"മനുഷ്യരെല്ലാം മറവിയിലേക്ക് നടന്നുപോകുമ്പോഴും ചില മണങ്ങൾ ഇവിടെത്തന്നെ ബാക്കിയുണ്ടാവും; മറന്നുപോയെന്നു നാം സ്വയം വിശ്വസിപ്പിച്ച ഒരുപാട് കാലങ്ങളെ ഒരൊറ്റ നിമിഷം കൊണ്ട് നെഞ്ചിലേക്ക് കുത്തിയിറക്കാൻ മാത്രം ശക്തിയുള്ള ചില മണങ്ങൾ."
റിസപ്ഷൻ നടക്കുന്ന ഓഡിറ്റോറിയത്തിലെ എസി ഹാളിൽ നല്ല തിരക്കായിരുന്നു.
പാർക്കിങ്ങിൽ വണ്ടി ഒതുക്കി, ഡ്രസ്ഒന്ന് നേരെയാക്കി ഉള്ളിലേക്ക് കയറുമ്പോൾത്തന്നെ കണ്ണ് പരതിയത് മീരേച്ചിയെയും കുട്ടികളെയുമാണ്. രണ്ടു ദിവസം മുന്നേ കല്യാണവീട്ടിൽ വെച്ചാണ് ദുബായിൽ നിന്ന് വന്ന മീരേച്ചിയെ പത്ത് പതിനഞ്ചു വർഷങ്ങൾക്ക് ശേഷം കാണുന്നത്. കൂടെ രണ്ട് പെൺകുട്ടികൾ. മൂത്തവൾ അമേയക്ക് പതിനാല് വയസ്സ്, ഇളയവൾ ലയക്ക് പത്തും.
നാട്ടിൽ വന്നിറങ്ങിയ അന്ന് കണ്ട് പരിചയപ്പെടുമ്പോൾ ഗൾഫിൽ ജനിച്ചുവളർന്ന പിള്ളേരുടെ ആ പതിവ് ജാഡയും അല്പം പേടിയുമൊക്കെ രണ്ടിന്റെയും മുഖത്തുണ്ടായിരുന്നു. 'ഗൗതം മാമനാടാ' എന്ന് മീരേച്ചി പരിചയപ്പെടുത്തിയിട്ടും എന്നെക്കണ്ട് രണ്ടും അമ്മയുടെ പിന്നിലേക്ക് വലിഞ്ഞു. പിന്നെയുള്ള രണ്ടുമൂന്നു മണിക്കൂറ് കൊണ്ട് ഐസ്ക്രീം വാങ്ങിക്കൊടുത്തും തമാശകൾ പറഞ്ഞും, അവരുടെ ഓരോ കൊച്ചു കൊച്ചു വിശേഷങ്ങൾ കേട്ടിരുന്നും ഒടുവിൽ അവരുടെ 'ഗൗതം മാമൻ' ആയി മാറാൻ എനിക്ക് അധികം നേരം വേണ്ടി വന്നില്ല. ഒറ്റപ്പെടലിന്റെ തുരുത്തിൽ ജീവിക്കുന്ന എന്നെപ്പോലൊരുത്തന് കുഞ്ഞുങ്ങളുടെ കൂട്ട് കിട്ടുന്നത് വല്ലാത്തൊരു രസമാണ്.
ഹാളിന്റെ ഒരു വശത്തായി ബഹളങ്ങളിൽ നിന്നൊക്കെ മാറി ജ്യൂസ് കുടിക്കുകയായിരുന്നു ലയ. ചുറ്റും ആളുകളുണ്ടെങ്കിലും അവളുടെ ശ്രദ്ധ മൊത്തം കൈയിലിരിക്കുന്ന ഗ്ലാസിലാണ്. ഞാൻ ആരും കാണാതെ പിന്നിലൂടെ പതുങ്ങി നടന്നുചെന്ന് അവളുടെ രണ്ട് കണ്ണുകളും അമർത്തിപ്പൊത്തി.
"ആരാണെന്ന് പറ..." ശബ്ദം കനപ്പിച്ച് ഞാൻ ചോദിച്ചു.
അവൾ ഒട്ടും പതറാതെ, പിന്നിലേക്ക് തിരിയാൻ പോലും ശ്രമിക്കാതെ നോക്കാതെ ഉറക്കെ വിളിച്ചുപറഞ്ഞു: "ഗൗതം മാമൻ!"
