്ടു.

"12 മണിയായല്ലോ സമയം. നല്ലൊരു ക്രിസ്മസ് ആയിട്ട് ഇവനെന്താ ഇങ്ങനെ" എന്ന് ഉറക്കെ  ചോദിച്ചുകൊണ്ടു സച്ചു ഗൗതമിന്റെ റൂമിലേക്ക് നടന്നു.

കാൽപെരുമാറ്റം അടുത്തുവരുന്നത് കേട്ട് പുതപ്പ് ഒന്നുകൂടി വലിച്ചിട്ടു ഗൗതം കിടപ്പ് തുടർന്നു.

റൂമിലേക്ക് കയറിവന്ന സച്ചു പുതപ്പ് വലിച്ചുയർത്തി. "എന്നാ കിടപ്പാടാ, എണീറ്റ് കുളിക്ക്, വല്ലോം കഴിക്കാം എനിക്കും നല്ല വിശപ്പുണ്ട്" എന്നു പറഞ്ഞു.

എനിക്കൊന്നും വേണ്ട.
നീ കഴിച്ചോ

എന്നും പറഞ്ഞു ഗൗതം പുതപ്പ് വീണ്ടും തലവഴി മൂടി.

നല്ലൊരു ക്രിസ്മസ് ആയിട്ട് ഇവൻ...
സച്ചു വീണ്ടും പുതപ്പ് വലിച്ചു.

ക്രിസ്മസോ ?
എന്ത് ക്രിസ്മസ് ??
എനിക്കെന്നാ ക്രിസ്മസാ ഉള്ളെ ??
ഈ ആഘോഷങ്ങളൊക്കെ മനുഷ്യന് സന്തോഷിക്കാൻ വേണ്ടി ഉള്ളതാ..
എനിക്ക് തീരെ ഇല്ലാത്തതും അതാ..
ഗൗതം പിന്നെയും പുതപ്പെടുത്തു തലവഴി മൂടി.

എടാ അഖിലും ജോണുമൊക്കെ പുറത്തുണ്ട്.
ഞങ്ങൾ ഇന്ന് ഇവിടെ ക്രിസ്മസ് കൂടാൻ വന്നതാ.. നീ എണീറ്റു വാ..

മുഖത്തു നിന്നും പുതപ്പ് മാറ്റി,
"നിങ്ങള് വേണേ കഴിച്ചിട്ട് പോ..
എനിക്ക് ക്രിസ്മസും ഇല്ല ഒരു കുന്തോം ഇല്ല."
ഗൗതം ഈർഷ്യയോടെ പറഞ്ഞു.

എടാ,
അമ്മയും അപ്പനും ഉള്ളതാണ്.
രണ്ടാൾക്കും പ്രായമായി വരുവാണ്.
നീ എല്ലാ ആഘോഷങ്ങൾക്കും ഇങ്ങനെ തുടങ്ങിയാൽ അവരെന്തു ചെയ്യും ?
നിന്റെ കാര്യത്തിൽ അവർക്ക് വിഷമമില്ലെന്നാ ??
സച്ചു ചോദിച്ചു.

എടാ സച്ചൂ,
അത്രയും കാലം കൂടെ ഉണ്ടായിരുന്നൊരാൾ അല്ലേൽ അത്രേം പ്രിയപ്പെട്ടവർ പെട്ടെന്നൊരു ദിവസം അങ്ങു ഇട്ടേച്ചു പോയതിനുശേഷം വരുന്ന ഓരോ വിശേഷങ്ങളും അവരില്ലാത്ത ആദ്യത്തെ, അല്ലെങ്കിൽ അവരില്ലാത്ത രണ്ടാമത്തെ ഇങ്ങനെ മാത്രമാകും എണ്ണുക. എന്തിന് ഓരോ ദിവസം പോലും എണ്ണുന്നത് അങ്ങനെ ആയിരിക്കും.!
ഓണവും വിഷുവും ക്രിസ്മസുമൊക്കെ അങ്ങനെയങ്ങനെ 365 ദിവസങ്ങളാണ്...
ഗൗതം ഗദ്ഗദത്തോടെ പറഞ്ഞു.

ഇനി എത്ര നാള് ഇതും പറഞ്ഞിരിക്കാനാ നിന്റെ പ്ലാൻ
സച്ചു ഇടയിൽ കയറി.

