Friday, October 2, 2026

പത്മ



ബാൽക്കണിയിലെ പഴയ ചാരുകസേരയിലിരുന്ന് താഴേക്ക് നോക്കുമ്പോൾ, മഴ നനച്ച റോഡ് മങ്ങിയ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.

മേശപ്പുറത്ത് തണുത്ത ഒരു ഗ്ലാസ് കട്ടൻചായ  ഇരിപ്പുണ്ട്. അതിന്റെ തൊട്ടടുത്ത് കാനഡയിലെ മക്ഗിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നുള്ള ഓഫർ ലെറ്ററും രണ്ട് ഫ്ലൈറ്റ് ടിക്കറ്റുകളും കിടപ്പുണ്ടായിരുന്നു. അടുത്ത മാസം പതിനഞ്ചിനാണ് ഫ്ലൈറ്റ്. ആ പേപ്പറുകളിലേക്ക് നോക്കാതിരിക്കാൻ ഞാൻ വീണ്ടും സിഗരറ്റിലേക്ക് തീ പകർന്നു.

"ആ കട്ടൻ ഞാൻ കുടിച്ചോളാം പത്മാ... നീയത് വീണ്ടും ചൂടാക്കാൻ നിൽക്കണ്ട." ഞാൻ തിരിഞ്ഞുനോക്കാതെ പറഞ്ഞു.

"അത് കുടിക്കാനല്ല, നിന്റെ ഈ വലി ഒന്ന് നിർത്താനാ ഞാൻ അവിടെ വെച്ചത്."

അവൾ വന്ന് എന്റെ കൈയിൽ നിന്ന് സിഗരറ്റ് തട്ടിപ്പറിച്ചെടുത്തു. എന്നിട്ട് ആഷ്ട്രേയിലേക്ക് കുത്തിക്കെടുത്തി. ആ വിരലുകളിൽ നേർത്ത ഒരു വിറയലുണ്ടായിരുന്നു.

രണ്ടു വർഷം മുൻപാണ് പത്മ എന്റെ ജീവിതത്തിലേക്ക് വരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസിയുടെ ഭ്രാന്തമായ ഡ്യൂട്ടികൾക്കിടയിൽ നിന്നായിരുന്നു അവളുടെ ആദ്യത്തെ മെസ്സേജ്. 'ഐസിയുവിൽ ആളുകൾ ശ്വാസമെടുക്കാൻ പിടയുന്നത് കണ്ട് തല പെരുത്ത് മുറിയിലിരിക്കുമ്പോഴാണ് നിങ്ങളുടെ ഒരു കുറിപ്പ് വായിച്ചത്. അണുനാശിനിയുടെ മണമില്ലാത്ത മനുഷ്യരെപ്പോലെ തോന്നി ആ വരികൾ വായിച്ചപ്പോൾ...'

പതിയെ അതൊരു ശീലമായി. എമർജൻസി വാർഡിൽ നിന്ന് കിട്ടുന്ന പത്തു മിനിറ്റുകളിൽ അവൾ വിളിക്കും. കാപ്പി കുടിക്കുന്ന ശബ്ദം കേൾക്കാം. ആശുപത്രിയിലെ തിരക്കുകളിൽ നിന്നൊക്കെയുള്ള അവളുടെ ഒളിച്ചോട്ടമായിരുന്നു ഞാൻ.

ഒരിക്കൽ, വെളുപ്പിന് മൂന്നു മണിക്ക് മഴയത്ത് നനഞ്ഞുകുളിച്ച് അവൾ എന്റെ വാടകമുറിയിലേക്ക് കയറിവന്നത് ഇപ്പോഴും ഓർമ്മയുണ്ട്. കാഷ്വാലിറ്റിയിലെ ഒരു ആക്സിഡന്റ് കേസിൽ ചോരയിൽ കുളിച്ചൊരു പന്ത്രണ്ടുകാരൻ അവളുടെ കൈകളിൽ കിടന്നാണ് മരിച്ചത്. മുറിയിലേക്ക് കയറിയതും അവൾ ഏപ്രണും സ്റ്റെതസ്കോപ്പും നിലത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് ഒന്നും മിണ്ടാതെ എന്റെ തോളിലേക്ക് തലചായ്ച്ച് ഇരുന്നു. കരഞ്ഞതുപോലുമില്ല. അരമണിക്കൂറോളം ആ ഇരിപ്പ് തുടർന്നു. ഒടുവിൽ മുഖമുയർത്തി അവൾ പറഞ്ഞത്, "എനിക്ക് ഈ ആശുപത്രിയിലെ മരണങ്ങൾക്കിടയിൽ ഭ്രാന്ത് പിടിക്കാതിരിക്കുന്നത് നിന്റെ ഈ ചെറിയ വാടകമുറിയെക്കുറിച്ച് ഓർക്കുമ്പോഴാ ഗൗതം..." എന്നായിരുന്നു.