ഞാൻ അന്തംവിട്ട് കൈയെടുത്തു. അപ്പോഴേക്കും അടുത്ത് നിന്ന മീരേച്ചി പ്ലേറ്റിലേക്ക് ചിക്കൻ ടിക്ക എടുത്തുവെക്കുന്നതിനിടയിൽ പൊട്ടിച്ചിരിച്ചു. "ആഹാ... നാട്ടിൽ വന്നിട്ട് ഇവളുടെ കണ്ണ് പൊത്താൻ നീയല്ലാതെ ആരുണ്ടെടാ ഇവിടെ? അല്ലെങ്കിലും ഇവൾക്ക് നാട്ടിലുള്ള ഒരേയൊരു മാമൻ നീ മാത്രല്ലേ..."
"അതല്ല മമ്മാ.." ലയ എന്റെ ഷർട്ടിന്റെ തുഞ്ചത്ത് പിടിച്ച് ഒരു കള്ളച്ചിരിയോടെ പറഞ്ഞു. "മാമൻ പുറകിൽ വന്ന് നിന്നപ്പോളേ ആ സ്മെല്ല് വന്നു. പാർക്ക് അവന്യൂവിന്റെ സ്പ്രേ. ഞാൻ കണ്ടുപിടിച്ചു!"
"കണ്ടോ... മാമൻ തോറ്റുപോയി!" അമേയയും കൂടെക്കൂടി കൈകൊട്ടി ചിരിച്ചു.
രണ്ടുപേരും കൂടി എന്നെ കളിയാക്കി ചിരിക്കുമ്പോൾ ഞാൻ ഒരു നിമിഷം തരിച്ചുനിന്നുപോയി. എന്റെ കുപ്പായത്തിൽ നിന്നുള്ള പാർക്ക് അവന്യൂവിന്റെ സുഗന്ധം വായുവിൽ അലിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. എസി കാറ്റിൽ ആ മണം എന്റെ മൂക്കിലേക്ക് തന്നെ അടിച്ചുകയറി. ഉള്ളിൽ പെട്ടെന്നൊരു കൊളുത്തിവലിക്കൽ. ഓഡിറ്റോറിയത്തിലെ സംഗീതവും, ആളുകളുടെ ഒച്ചപ്പാടുകളും, പാത്രങ്ങളുടെ കിലുക്കവുമെല്ലാം എവിടെയോ വിദൂരതയിലേക്ക് മാഞ്ഞുപോയി. മനസ്സ് കാലങ്ങൾക്ക് പിന്നിലേക്ക് വേഗത്തിൽ തിരിച്ചുനടക്കാൻ തുടങ്ങി...
എത്ര കൊല്ലം മുന്നേയാണ്? അന്ന് നല്ല മഴയുള്ളൊരു ഉച്ചനേരത്താണ് ഓഫീസിലിരിക്കുമ്പോൾ താരയുടെ ഫോൺ വരുന്നത്.
"ഡാ..." അങ്ങേത്തലയ്ക്കൽ അവളുടെ പതിവ് കുറുമ്പുള്ള ശബ്ദം.
"എന്താ താരാ ഈ നേരത്ത്?"
"ഞാനിപ്പോ വെറുതെ ടൗണിലേക്ക് ഇറങ്ങിയതാ സൂപ്പർമാർക്കറ്റിൽ കയറിയതാ. കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു. പെർഫ്യൂം റാക്കിന്റെ അടുത്തുകൂടി നടന്നുപോയപ്പോ പെട്ടെന്ന് എനിക്ക് നിന്റെ മണം കിട്ടി. ആരോ സ്പ്രേ ടെസ്റ്റ് ചെയ്തതായിരിക്കും. ശ്വാസം ഉള്ളിലേക്ക് വലിച്ചപ്പോ പെട്ടെന്ന് എനിക്ക് നെഞ്ചിൽ ഒരു ആന്തൽ... നീ ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നിപ്പോയി. ആളുകൾ ശ്രദ്ധിക്കുന്നത് പോലും നോക്കാതെ ഞാൻ ചുറ്റും നിന്നെ നോക്കി നടന്നു. അത്രക്ക് ഫീൽ ചെയ്തു."