എടാ,
ഒറ്റക്കുള്ള ജീവിതത്തെ റൊമാന്റിസൈസ് ചെയ്യുന്നുണ്ട്,
അതിന്റെ സ്വാതന്ത്ര്യത്തെ പറ്റി വാചാലനാവുന്നുണ്ട്..
ഒക്കെ ശെരിയാണ്..
പക്ഷെ,
ഓണം പോലെ , വിഷു പോലെ xmas പോലെയൊക്കെയുള്ള ആഘോഷങ്ങള് വരുമ്പോ എനിക്കെന്റെ കുഞ്ഞിനെ മിസ് ചെയ്യും. അപ്പനും മോളുമായിട്ടുള്ള ഞങ്ങടെ ജീവിതം ഭീകരമായിട്ടു മിസ് ചെയ്യും.
നിനക്കറിയോ ഞാനെന്റെ മോളെ കണ്ടിട്ട് ഒരു വർഷത്തിന് മേലെയായി.
ഡിവോഴ്‌സ് പേപ്പർ ഒപ്പിട്ടു കൊടുക്കാതെ കുഞ്ഞിനെ കാണിച്ചു തരില്ലെന്ന പിടിവാശിയിലാണ് ദീപയും അവളുടെ വീട്ടുകാരും. ഞങ്ങൾ തമ്മിൽ നൂറു പ്രശ്നങ്ങളുണ്ടാകും., അതിനിടയിലേക്ക് അവരെന്തിനാ കുഞ്ഞിനെ കരുവാക്കുന്നെ ?? ഒരു തരം ചീപ്പ് ഡേർട്ടി ഗെയിം..
ഗൗതം രോഷം കൊണ്ടു.
ഇങ്ങനെയുള്ള ആഘോഷ ദിവസങ്ങള് എല്ലാരും ആഘോഷിക്കുമ്പോ., സന്തോഷിക്കുമ്പോ എനിക്ക് മാത്രം  അതൊന്നുമില്ലല്ലോന്നോർത്ത് നെഞ്ചു പൊട്ടും..

ഞാനെന്റെ മുറിയുടെ ഇരുട്ടിൽ..
എന്റെ പുതപ്പിന്റെ അടിയിൽ...
ബെഡിൽ കിടന്ന് ങ്ങനെയങ്ങനെ ആ ദിവസം തീർക്കും..

അപ്പോളൊക്കെ ഞാൻ വിചാരിക്കും.
തിങ്‌സ് വിൽ ചേഞ്ച്
ഐ വിൽ ബി ഓൾറൈറ്റ്..
എവരിതിങ് വിൽ ബി ഓൾറൈറ്റ് ന്നൊക്കെ..

എവിടുന്ന്...

അതിഭീകരമായി മരിക്കാൻ തോന്നുന്നതും ഇങ്ങനുള്ള ദിവസങ്ങളിലാണ്...
അങ്ങനെ തോന്നല് വരുമ്പോ ഞാൻ ഏറ്റോം ദൂരത്തുള്ള സ്റ്റോപ്പിലേക്ക് ടിക്കെറ്റ് എടുത്തു ട്രെയിൻ കേറും.
എങ്ങാണ്ടൊക്കെ പോയി തിരിച്ചു വരുമ്പോ ഇത്തിരി മയമൊക്കെ  വരും മനസിന്‌...

ഇന്നിപ്പോ എനിക്ക് അങ്ങനെ എങ്ങോട്ടേലും പോയാലോ ന്നാ...
ഗൗതം പറഞ്ഞു നിർത്തി.

സങ്കടങ്ങളും പ്രശ്നങ്ങളുമില്ലാത്ത മനുഷ്യരൊന്നുമില്ല. നിനക്ക് മാത്രമല്ല വിഷയങ്ങൾ. എന്നുകരുതി ആരും ഇങ്ങനെ മുറിയടച്ചിരിക്കുന്നൊന്നുമില്ല.എണീക്ക്.
നീയെങ്ങോടും പോകുന്നില്ല.
നമ്മൾ ഫുഡും കഴിച്ചു ഇവിടെ ഈ വീട്ടിൽ കൂടും.
ഡാ അഖിലെ ഇങ്ങു വന്നേ..
ഇവനെ എണീപ്പിച്ചു റെഡി ആക്ക്.
ഞാൻ അപ്പോളേക്കും അടുക്കളയിൽ പോയി അമ്മയെന്ന ക്രിസ്മസ് സ്‌പെഷ്യൽ ആക്കിയെക്കുന്നത് ന്ന് നോക്കി വരാം.

അഖിൽ റൂമിലേക്ക് വന്നതും സച്ചു എണീറ്റു കിച്ചനിലേക്ക് പോയി.

ഗൗതം എഴുന്നേറ്റ് കുളിച്ചു റെഡി ആയി വരുമ്പോഴേക്കും ഭക്ഷണം വിളമ്പിക്കാത്തിരിക്കുകയായിരുന്നു എല്ലാവരും.

ഗൗതം ഡൈനിങ് ടേബിളിനടുത്തേക്ക് ചെന്ന് കസേര വലിച്ചിട്ടിരുന്നു.

സച്ചു ഗ്ലാസിൽ വൈൻ പകർന്നു കൊടുത്തതും കുടിച്ചു ഒരു കഷ്ണം കേക്കുമെടുത്തു ഗൗതം കഴിച്ചു.
എല്ലാവരുടെ മുഖത്തും ഒരു പുഞ്ചിരി പരന്നു.

No comments:

Post a Comment

അഭിപ്രായം രേഖപ്പെടുത്തുക