അന്നാണ് എനിക്ക് ആദ്യമായി തോന്നിയത് — എന്റെ എഴുത്തുകൾ വായിച്ച ഒരാളല്ല പത്മ; എന്റെ വാക്കുകൾക്കിടയിൽ ഒളിച്ചിരുന്ന എന്നെ കണ്ട ഒരാളാണ് അവൾ.

പക്ഷേ, അവളുടെ ആ ആശ്വാസത്തിന്റെ നടുവിലേക്ക് ഞാൻ പലപ്പോഴും എന്റെ പഴയ ഭൂതകാലത്തിന്റെ നിഴലുകൾ വലിച്ചിട്ടിരുന്നു.

കഴിഞ്ഞ മാസമാണ്. മുറിയിലെ പുസ്തകങ്ങൾ അടുക്കിവെക്കുന്നതിനിടയിൽ, എന്റെ പഴയൊരു ഡയറിക്കുള്ളിൽ നിന്ന് ഉണങ്ങിയ ഒരു പവിഴമല്ലിപ്പൂവ് താഴെ വീണത്. കോളേജ് കാലത്ത് താര തന്നതായിരുന്നു അത്. താഴെ വീണ ആ പൂവെടുത്ത് പത്മ വെറുതെ ചവറ്റുകുട്ടയിലേക്ക് ഇടാൻ നോക്കിയതും, ഞാൻ അവളുടെ കൈ തട്ടിമാറ്റി അലറി: "അതിൽ തൊടരുത്!"

അന്ന് അവൾ ഞെട്ടി പിന്നോട്ട് മാറിയതും, കണ്ണുകൾ നിറഞ്ഞ് ആ ഡയറിയിലേക്ക് നോക്കിനിന്നതും ഞാൻ കണ്ടിരുന്നു. "“നിന്റെ ഈ ഭ്രാന്തുകളെ ഞാൻ കൂടെക്കൂട്ടിയത് എന്നെങ്കിലും നീ എന്നെ കാണും എന്ന വിചാരത്തിലാ ഗൗതം.” പക്ഷേ നീ ജീവിക്കുന്നത് ഈ പഴയ ചത്ത പൂക്കൾക്കിടയിലാ..." അന്ന് ആദ്യമായി അവൾ വാതിലടച്ച് ഇറങ്ങിപ്പോയി. രണ്ടു ദിവസത്തേക്ക് ഫോൺ വിളിച്ചില്ല. എന്നിട്ടും, മൂന്നാം ദിവസം പതിവുപോലെ കട്ടൻചായയുമായി അവൾ വീണ്ടും ചിരിച്ചുകൊണ്ട് എന്റെ പടികൾ കയറിവന്നു.

കാനഡയിലെ ഹോസ്പിറ്റലിൽ സെലക്ഷൻ കിട്ടിയ അന്ന് രാത്രി ഒരു ബോക്സ് ലഡുവുമായി അവൾ ഓടിവന്ന രംഗം ഇപ്പോഴും കൺമുന്നിലുണ്ട്. സന്തോഷം കൊണ്ട് അവൾ വീർപ്പുമുട്ടുകയായിരുന്നു.

"ഗൗതം, എനിക്ക് കിട്ടി!"

അവൾ എന്റെ രണ്ട് കൈകളും ചേർത്തുപിടിച്ചു. "നമുക്ക് രണ്ടുപേർക്കും പോകാം. അവിടെ നീ എഴുതിക്കോ, പണിയൊന്നും എടുക്കണ്ട. തണുപ്പുള്ള വൈകുന്നേരങ്ങളിൽ നമുക്ക് നടക്കാൻ പോകാം. എന്റെ ജീവിതത്തിൽ ഞാൻ കൂടെക്കൂട്ടാൻ ആഗ്രഹിക്കുന്ന ഒരേയൊരു ആൾ നീ മാത്രമാ..."

അന്ന് പക്ഷെ ആ വിരലുകളിൽ നിന്ന് ഞാൻ എന്റെ കൈകൾ പതുക്കെ വലിച്ചൂരി. "എനിക്ക് പറ്റില്ല പത്മാ... നിന്റെ സന്തോഷം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വരാൻ കഴിയില്ല."

ആ നിമിഷം അവളുടെ മുഖത്തുണ്ടായ ആ വെളിച്ചം അണഞ്ഞുപോയത് ഒരു വിളക്ക് ഊതിക്കെടുത്തുന്നതുപോലെയായിരുന്നു. ആ മൗനം പിന്നീട് ഞങ്ങൾക്ക് ഇടയിൽ ഒരു വലിയ മതിലായി വളരുകയായിരുന്നു.

"ഗൗതം..." ഇപ്പോൾ ബാൽക്കണിയുടെ ഗ്രില്ലിൽ ചാരിനിന്ന് അവൾ വീണ്ടും വിളിച്ചപ്പോഴാണ് ഞാൻ ആ പഴയ ഓർമ്മകളിൽ നിന്ന് ഉണർന്നത്.