"എന്റെ താരാ, പാർക്ക് അവന്യൂ സ്പ്രേ അടിച്ചു നടക്കുന്നത് ഞാൻ മാത്രമല്ലല്ലോ. ലോകത്തുള്ള എത്രയോ പേർ ഉപയോഗിക്കുന്നുണ്ടാവും." ഞാൻ കളിയാക്കി ചിരിച്ചു.
"അതല്ലെടാ ചെറുക്കാ..." താരയുടെ ശബ്ദം പെട്ടെന്ന് നേർത്തുപോയി. "നിന്റെ കൈകൾ ചേർത്തുപിടിച്ചു നടക്കുമ്പോ എനിക്ക് കിട്ടാറുള്ള ഒരു മണമുണ്ട്. നിന്റെ വിയർപ്പും, ഈ സ്പ്രേയും, നീ വല്ലപ്പോഴും വലിക്കുന്ന സിഗരറ്റിന്റെ ചെറിയൊരു ചൂരും ചേർന്നൊരു മണം. എവിടെപ്പോയാലും എനിക്ക് ആ മണം തിരിച്ചറിയാം. കാരണം... ആ മണത്തിന് നിന്റെ മുഖമാണ്."
അന്ന് ആ ഫോൺ വെച്ചുകഴിഞ്ഞിട്ടും സ്വന്തം കുപ്പായത്തിന്റെ കോളറിലേക്ക് മൂക്കടുപ്പിച്ചു വെച്ച് എത്രയോ നേരം ഞാൻ ഓഫീസ് റൂമിൽ വെറുതെ ഇരുന്നിട്ടുണ്ട്. എന്റെ യൗവനത്തിൽ ഒരു പെണ്ണിന് എന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞത് ആ മണത്തിലൂടെയായിരുന്നു. പ്രണയത്തിന്റെ ഒരു സുഗന്ധം.
പക്ഷേ, കാലം എത്ര ക്രൂരമായാണ് മനുഷ്യരെ മാറ്റിമറിക്കുന്നത്? വർഷങ്ങൾക്ക് ശേഷം, എന്നിലെ എന്നെ മുഴുവനായി പിഴുതെറിഞ്ഞുകൊണ്ട് മറ്റൊരുത്തി കടന്നുപോയപ്പോൾ, അതേ മണം എനിക്ക് സമ്മാനിച്ചത് മരണത്തേക്കാൾ വലിയൊരു നീറ്റലായിരുന്നു. എന്റെ സ്വന്തം രക്തം ബാക്കിവെച്ചുപോയ അടയാളം!
ഡിവോഴ്സ് കേസിന്റെ നൂലാമാലകൾക്കിടയിൽ, കോടതി അനുവദിച്ച ആ ഒരു മണിക്കൂറിനായി ദീപയുടെ വീടിന്റെ മുന്നിൽ ചെന്നുനിന്ന ഒരു ഞായറാഴ്ച. പൂമുഖത്തെ കോളിംഗ് ബെല്ലടിച്ച്, അപരിചിതനെപ്പോലെ ഉമ്മറത്ത് കാത്തുനിൽക്കുമ്പോൾ വാതിൽ തുറന്ന് വന്നത് അഞ്ച് വയസ്സുകാരി അമ്മുവാണ്.
മാസത്തിൽ ഒരു വട്ടം മാത്രം കാണുന്നതുകൊണ്ട് സ്വന്തം അച്ഛനെപ്പോലും പേടിയോടെ നോക്കിനിന്ന കുഞ്ഞ്. ദീപയുടെയും വീട്ടുകാരുടെയും തണുത്ത, വെറുപ്പ് നിറഞ്ഞ നോട്ടങ്ങൾക്കിടയിലൂടെ ഞാൻ അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു. കൈകൾ നീട്ടി, "അപ്പാടെ മോള് ഇങ്ങു വന്നേടാ..." എന്ന് തൊണ്ടയിടറി വിളിച്ചപ്പോൾ അവൾ വാതിൽമറവിൽ മുഖമൊളിപ്പിച്ചു.
പോക്കറ്റിൽ നിന്ന് അവൾക്കായി കരുതിവെച്ച ചോക്ലേറ്റ് എടുത്ത് നീട്ടി, കാലുപിടിക്കുന്നതുപോലെ കെഞ്ചിയപ്പോഴാണ് അവൾ പതുക്കെ മുന്നോട്ട് വന്നത്. അവളെ വാരിയെടുത്ത് നെഞ്ചിലേക്ക് ചേർത്തുവെച്ച ആ നിമിഷം... എന്റെ ഷർട്ടിന്റെ കോളറിൽ ആ കുഞ്ഞുവിരലുകൾ മുറുകി. കഴുത്തിടുക്കിലേക്ക് ആ കുഞ്ഞു മൂക്ക് ചേർത്തുപിടിച്ച്, അവൾ കണ്ണുകളടച്ച് എന്നെ മണത്തുനോക്കി.
എന്നിട്ട് ആ വലിയ കണ്ണുകൾ വിടർത്തി എന്നെ നോക്കി കൊഞ്ചിപ്പിച്ചു പറഞ്ഞു: "അപ്പായ്ക്ക് നല്ല മണവാ..."
"എന്ത് മണമാ മോളേ?" നിറഞ്ഞുവന്ന കണ്ണുകൾ ഉള്ളിലേക്ക് വലിച്ച് ഞാൻ ചോദിച്ചു.
"അപ്പായീടെ മണം..."
ഒരുപക്ഷേ സ്വന്തം ചോരയ്ക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്നൊരു ഗന്ധം. സ്വന്തം അപ്പന്റെ മണം. അതിനുശേഷമുള്ള മാസങ്ങളിൽ ആ ഒരു മണിക്കൂറിന് വേണ്ടി മാത്രമായിരുന്നു ഞാൻ ജീവിച്ചത്. ഒടുവിൽ കോടതി ഉത്തരവുകളെല്ലാം കാറ്റിൽപ്പറത്തി, എന്നെ ഒരു വാക്ക് പോലും അറിയിക്കാതെ അവളെയും കൊണ്ട് ദീപ അബുദാബിയിലേക്ക് നാടുവിട്ട ആ രാത്രി... പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി തിരിച്ചു വന്ന്, മുറിയുടെ ഇരുട്ടിൽ എന്റെ കുപ്പായങ്ങൾ നെഞ്ചോട് ചേർത്ത് ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്.
എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ കുഞ്ഞിന്റെ കുഞ്ഞുവിരലുകൾ തൊട്ട അതേ മണം. അവൾക്ക് എന്നെ പൂർണ്ണമായി മറക്കാൻ വേണ്ടി ദൂരേക്ക് കൊണ്ടുപോയ ആ മണം.
"മാമാ... എങ്ങോട്ടാ ഈ നോക്കി നിൽക്കുന്നെ? ജ്യൂസ് കുടിക്കുന്നില്ലേ?"
അമേയ എന്റെ കൈത്തണ്ടയിൽ പിടിച്ച് കുലുക്കിയപ്പോഴാണ് ഞാൻ ഞെട്ടി ആ ഹാളിലേക്ക് തിരികെയെത്തിയത്.
എന്റെ കണ്ണ് ചെന്നുനിന്നത് അമേയയുടെയും ലയയുടെയും മുഖങ്ങളിലാണ്. പത്തും പതിനാലും വയസ്സ്!
ഉള്ളിലൊരു മിന്നൽ പോലെ ആ ചിന്ത വന്നു തറഞ്ഞു. ഇന്ന് എന്റെ അമ്മുവിനും ഏതാണ്ട് ഇവരുടെ അതേ പ്രായമായിട്ടുണ്ടാകും. അവളും ഇതുപോലെ വളർന്നിട്ടുണ്ടാകും. ആ അന്യനാട്ടിലിരുന്ന് അവൾക്കിന്ന് ഈ മണം ഓർമ്മയുണ്ടാവുമോ? അതോ, അവളുടെ അമ്മ അവളെക്കൊണ്ട് എന്നെ മാത്രമല്ല, എൻ്റെ ഈ മണത്തെക്കൂടി മായ്ച്ചു കളയിച്ചിട്ടുണ്ടാകുമോ? വഴിയിൽ എവിടെയെങ്കിലും വെച്ച് ഈ പെർഫ്യൂമിന്റെ മണം കാറ്റിൽ ഒഴുകിവരുമ്പോൾ, 'അപ്പായീടെ മണം' എന്ന് പണ്ട് പറഞ്ഞതുപോലെ അവളൊന്ന് തിരിഞ്ഞുനോക്കുമോ? അതോ ആരോ പകർന്നുനൽകിയ വെറുപ്പിന്റെ ഭാരത്തിൽ അതൊരു അപരിചിത ഗന്ധമായി അവളെ. കടന്നുപോയിട്ടുണ്ടാകുമോ?