"ഉം..."

"നാളെ രാവിലെ ഞാൻ കൊച്ചിക്ക് പോകും. അവിടെ നിന്ന് പത്തിന് ഡൽഹിക്ക്. പതിനഞ്ചാം തീയതി രാത്രി പതിനൊന്ന് മുപ്പതിനാണ് എയർ കാനഡയുടെ ഫ്ലൈറ്റ്."

ഞാൻ ഒന്നും മിണ്ടിയില്ല. റോഡിലൂടെ കുടചൂടി പോകുന്ന ആരെയോ വെറുതെ നോക്കിയിരുന്നു.

"ഞാൻ ചോദിച്ചതിന് നീ ഇതുവരെ ഒരു മറുപടി പറഞ്ഞിട്ടില്ല."

"ഞാൻ എന്ത് പറയണമെന്നാ പത്മാ?" ഞാൻ എഴുന്നേറ്റു. "നീ ഒരു ഡോക്ടറാണ്. നല്ലൊരു ജീവിതം മുന്നിലുണ്ട്. എന്റെ കൂടെ കൂടിയാൽ നീയും നശിക്കും. ഒരു വാടകവീടും, അലങ്കോലമായ കുറച്ചു പുസ്തകങ്ങളും, ആർക്കും വേണ്ടാത്ത എന്റെ ഈ ഏകാന്തതയും... ഇതല്ലാതെ നിനക്ക് തരാൻ എന്റെ കൈയിൽ എന്തുണ്ട്?"

"എനിക്ക് നിന്നിൽ നിന്ന് ഒന്നും വാങ്ങാനല്ല ഗൗതം ഞാൻ വന്നത്!" അവൾ എന്റെ തൊട്ടുമുന്നിലേക്ക് കയറിനിന്നു. "എനിക്ക് നിന്നോട് തോന്നിയത് വെറുമൊരു വായനക്കാരിയുടെ ആരാധനയല്ലെന്ന് നിനക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലേ? അവിടെ പോയി നമുക്ക് ജീവിക്കാം. നിനക്ക് ഇഷ്ടമുള്ളത്രയും സമയം നീ ഇരുന്നു എഴുതിക്കോ. ഒന്നും ചെയ്യണ്ട... എന്റെ കൂടെ, എനിക്ക് കാണാവുന്ന ദൂരത്ത് നീ ഉണ്ടായാൽ മാത്രം മതി."

"എനിക്ക് പറ്റില്ല പത്മാ." ഞാൻ മുഖം തിരിച്ചു. "എന്റെ ഉള്ളിൽ വേറൊരാളുണ്ട്. താരയെ മറന്ന് എനിക്കൊരു ജീവിതമില്ല. നിന്നെ എന്റെ ജീവിതത്തിലേക്ക് കൂട്ടിയാൽ അത് നിന്നോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാകും. കാരണം... നിന്റെ കണ്ണുകളിൽ നോക്കുമ്പോഴും ഞാൻ ഒരുപക്ഷേ താരയെയാവും തിരയുക."

ആ പേര് കേട്ട നിമിഷം പത്മയുടെ മുഖം വലിഞ്ഞുമുറുകി. കണ്ണുകളിൽ ഒരു നീറ്റൽ പടർന്നു. പക്ഷേ അതിനേക്കാൾ അവളുടെ മുഖത്ത് വന്നത് അമർഷമായിരുന്നു.

അവൾ എന്റെ ഷർട്ടിന്റെ കോളറിൽ കൈകൾ മുറുക്കി.

"നിന്റെ നാവിൽ നിന്ന് ആ പേര് ഇനി ഞാൻ കേൾക്കരുത്!" അവളുടെ പല്ലുകൾ ഞെരിഞ്ഞു. "അവൾ പോയിട്ട് എത്ര കൊല്ലമായി ഗൗതം? “അവൾ അവളുടെ ജീവിതവുമായി, ഭർത്താവും കുട്ടികളുമായി മുന്നോട്ടുപോയി. എന്നിട്ടും നീ അവളുടെ ഓർമ്മകളെയും കെട്ടിപ്പിടിച്ച് ഇവിടെ ഇരിക്കുവാണോ

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. നെഞ്ചു കിതയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ആ ദേഷ്യം മാഞ്ഞ് അവളുടെ ശബ്ദം വല്ലാതെ താഴ്ന്നു.

"ആര് പറഞ്ഞു ഞാൻ താരയുടെ സ്ഥാനത്തേക്ക് വരാൻ നോക്കുവാണെന്ന്? എനിക്ക് നിന്റെ താരയാവണ്ട ഗൗതം... ആരുടെയെങ്കിലും പകരക്കാരിയായി, ആരുടെയെങ്കിലും ഓർമ്മയുടെ നിഴലിൽ ജീവിക്കാൻ എനിക്ക് ഭ്രാന്തില്ല. എനിക്ക് 'പത്മ'യായാൽ മതി. നിന്നെ സ്നേഹിക്കുന്ന, പ്രണയമെന്നാൽ ഒരു ഭൂതകാലത്തിന്റെ ശവപ്പറമ്പിൽ കാവലിരിക്കലല്ലെന്ന് നിന്നെ ഓർമ്മിപ്പിക്കുന്ന പത്മ."