കണ്ണിൽ വല്ലാത്തൊരു നീറ്റൽ പടർന്നു. ഒരു തുള്ളി കണ്ണീര് പുറത്തേക്ക് ചാടാൻ വെമ്പി നിൽക്കുന്നുണ്ടായിരുന്നു. ആരും കാണാതെ, തലയൊന്ന് വെട്ടിച്ച് കണ്ണിന്റെ തുമ്പ് ഞാൻ വിരലുകൊണ്ട് അമർത്തിത്തുടച്ചു. എന്നിട്ട് ഒരു ചിരി വരുത്തിത്തീർത്തു.
"ഏയ്... ഒന്നുമില്ലെടാ. ഈ മണം വെച്ച് നിങ്ങൾ എന്നെ കണ്ടുപിടിച്ചല്ലോ ന്ന് ആലോചിച്ചതാ."
"ഞങ്ങൾക്ക് സ്മെല്ലിങ് പവർ കൂടുതലാണെന്ന് മമ്മ പറയും," ലയ വിജയഭാവത്തിൽ മീരേച്ചിയെ നോക്കി ചിരിച്ചു.
"അതൊക്കെ അവിടെ നിക്കട്ടെ... വാ., നമുക്ക് ഐസ്ക്രീം കഴിക്കാം..
"യെസ്!" രണ്ടുപേരും ഒന്നിച്ച് സന്തോഷത്തോടെ ഒച്ചവെച്ചു.
ലയ എന്റെ ഇടതുകൈ മുറുകെപ്പിടിച്ചു, അമേയ എന്റെ വലതുതോളിലേക്ക് ചാഞ്ഞ് ചേർന്നുനിന്നു. വർഷങ്ങൾക്ക് മുൻപ് എവിടെയോ വെച്ച് അറ്റുപോയ എന്റെ പിതൃത്വത്തിന്റെ ശൂന്യതയെ, ആ രണ്ടു പെൺകുട്ടികൾ അവരുടെ സാമീപ്യം കൊണ്ട് പെട്ടെന്ന് തുന്നിച്ചേർക്കാൻ ശ്രമിക്കുന്നതുപോലെ തോന്നി. അവരുടെ തലമുടിയിലെ ഷാംപൂവിന്റെ മണവും ആ കുട്ടിത്തത്തിന്റെ മണവും എനിക്കരികിൽ വന്നുനിറഞ്ഞു.
ഫുഡ് കൗണ്ടറിലേക്ക് നടക്കുമ്പോഴും എന്റെ വിരലുകൾ ആ കുഞ്ഞുവിരലുകളെ അറിയാതെ മുറുക്കിപ്പിടിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ കൈവിട്ടുപോയ എന്തോ ഒന്നിനെ ഇനി തിരിച്ചുവിടില്ലെന്ന വാശിപോലെ...!!
മനുഷ്യർ നമ്മളെ വിട്ടുപോകും. കാലം പലരെയും നമ്മളിൽ നിന്ന് പറിച്ചെറിയും. പക്ഷേ, നമ്മൾ ജീവനുതുല്യം സ്നേഹിച്ചവരും നമ്മളെ സ്നേഹിച്ചവരും നമ്മുടെ വസ്ത്രങ്ങളിലും ശ്വാസത്തിലും അടയാളപ്പെടുത്തി വെച്ചുപോയ ചില മണങ്ങളുണ്ട്. അതങ്ങനെ മരണത്തോളവും മായാതെ കിടക്കും. ഏതോ ഒരു നിമിഷത്തിൽ, ആരും പ്രതീക്ഷിക്കാത്ത നേരത്ത്, ഇതുപോലെ കുട്ടികളുടെ ഒരു വാക്കോ കളിയോ ആയി വന്ന് നമ്മളെ വീണ്ടും അടിമുടി ഉലച്ചുകളയാൻ മാത്രം!

No comments:
Post a Comment
അഭിപ്രായം രേഖപ്പെടുത്തുക