ഞാൻ നിശബ്ദനായി അവളെ നോക്കിനിന്നു. പറയാൻ വാക്കുകളൊന്നുമുണ്ടായിരുന്നില്ല.

പത്മ പതിയെ എന്റെ കോളറിൽ നിന്ന് കൈയെടുത്തു. വിരലുകൾ കൊണ്ട് കവിളിലെ കണ്ണീരൊപ്പി. അവളുടെ കണ്ണുകളിലെ ആ ദൗർബല്യം പെട്ടെന്ന് മാഞ്ഞുപോയി. പകരം ഒരു കടുത്ത നിശ്ചയദാർഢ്യം അവിടെ വന്നുനിറഞ്ഞു.

മേശപ്പുറത്തുനിന്ന് ആ രണ്ട് ടിക്കറ്റുകളുമെടുത്ത് അവൾ എന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് തിരുകിവെച്ചു.

"രണ്ട് ടിക്കറ്റുണ്ട്. പതിനഞ്ചാം തീയതി രാത്രി ഒൻപത് മണിക്ക് ഞാൻ ഡൽഹി എയർപോർട്ടിലെ ടി-3-ൽ ഉണ്ടാകും. നിനക്ക് വരണമെന്ന് തോന്നിയാൽ... നീ വാ. ഞാൻ കാത്തിരിക്കും."

അവൾ ബാഗുമെടുത്ത് തിരിഞ്ഞുനടന്നു.

വാതിൽപ്പടി കടക്കുമ്പോൾ അവൾ അവസാനമായി തിരിഞ്ഞുനോക്കി.

"ഒരു കാര്യം നീ ഓർത്തോ ഗൗതം... താരയെക്കുറിച്ചോർത്ത് കരയാൻ നിനക്ക് ഇനിയും ആയുസ്സുണ്ടാകും. പക്ഷേ, നിന്നെ സ്വന്തം ശ്വാസത്തേക്കാൾ സ്നേഹിച്ച ഈ പത്മ ഇനി ഒരിക്കലും നിന്റെ ഈ മുറിയിലേക്ക് കയറിവരില്ല."

അവൾ പടികൾ ഇറങ്ങിപ്പോയി.

താഴെ ഇരുമ്പ് ഗേറ്റ് അടയുന്ന ശബ്ദം ആ നിശ്ശബ്ദതയിൽ ഒരു വെടിയൊച്ച പോലെ മുഴങ്ങി.

ഞാൻ ബാൽക്കണിയിൽത്തന്നെ നിന്നു. പോക്കറ്റിലിരിക്കുന്ന ആ ടിക്കറ്റുകളുടെ തണുപ്പിലേക്ക് കൈവിരലുകൾ അറിയാതെ ചെന്നുതൊട്ടു. പുറത്ത് മഴ ശക്തി പ്രാപിക്കുകയായിരുന്നു.

Thursday, October 1, 2026

കാറ്റിൽ ബാക്കിയാവുന്നത്



"മനുഷ്യരെല്ലാം മറവിയിലേക്ക് നടന്നുപോകുമ്പോഴും ചില മണങ്ങൾ ഇവിടെത്തന്നെ ബാക്കിയുണ്ടാവും; മറന്നുപോയെന്നു നാം സ്വയം വിശ്വസിപ്പിച്ച ഒരുപാട് കാലങ്ങളെ ഒരൊറ്റ നിമിഷം കൊണ്ട് നെഞ്ചിലേക്ക് കുത്തിയിറക്കാൻ മാത്രം ശക്തിയുള്ള ചില മണങ്ങൾ."

റിസപ്ഷൻ നടക്കുന്ന ഓഡിറ്റോറിയത്തിലെ എസി ഹാളിൽ നല്ല തിരക്കായിരുന്നു.

പാർക്കിങ്ങിൽ വണ്ടി ഒതുക്കി, ഡ്രസ്ഒന്ന് നേരെയാക്കി ഉള്ളിലേക്ക് കയറുമ്പോൾത്തന്നെ കണ്ണ് പരതിയത് മീരേച്ചിയെയും കുട്ടികളെയുമാണ്. രണ്ടു ദിവസം മുന്നേ കല്യാണവീട്ടിൽ വെച്ചാണ് ദുബായിൽ നിന്ന് വന്ന മീരേച്ചിയെ പത്ത് പതിനഞ്ചു വർഷങ്ങൾക്ക് ശേഷം കാണുന്നത്. കൂടെ രണ്ട് പെൺകുട്ടികൾ. മൂത്തവൾ അമേയക്ക് പതിനാല് വയസ്സ്, ഇളയവൾ ലയക്ക് പത്തും.

നാട്ടിൽ വന്നിറങ്ങിയ അന്ന് കണ്ട് പരിചയപ്പെടുമ്പോൾ ഗൾഫിൽ ജനിച്ചുവളർന്ന പിള്ളേരുടെ ആ പതിവ് ജാഡയും അല്പം പേടിയുമൊക്കെ രണ്ടിന്റെയും മുഖത്തുണ്ടായിരുന്നു. 'ഗൗതം മാമനാടാ' എന്ന് മീരേച്ചി പരിചയപ്പെടുത്തിയിട്ടും എന്നെക്കണ്ട് രണ്ടും അമ്മയുടെ പിന്നിലേക്ക് വലിഞ്ഞു. പിന്നെയുള്ള രണ്ടുമൂന്നു മണിക്കൂറ് കൊണ്ട് ഐസ്ക്രീം വാങ്ങിക്കൊടുത്തും തമാശകൾ പറഞ്ഞും, അവരുടെ ഓരോ കൊച്ചു കൊച്ചു വിശേഷങ്ങൾ കേട്ടിരുന്നും ഒടുവിൽ അവരുടെ 'ഗൗതം മാമൻ' ആയി മാറാൻ എനിക്ക് അധികം നേരം വേണ്ടി വന്നില്ല. ഒറ്റപ്പെടലിന്റെ തുരുത്തിൽ ജീവിക്കുന്ന എന്നെപ്പോലൊരുത്തന് കുഞ്ഞുങ്ങളുടെ കൂട്ട് കിട്ടുന്നത് വല്ലാത്തൊരു രസമാണ്.

ഹാളിന്റെ ഒരു വശത്തായി ബഹളങ്ങളിൽ നിന്നൊക്കെ മാറി ജ്യൂസ് കുടിക്കുകയായിരുന്നു ലയ. ചുറ്റും ആളുകളുണ്ടെങ്കിലും അവളുടെ ശ്രദ്ധ മൊത്തം കൈയിലിരിക്കുന്ന ഗ്ലാസിലാണ്. ഞാൻ ആരും കാണാതെ പിന്നിലൂടെ പതുങ്ങി നടന്നുചെന്ന് അവളുടെ രണ്ട് കണ്ണുകളും അമർത്തിപ്പൊത്തി.

"ആരാണെന്ന് പറ..." ശബ്ദം കനപ്പിച്ച് ഞാൻ ചോദിച്ചു.

അവൾ ഒട്ടും പതറാതെ, പിന്നിലേക്ക് തിരിയാൻ പോലും ശ്രമിക്കാതെ നോക്കാതെ ഉറക്കെ വിളിച്ചുപറഞ്ഞു: "ഗൗതം മാമൻ!"

ഞാൻ അന്തംവിട്ട് കൈയെടുത്തു. അപ്പോഴേക്കും അടുത്ത് നിന്ന മീരേച്ചി പ്ലേറ്റിലേക്ക് ചിക്കൻ ടിക്ക എടുത്തുവെക്കുന്നതിനിടയിൽ പൊട്ടിച്ചിരിച്ചു. "ആഹാ... നാട്ടിൽ വന്നിട്ട് ഇവളുടെ കണ്ണ് പൊത്താൻ നീയല്ലാതെ ആരുണ്ടെടാ ഇവിടെ? അല്ലെങ്കിലും ഇവൾക്ക് നാട്ടിലുള്ള ഒരേയൊരു മാമൻ നീ മാത്രല്ലേ..."

"അതല്ല മമ്മാ.." ലയ എന്റെ ഷർട്ടിന്റെ തുഞ്ചത്ത് പിടിച്ച് ഒരു കള്ളച്ചിരിയോടെ പറഞ്ഞു. "മാമൻ പുറകിൽ വന്ന് നിന്നപ്പോളേ ആ സ്മെല്ല് വന്നു. പാർക്ക് അവന്യൂവിന്റെ സ്പ്രേ. ഞാൻ കണ്ടുപിടിച്ചു!"

"കണ്ടോ... മാമൻ തോറ്റുപോയി!" അമേയയും കൂടെക്കൂടി കൈകൊട്ടി ചിരിച്ചു.

രണ്ടുപേരും കൂടി എന്നെ കളിയാക്കി ചിരിക്കുമ്പോൾ ഞാൻ ഒരു നിമിഷം തരിച്ചുനിന്നുപോയി. എന്റെ കുപ്പായത്തിൽ നിന്നുള്ള പാർക്ക് അവന്യൂവിന്റെ  സുഗന്ധം വായുവിൽ അലിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. എസി കാറ്റിൽ ആ മണം എന്റെ മൂക്കിലേക്ക് തന്നെ അടിച്ചുകയറി. ഉള്ളിൽ പെട്ടെന്നൊരു കൊളുത്തിവലിക്കൽ. ഓഡിറ്റോറിയത്തിലെ സംഗീതവും, ആളുകളുടെ ഒച്ചപ്പാടുകളും, പാത്രങ്ങളുടെ കിലുക്കവുമെല്ലാം എവിടെയോ വിദൂരതയിലേക്ക് മാഞ്ഞുപോയി. മനസ്സ് കാലങ്ങൾക്ക് പിന്നിലേക്ക് വേഗത്തിൽ തിരിച്ചുനടക്കാൻ തുടങ്ങി...

എത്ര കൊല്ലം മുന്നേയാണ്? അന്ന് നല്ല മഴയുള്ളൊരു ഉച്ചനേരത്താണ് ഓഫീസിലിരിക്കുമ്പോൾ താരയുടെ ഫോൺ വരുന്നത്.

"ഡാ..." അങ്ങേത്തലയ്ക്കൽ അവളുടെ പതിവ് കുറുമ്പുള്ള ശബ്ദം.

"എന്താ താരാ ഈ നേരത്ത്?"

"ഞാനിപ്പോ വെറുതെ ടൗണിലേക്ക് ഇറങ്ങിയതാ സൂപ്പർമാർക്കറ്റിൽ കയറിയതാ. കുറച്ചു സാധനങ്ങൾ  വാങ്ങാൻ ഉണ്ടായിരുന്നു. പെർഫ്യൂം റാക്കിന്റെ അടുത്തുകൂടി നടന്നുപോയപ്പോ പെട്ടെന്ന് എനിക്ക് നിന്റെ മണം കിട്ടി. ആരോ സ്പ്രേ ടെസ്റ്റ് ചെയ്തതായിരിക്കും. ശ്വാസം ഉള്ളിലേക്ക് വലിച്ചപ്പോ പെട്ടെന്ന് എനിക്ക് നെഞ്ചിൽ ഒരു ആന്തൽ... നീ ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നിപ്പോയി. ആളുകൾ ശ്രദ്ധിക്കുന്നത് പോലും നോക്കാതെ ഞാൻ ചുറ്റും നിന്നെ നോക്കി നടന്നു. അത്രക്ക് ഫീൽ ചെയ്തു."

"എന്റെ താരാ, പാർക്ക് അവന്യൂ സ്പ്രേ അടിച്ചു നടക്കുന്നത് ഞാൻ മാത്രമല്ലല്ലോ. ലോകത്തുള്ള എത്രയോ പേർ ഉപയോഗിക്കുന്നുണ്ടാവും." ഞാൻ കളിയാക്കി ചിരിച്ചു.

"അതല്ലെടാ ചെറുക്കാ..." താരയുടെ ശബ്ദം പെട്ടെന്ന് നേർത്തുപോയി. "നിന്റെ കൈകൾ ചേർത്തുപിടിച്ചു നടക്കുമ്പോ  എനിക്ക് കിട്ടാറുള്ള ഒരു മണമുണ്ട്. നിന്റെ വിയർപ്പും, ഈ സ്പ്രേയും, നീ വല്ലപ്പോഴും വലിക്കുന്ന സിഗരറ്റിന്റെ ചെറിയൊരു ചൂരും ചേർന്നൊരു മണം. എവിടെപ്പോയാലും എനിക്ക് ആ മണം തിരിച്ചറിയാം. കാരണം... ആ മണത്തിന് നിന്റെ മുഖമാണ്."

അന്ന് ആ ഫോൺ വെച്ചുകഴിഞ്ഞിട്ടും സ്വന്തം കുപ്പായത്തിന്റെ കോളറിലേക്ക് മൂക്കടുപ്പിച്ചു വെച്ച് എത്രയോ നേരം ഞാൻ ഓഫീസ് റൂമിൽ വെറുതെ ഇരുന്നിട്ടുണ്ട്. എന്റെ യൗവനത്തിൽ ഒരു പെണ്ണിന് എന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞത് ആ മണത്തിലൂടെയായിരുന്നു. പ്രണയത്തിന്റെ ഒരു സുഗന്ധം.

പക്ഷേ, കാലം എത്ര ക്രൂരമായാണ് മനുഷ്യരെ മാറ്റിമറിക്കുന്നത്? വർഷങ്ങൾക്ക് ശേഷം, എന്നിലെ എന്നെ മുഴുവനായി പിഴുതെറിഞ്ഞുകൊണ്ട് മറ്റൊരുത്തി കടന്നുപോയപ്പോൾ, അതേ മണം എനിക്ക് സമ്മാനിച്ചത് മരണത്തേക്കാൾ വലിയൊരു നീറ്റലായിരുന്നു. എന്റെ സ്വന്തം രക്തം ബാക്കിവെച്ചുപോയ അടയാളം!

ഡിവോഴ്സ് കേസിന്റെ നൂലാമാലകൾക്കിടയിൽ, കോടതി അനുവദിച്ച ആ ഒരു മണിക്കൂറിനായി ദീപയുടെ വീടിന്റെ മുന്നിൽ ചെന്നുനിന്ന ഒരു ഞായറാഴ്ച. പൂമുഖത്തെ കോളിംഗ് ബെല്ലടിച്ച്, അപരിചിതനെപ്പോലെ ഉമ്മറത്ത് കാത്തുനിൽക്കുമ്പോൾ വാതിൽ തുറന്ന് വന്നത് അഞ്ച് വയസ്സുകാരി അമ്മുവാണ്.

മാസത്തിൽ ഒരു വട്ടം മാത്രം കാണുന്നതുകൊണ്ട് സ്വന്തം അച്ഛനെപ്പോലും പേടിയോടെ നോക്കിനിന്ന കുഞ്ഞ്. ദീപയുടെയും വീട്ടുകാരുടെയും തണുത്ത, വെറുപ്പ് നിറഞ്ഞ നോട്ടങ്ങൾക്കിടയിലൂടെ ഞാൻ അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു. കൈകൾ നീട്ടി, "അപ്പാടെ മോള് ഇങ്ങു വന്നേടാ..." എന്ന് തൊണ്ടയിടറി വിളിച്ചപ്പോൾ അവൾ വാതിൽമറവിൽ മുഖമൊളിപ്പിച്ചു.

പോക്കറ്റിൽ നിന്ന് അവൾക്കായി കരുതിവെച്ച ചോക്ലേറ്റ് എടുത്ത് നീട്ടി, കാലുപിടിക്കുന്നതുപോലെ കെഞ്ചിയപ്പോഴാണ് അവൾ പതുക്കെ മുന്നോട്ട് വന്നത്. അവളെ വാരിയെടുത്ത് നെഞ്ചിലേക്ക് ചേർത്തുവെച്ച ആ നിമിഷം... എന്റെ ഷർട്ടിന്റെ കോളറിൽ ആ കുഞ്ഞുവിരലുകൾ മുറുകി. കഴുത്തിടുക്കിലേക്ക് ആ കുഞ്ഞു മൂക്ക് ചേർത്തുപിടിച്ച്, അവൾ കണ്ണുകളടച്ച് എന്നെ മണത്തുനോക്കി.

എന്നിട്ട് ആ വലിയ കണ്ണുകൾ വിടർത്തി എന്നെ നോക്കി കൊഞ്ചിപ്പിച്ചു പറഞ്ഞു: "അപ്പായ്ക്ക് നല്ല മണവാ..."

"എന്ത് മണമാ മോളേ?" നിറഞ്ഞുവന്ന കണ്ണുകൾ ഉള്ളിലേക്ക് വലിച്ച് ഞാൻ ചോദിച്ചു.

"അപ്പായീടെ മണം..."

ഒരുപക്ഷേ സ്വന്തം ചോരയ്ക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്നൊരു ഗന്ധം. സ്വന്തം അപ്പന്റെ മണം. അതിനുശേഷമുള്ള മാസങ്ങളിൽ ആ ഒരു മണിക്കൂറിന് വേണ്ടി മാത്രമായിരുന്നു ഞാൻ ജീവിച്ചത്. ഒടുവിൽ കോടതി ഉത്തരവുകളെല്ലാം കാറ്റിൽപ്പറത്തി, എന്നെ ഒരു വാക്ക് പോലും അറിയിക്കാതെ അവളെയും കൊണ്ട് ദീപ അബുദാബിയിലേക്ക് നാടുവിട്ട ആ രാത്രി... പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി തിരിച്ചു വന്ന്, മുറിയുടെ ഇരുട്ടിൽ എന്റെ കുപ്പായങ്ങൾ നെഞ്ചോട് ചേർത്ത് ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്.

എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ കുഞ്ഞിന്റെ കുഞ്ഞുവിരലുകൾ തൊട്ട അതേ മണം. അവൾക്ക് എന്നെ പൂർണ്ണമായി മറക്കാൻ വേണ്ടി ദൂരേക്ക് കൊണ്ടുപോയ ആ മണം.

"മാമാ... എങ്ങോട്ടാ ഈ നോക്കി നിൽക്കുന്നെ? ജ്യൂസ് കുടിക്കുന്നില്ലേ?"

അമേയ എന്റെ കൈത്തണ്ടയിൽ പിടിച്ച് കുലുക്കിയപ്പോഴാണ് ഞാൻ ഞെട്ടി ആ ഹാളിലേക്ക് തിരികെയെത്തിയത്.

എന്റെ കണ്ണ് ചെന്നുനിന്നത് അമേയയുടെയും ലയയുടെയും മുഖങ്ങളിലാണ്. പത്തും പതിനാലും വയസ്സ്!

ഉള്ളിലൊരു മിന്നൽ പോലെ ആ ചിന്ത വന്നു തറഞ്ഞു. ഇന്ന് എന്റെ അമ്മുവിനും ഏതാണ്ട് ഇവരുടെ അതേ പ്രായമായിട്ടുണ്ടാകും. അവളും ഇതുപോലെ വളർന്നിട്ടുണ്ടാകും. ആ അന്യനാട്ടിലിരുന്ന് അവൾക്കിന്ന് ഈ മണം ഓർമ്മയുണ്ടാവുമോ? അതോ, അവളുടെ അമ്മ അവളെക്കൊണ്ട് എന്നെ മാത്രമല്ല, എൻ്റെ ഈ മണത്തെക്കൂടി മായ്ച്ചു കളയിച്ചിട്ടുണ്ടാകുമോ? വഴിയിൽ എവിടെയെങ്കിലും വെച്ച് ഈ പെർഫ്യൂമിന്റെ മണം കാറ്റിൽ ഒഴുകിവരുമ്പോൾ, 'അപ്പായീടെ മണം' എന്ന് പണ്ട് പറഞ്ഞതുപോലെ അവളൊന്ന് തിരിഞ്ഞുനോക്കുമോ? അതോ ആരോ പകർന്നുനൽകിയ വെറുപ്പിന്റെ ഭാരത്തിൽ അതൊരു അപരിചിത ഗന്ധമായി അവളെ. കടന്നുപോയിട്ടുണ്ടാകുമോ?

കണ്ണിൽ വല്ലാത്തൊരു നീറ്റൽ പടർന്നു. ഒരു തുള്ളി കണ്ണീര് പുറത്തേക്ക് ചാടാൻ വെമ്പി നിൽക്കുന്നുണ്ടായിരുന്നു. ആരും കാണാതെ, തലയൊന്ന് വെട്ടിച്ച് കണ്ണിന്റെ തുമ്പ് ഞാൻ വിരലുകൊണ്ട് അമർത്തിത്തുടച്ചു. എന്നിട്ട് ഒരു ചിരി വരുത്തിത്തീർത്തു.

"ഏയ്... ഒന്നുമില്ലെടാ. ഈ മണം വെച്ച് നിങ്ങൾ എന്നെ കണ്ടുപിടിച്ചല്ലോ ന്ന് ആലോചിച്ചതാ."

"ഞങ്ങൾക്ക് സ്മെല്ലിങ് പവർ കൂടുതലാണെന്ന് മമ്മ പറയും," ലയ വിജയഭാവത്തിൽ മീരേച്ചിയെ നോക്കി ചിരിച്ചു.

"അതൊക്കെ അവിടെ നിക്കട്ടെ... വാ., നമുക്ക് ഐസ്ക്രീം കഴിക്കാം..

"യെസ്!" രണ്ടുപേരും ഒന്നിച്ച് സന്തോഷത്തോടെ ഒച്ചവെച്ചു.

ലയ എന്റെ ഇടതുകൈ മുറുകെപ്പിടിച്ചു, അമേയ എന്റെ വലതുതോളിലേക്ക് ചാഞ്ഞ് ചേർന്നുനിന്നു. വർഷങ്ങൾക്ക് മുൻപ് എവിടെയോ വെച്ച് അറ്റുപോയ എന്റെ പിതൃത്വത്തിന്റെ ശൂന്യതയെ, ആ രണ്ടു പെൺകുട്ടികൾ അവരുടെ സാമീപ്യം കൊണ്ട് പെട്ടെന്ന് തുന്നിച്ചേർക്കാൻ ശ്രമിക്കുന്നതുപോലെ തോന്നി. അവരുടെ തലമുടിയിലെ ഷാംപൂവിന്റെ മണവും ആ കുട്ടിത്തത്തിന്റെ മണവും എനിക്കരികിൽ വന്നുനിറഞ്ഞു.

ഫുഡ് കൗണ്ടറിലേക്ക് നടക്കുമ്പോഴും എന്റെ വിരലുകൾ ആ കുഞ്ഞുവിരലുകളെ അറിയാതെ മുറുക്കിപ്പിടിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ കൈവിട്ടുപോയ എന്തോ ഒന്നിനെ ഇനി തിരിച്ചുവിടില്ലെന്ന വാശിപോലെ...!!

മനുഷ്യർ നമ്മളെ വിട്ടുപോകും. കാലം പലരെയും നമ്മളിൽ നിന്ന് പറിച്ചെറിയും. പക്ഷേ, നമ്മൾ ജീവനുതുല്യം സ്നേഹിച്ചവരും നമ്മളെ സ്നേഹിച്ചവരും നമ്മുടെ വസ്ത്രങ്ങളിലും ശ്വാസത്തിലും അടയാളപ്പെടുത്തി വെച്ചുപോയ ചില മണങ്ങളുണ്ട്. അതങ്ങനെ മരണത്തോളവും മായാതെ കിടക്കും. ഏതോ ഒരു നിമിഷത്തിൽ, ആരും പ്രതീക്ഷിക്കാത്ത നേരത്ത്, ഇതുപോലെ കുട്ടികളുടെ ഒരു വാക്കോ കളിയോ ആയി വന്ന് നമ്മളെ വീണ്ടും അടിമുടി ഉലച്ചുകളയാൻ മാത്രം!